കണ്ണൂരില്‍ 200ലേറെ പേര്‍ക്ക് ഇന്ന് പട്ടയം വിതരണം ചെയ്യുംകണ്ണൂര്‍:  ജില്ലയില്‍ ഇരുനൂറിലേറെ ഭൂരഹിതര്‍ക്ക് ഇന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയം വിതരണം ചെയ്യും. രാവിലെ 11ന്കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് ഓഡിറ്റോറിയത്തിലും വൈകീട്ട് മൂന്നിന്പടിയൂര്‍ ടൗണിലുമാണ് പട്ടയവിതരണ മേളകള്‍.  ആലപ്പടമ്പ് വെളിച്ചംതോട് കോളനിയിലെ മിച്ചഭൂമി കൈവശംവച്ചുവരുന്ന 61 പേര്‍ക്കും വെളളൂര്‍ വില്ലേജില്‍ രണ്ടുപേര്‍ക്കുമാണ് പട്ടയം ലഭിക്കുക. എരമം വില്ലേജില്‍ മിച്ചഭൂമി കൈവശം വച്ചുവരുന്ന 61 പേരില്‍നിന്ന് ഭൂനികുതി സ്വീകരിക്കുകയും ബന്ധപ്പെട്ട രേഖകള്‍ നല്‍കുകയും  ചെയ്യും. വെള്ളോറ വില്ലേജില്‍ 60 പേര്‍ക്ക് പട്ടയം നല്‍കുന്നതിന്റെ മുന്നോടിയായി ഭൂമി പതിച്ചു നല്‍കുന്നതിനുള്ള ഓഫര്‍ ഓഫ് അസൈന്‍മെന്റും ചടങ്ങില്‍ നല്‍കും. ഇതിനുപുറമെ, പയ്യന്നൂരില്‍ ഉത്തരവായ 48 ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്യും. ചടങ്ങില്‍ സി കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഇരിട്ടി താലൂക്കിലെ പടിയൂര്‍ വില്ലേജില്‍ ആര്യങ്കോട് പ്രദേശത്ത് താമസിച്ചുവരുന്ന 64 കൈവശക്കാര്‍ക്കാണ് ഇവിടെ നടക്കുന്ന ചടങ്ങില്‍ മന്ത്രി പട്ടയം വിതരണം ചെയ്യുന്നത്. കാക്കയങ്ങാട്ട് റോഡരികില്‍ താമസിക്കുന്ന രണ്ടു പട്ടികജാതി സഹോദരിമാര്‍ക്കും മൂന്നുസെന്റ് വീതം ഭൂമി നല്‍കും. 10 ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും മേളയില്‍ വിതരണം ചെയ്യും. പടിയൂരില്‍ നടക്കുന്ന പട്ടയമേളയില്‍ ഇ പി ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഭൂരഹിതരോ നാമമാത്രമായ ഭൂമി കൈവശംവക്കുന്നവരോ ആയ ദരിദ്രകര്‍ഷകരുടെ ഭൂപ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് വര്‍ഷങ്ങളായി തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാതിരുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നത്. സര്‍ക്കാര്‍ ഏറ്റെടുത്ത മിച്ചഭൂമിയില്‍ ഒരേക്കറില്‍ മാത്രം താഴെ ഭൂമി കൈവശംവച്ചുവരുന്ന അര്‍ഹരായ കൈവശക്കാര്‍ക്ക് പതിച്ചുനല്‍കിക്കൊണ്ടാണ് ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നത്.

RELATED STORIES

Share it
Top