കണ്ണൂര്‍ കോട്ടക്കുന്നില്‍ ബൈപാസ് സര്‍വേ തടഞ്ഞു

കണ്ണൂര്‍: വെങ്ങളം-കണ്ണൂര്‍ ബൈപാസ് പദ്ധതിയുടെ ഭാഗമായ ചിറക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ റോഡിനു വേണ്ടി സ്ഥലമളക്കാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വീണ്ടും തടഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ 25ഓളം സമരക്കാരെ പോലിസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. തുടര്‍ന്ന് പോലിസ് കാവലില്‍ സര്‍വേ നടത്തി.
ഇന്നലെ രാവിലെ 9.30ഓടെയാണു സംഭവം. യാതൊരു അറിയിപ്പും ഇല്ലാതെയാണ് റവന്യൂ വകുപ്പിലെയും ദേശീയപാത അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ വന്‍ പോലിസ് സന്നാഹത്തോടെ സര്‍വേയ്ക്ക് എത്തിയത്. സ്ത്രീകളും കുട്ടികളും അടക്കമുള്ള സമരക്കാര്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധം തുടര്‍ന്നതോടെ കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എന്‍ എം കോയ, ഖജാഞ്ചി സഹധര്‍മന്‍, ഡിസിസി ജനറല്‍ സെക്രട്ടറി രാജീവന്‍ എളയാവൂര്‍, എസ്ഡിപിഐ പ്രവര്‍ത്തകന്‍ നവാസ് തുടങ്ങിയവരെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് സര്‍വേ നടപടികള്‍ ആരംഭിച്ചത്. അറസ്റ്റിലായ സമരക്കാരെ വൈകീട്ടോടെ വിട്ടയച്ചു.
സര്‍വേ ഇന്നും തുടരും. മുന്‍ അലൈന്‍മെന്റില്‍ നിന്നുള്ള അശാസ്ത്രീയ മാറ്റം ഒഴിവാക്കി ജനവാസം കുറഞ്ഞ ഇടങ്ങളിലൂടെ അലൈന്‍മെന്റ് കണ്ടെത്തുക, നിലവിലുള്ള ദേശീയപാതകള്‍ വികസിപ്പിച്ച് വികസനപ്രവൃത്തികള്‍ പൂര്‍ത്തിയാക്കുക, വികസന പദ്ധതികള്‍ ജനദ്രോഹകരമല്ലാതാക്കുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലും ഇവിടെ സര്‍വേ തടഞ്ഞിരുന്നു. ദേശീയപാത 17ല്‍ തലപ്പാടി-കണ്ണൂര്‍ (130 കി.മീ), കണ്ണൂര്‍-വെങ്ങളം (82 കി.മീ) എന്നിവയാണ് മേഖലയിലൂടെ കടന്നുപോവുന്നത്. ഇതില്‍ വളപട്ടണം ചുങ്കത്ത് നിന്നാരംഭിച്ച് താഴെചൊവ്വയില്‍ ചേരുന്നതാണ് കണ്ണൂര്‍ ബൈപാസ്.

RELATED STORIES

Share it
Top