കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ രാത്രിയാത്ര ദുരിതം

കണ്ണൂര്‍: രാത്രികാലങ്ങളില്‍ തലശ്ശേരി, കോഴിക്കോട് ഭാഗത്തേക്ക് ബസ് കിട്ടാതെ യാത്രക്കാര്‍ വലയുന്നു. രാത്രി എട്ടിനു ശേഷം നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്കാണു ദുരിതം. മണിക്കൂറുകളോളം ബസ്സിനു കാത്തുനില്‍ക്കേണ്ട അവസ്ഥയാണ്. 8.30 കഴിഞ്ഞാല്‍ സ്വകാര്യബസ്സുകള്‍ തീരെയില്ല. ഈ സമയം തലശ്ശേരിക്ക് പോവേണ്ട സ്വകാര്യബസ്സാവട്ടെ എല്ലായ്‌പോഴും ഉണ്ടാവുന്നില്ല. ഒരുദിവസം ഓടിയാല്‍ അടുത്ത ദിവസം കാണില്ല. ബസ് വരാനുണ്ടെന്നു കരുതി കാത്തുനില്‍ക്കുന്നവര്‍ നിന്നിടത്തു തന്നെയാവും. 8.45ന് കോഴിക്കോട്ടേക്ക് പോവേണ്ട ബസ് നാളുകളായി അവസാന ട്രിപ്പ് ഒഴിവാക്കിയതാണു തിരിച്ചടിയായത്. നേരത്തെ രാത്രി ഒമ്പതുമുതല്‍ 12.10 വരെ വ്യത്യസ്ത സമയങ്ങളിലായി കോഴിക്കോട് ഭാഗത്തേക്ക് കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നടത്തിയിരുന്നു. കെഎസ്ആര്‍ടിസിക്കും സ്വകാര്യ ബസ്സുകളുടേതു പോലെ സമയകൃത്യത ഇല്ലാതായതാണ് യാത്രക്കാര്‍ ദുരിതത്തിലാവാന്‍ കാരണം. വൈകിയെത്തുന്ന ബസ്സുകളാവട്ടെ തലശ്ശേരി ഉള്‍പ്പെടെയുള്ള പ്രധാന സ്റ്റോപ്പുകളില്‍ പോലും നിര്‍ത്തുന്നില്ലെന്നും പരാതിയുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള 12.10ന്റെ ബസ്സാണ് ഇവരുടെയെല്ലാം ആശ്രയം. ട്രെയിനിനും മറ്റും നഗരത്തിലെത്തുന്നവരാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നം അഭിമുഖീകരിക്കുന്നത്. ദൂരെ ദിക്കുകളിലേക്ക് ഓട്ടോറിക്ഷയോ ടാക്‌സിയോ പിടിക്കേണ്ട അവസ്ഥ. സ്ത്രീകളോ പെണ്‍കുട്ടികളോ ഒറ്റപ്പെട്ടു പോയാല്‍ വീട്ടിലെത്താന്‍ ആശങ്കപ്പെടുന്നു. കണ്ണൂരില്‍ 9.30നെത്തുന്ന മംഗലാപുരം-തിരുവനന്തപുരം മലബാര്‍, 10.30ന് എത്തുന്ന ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ്, 12.35ന് എത്തുന്ന മംഗലാപുരം-ചെന്നൈ വെസ്റ്റ് കോസ്റ്റ്, 1.30ന് എത്തുന്ന ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിന്‍ യാത്രക്കാര്‍ വീട്ടിലെത്താന്‍ പെടാപ്പാടു പെടുകയാണ്. വാഹനം കിട്ടാതെ നഗരത്തില്‍ അന്തിയുറങ്ങേണ്ട അവസ്ഥ പോലും ഉണ്ടായതായി യാത്രക്കാര്‍ പറയുന്നു. പുരുഷന്‍മാര്‍ പലപ്പോഴും ചരക്കുലോറികളുടെയും മറ്റു വാഹനങ്ങളുടെയും കനിവിലാണ് വീട്ടിലെത്തുന്നത്. പലരും കടത്തിണ്ണകളിലും മറ്റും ഇരുന്നുറങ്ങി നേരംവെളുപ്പിക്കുന്നതും സ്ഥിരം കാഴ്ചയാണ്.

RELATED STORIES

Share it
Top