കണ്ണൂര്‍ കന്റോണ്‍മെന്റിലെ പ്രശ്‌നങ്ങള്‍ ഉന്നതതല യോഗത്തില്‍ ചര്‍ച്ചയായി

കണ്ണൂര്‍:   രാജ്യത്തെ കന്റോണ്‍മെന്റ് മേഖലകളില്‍ സൈന്യവും പൊതുജനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രാലയം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ കണ്ണൂര്‍ വിഷയവും ചര്‍ച്ചയായി.
കണ്ണൂര്‍ കന്റോണ്‍മെന്റ് മേഖലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ എംപിമാരായ പി കെ ശ്രീമതിയും പി കെ രാഗേഷും ശ്രദ്ധയില്‍പ്പെടുത്തി. കന്റോണ്‍മെ ന്റ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. കാലങ്ങളായി ഉപയോഗിക്കുന്ന വഴികള്‍ പലതും കന്റോണ്‍മെന്റ് അധികൃതര്‍ മുള്ളുവേലി കെട്ടിയടച്ചത് മൂലം കടുത്ത ബുദ്ധിമുട്ടിലാണ് ജനങ്ങള്‍. ആളുകള്‍ പതിവായി ഉപയോഗിച്ചിരുന്ന നടപ്പാതകള്‍ പോലും അടച്ചു. ജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പാക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് ബാധ്യതയുണ്ട്. മേഖലയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നിരവധി കടകള്‍ ഒഴിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.
ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് കന്റോ ണ്‍മെന്റ് അധികൃതര്‍ പിന്‍വാങ്ങണം. നിലവില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കാണ് ബോര്‍ഡുകളില്‍ ആധിപത്യം. ഈ ഘടനയില്‍ മാറ്റംവരുത്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ജില്ലാ ആശുപത്രിക്ക് സമീപം കന്റോണ്‍മെന്റ് പരിധിയിലെ 36 കച്ചവടക്കാരെ ഒഴിപ്പിക്കാനും കടമുറികള്‍ ലേലം ചെയ്യാനുമുള്ള പട്ടാളത്തിന്റെ തീരുമാനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും എംപിമാരും പങ്കെടുത്ത ബോര്‍ഡ് യോഗം വോട്ടിനിട്ട് തള്ളിയിരുന്നു.
ഇതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് രാജ്യത്തെ കന്റോണ്‍മെന്റുകളെ പ്രതിനിധീകരിക്കുന്ന എംപിമാരുടെയും കന്റോണ്‍മെന്റ് ബോ ര്‍ഡ് വൈസ് പ്രസിഡന്റുമാരുടെയും യോഗം വിളിച്ചുചേര്‍ത്തത്. മന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top