കണ്ണൂരില്‍ ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷണം പിടികൂടി

കണ്ണൂര്‍: നഗരത്തിലെ വന്‍കിട ഹോട്ടലുകളില്‍ ഉള്‍പ്പെടെ വ്യാപക റെയ്ഡ്. കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടികൂടി. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനടുത്ത എം ആര്‍ എ റസ്‌റ്റോറന്റ്, സ്വാമി മഠം റോഡിലെ കൈപുണ്യം, താളിക്കാവ് റോഡിലെ ശ്രീ വൈഷ്ണവ്, പി വി എസ് ബാറിനടുത്ത കിസ്മത്ത് എന്നീ ഹോട്ടലുകളില്‍നിന്നും സ്‌നാക്‌സ് കോര്‍ണര്‍ എന്ന കടയില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടികൂടിയത്.
പഴകിയ ചപ്പാത്തി, പൊറോട്ട, ചിക്കന്‍ കറി, ബീഫ് കറി, ബിരിയാണി, കുഴിമന്തി, കൂന്തല്‍ ഫ്രൈ, മസാലക്കൂട്ടുകള്‍, വെളിച്ചെണ്ണ, വിവിധയിനം ജ്യൂസുകള്‍, ഉപയോഗ തിയ്യതി കഴിഞ്ഞ പാല്‍ എന്നിവ പിടിച്ചെടുത്തു. ഫ്രിഡ്ജിലും ഫ്രീസറിലും പകുതി വേവിച്ച ഇറച്ചികള്‍, പാകം ചെയ്ത കറികള്‍, ബിരിയാണി, ചപ്പാത്തി എന്നിവ സൂക്ഷിച്ച നിലയിലായിരുന്നു. ഇവയ്ക്ക് ഒരാഴ്ചയോളം പഴക്കം വരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പല ഹോട്ടലുകളിലും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. കണ്ണൂര്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ അഡ്വ. പി ഇന്ദിര പ്രേമാനന്ദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അതേസമയം, എം ആര്‍ എ റസ്റ്റോറന്റ് അധികൃതര്‍ പരിശോധനയോട് സഹകരിച്ചില്ലെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. പഴകിയതാണെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ട ഭക്ഷണ പദാര്‍ഥങ്ങള്‍ക്ക് പഴക്കമില്ലെന്നായിരുന്നു ഇവരുടെ വാദം. ഉദ്യോഗസ്ഥരോട് വാക്തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഹോട്ടല്‍ നടത്തിപ്പുകാര്‍ മഹസര്‍ റിപോര്‍ട്ട് കൈപറ്റാന്‍ തയ്യാറായില്ല.
ഒടുവില്‍ റിപോര്‍ട്ട് ചുമരില്‍ പതിച്ചാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. മറുപടി സത്യവാങ്മൂലം നല്‍കാന്‍ ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അഡ്വ. പി ഇന്ദിര പ്രേമാനന്ദ് പറഞ്ഞു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ പി അനില്‍കുമാര്‍, കെ പ്രമോദ്, എസ് ഷഹീദ, റഷീദ മഹലില്‍ എന്നിവരും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സി ഹംസ, എന്‍ എസ് കൃഷ്ണന്‍, എം വി സജിത എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top