കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജ് പ്രവേശനം; ഓര്‍ഡിനന്‍സ് റദ്ദാക്കി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ വിദ്യാര്‍ഥികളുടെ പ്രവേശനം തടഞ്ഞ നടപടി മറികടക്കാനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രിംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹരജിയില്‍ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
വിദ്യാര്‍ഥികളുടെ ഭാവി പരിഗണിച്ചാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സര്‍ക്കാര്‍ വാദം തള്ളിയാണ് കോടതി ഉത്തരവ്. ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമാണെന്നും കോടതിയുടെ അധികാരത്തില്‍ കൈകടത്തുന്നതാണെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അതേസമയം, വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ തുറന്ന കോടതിയില്‍ ബെഞ്ച് ഇന്നലെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കോടതിവിധികള്‍ മറികടക്കാന്‍ നടപടിക്രമങ്ങളില്‍ അട്ടിമറി നടത്തിയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. കോടതിയുടെ അധികാരത്തിലും പ്രവര്‍ത്തനങ്ങളിലുമുള്ള കടന്നുകയറ്റമാണിത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രിംകോടതി ഏപ്രിലില്‍ തന്നെ ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തിരുന്നു.
സ്വകാര്യ ട്രസ്റ്റുകള്‍ക്കു കീഴില്‍ നടത്തുന്ന കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 2016-17 വര്‍ഷത്തെ എംബിബിഎസ് പ്രവേശനം മേല്‍നോട്ട സമിതി റദ്ദാക്കിയിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരേ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിരുന്നില്ല. രണ്ടു കോളജുകള്‍ക്കും ഒരു ലക്ഷം രൂപ വീതം പിഴയും ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരായ അപ്പീല്‍ തള്ളി കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് പ്രവേശനം റദ്ദാക്കിയ നടപടി സുപ്രിംകോടതി ശരിവച്ചത്. വിദ്യാര്‍ഥികള്‍ നല്‍കിയ പുനപ്പരിശോധനാ ഹരജിയും തള്ളിയിരുന്നു.
ഇതിനുശേഷമാണ് രണ്ടു കോളജുകളിലെയും പ്രവേശനം ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. കോടതിവിധി മറികടക്കാനാണ് ഓര്‍ഡിനന്‍സ് എന്നും പ്രവേശനത്തിലെ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നുമായിരുന്നു മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വാദിച്ചത്. പ്രവേശനം സുപ്രിംകോടതി റദ്ദാക്കിയതിന് തൊട്ടുപിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ 'കേരള പ്രഫഷനല്‍ കോളജസ് (മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്തല്‍) ഓര്‍ഡിനന്‍സ് 2017' ഇറക്കിയത്.
ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ പി സദാശിവം തയ്യാറായിരുന്നില്ല. ഒപ്പുവയ്ക്കാന്‍ ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും സുപ്രിംകോടതി തള്ളിയിരുന്നു.

RELATED STORIES

Share it
Top