കണ്ണൂരില്‍ സമാധാന യോഗത്തിനിടെ വാക്കേറ്റം;യുഡിഎഫ് ബഹിഷ്‌കരിച്ചു

കണ്ണൂര്‍: ശുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തില്‍ വാക്കേറ്റം. പ്രതിപക്ഷ എംഎല്‍എമാരെ വിളിച്ചില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കള്‍ ബഹളം വക്കുകയായിരുന്നു.മന്ത്രി എകെ ബാലന്റെ അധ്യക്ഷതയിലാണ് യോഗം വിളിച്ചു ചേര്‍ത്തത്. യോഗ നടപടികള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ യുഡിഎഫ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. യുഡിഎഫ് ജനപ്രതിനിധികളെ യോഗത്തിന് വിളിക്കാത്തതും സിപിഎം പ്രതിനിധിയായ കെകെ രാഗേഷ് എംപിയെ ഡയസില്‍ ഇരുത്തിയതും യുഡിഎഫ് നേതാക്കളെ പ്രകോപിപ്പിച്ചു. യുഡിഎഫ് എംഎല്‍എമാകെ പങ്കെടുപ്പിക്കാതിരിക്കുന്നതിനെ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ചോദ്യം ചെയ്തു. തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും പാച്ചേനിയും തമ്മില്‍ യോഗത്തില്‍ വാക്കേറ്റമുണ്ടായി.
ജനപ്രതിനിധികളുടെ യോഗമല്ല പാര്‍ട്ടി പ്രതിനിധികളുടെ യോഗമാണ് വിളിച്ചതെന്ന് യോഗത്തിന് നേതൃത്വം നല്‍കിയ മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. പിന്നെ എങ്ങിനെയാണ് രാഗേഷ് പങ്കെടുക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ചോദിച്ചു. അത് പാര്‍ട്ടി പ്രതിനിധിയായിട്ടാണെന്ന് മന്ത്രി വിശദീകരിച്ചു.
ജനപ്രതിനിധികളെ യോഗത്തില്‍ വിളിച്ചില്ലെന്ന് യോഗത്തിന് നേതൃത്വം നല്‍കിയ മന്ത്രി എ.കെ ബാലന്‍ അറിയിച്ചതോടെ വാക്ക് തര്‍ക്കം രൂക്ഷമാവുകയായിരുന്നു. സംഭവത്തെ ചോദ്യം ചെയ്ത് പുറത്ത് നില്‍ക്കുകയായിരന്ന യു.ഡി.എഫ് എം.എല്‍.എമാരായ കെ.എ ഷാജി, സണ്ണിജോസഫ്, കെ.സി ജോസഫ് എന്നിവര്‍ ഈ സമയത്ത് യോഗ സ്ഥലത്തേക്ക് പ്രവേശിച്ച് തങ്ങളെ വിളിക്കാത്തതില്‍ പ്രതിഷേധം അറിയിച്ചു.
സതീഷന്‍ പാച്ചേനിയുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി പറയുന്നിതിന് പകരം പി.ജയരാജന്‍ മറുപടി പറഞ്ഞത് തര്‍ക്കം വഷളാക്കി. തുടര്‍ന്ന് യു.ഡി.എഫ് യോഗം ബഹിഷ്‌കരിക്കുകയും ചെയ്തു.
മുന്‍കൂട്ടി തീരുമാനിച്ച നാടകമാണ് സര്‍വ്വകക്ഷിയോഗത്തില്‍ യുഡിഎഫ് അവതരിപ്പിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു.

RELATED STORIES

Share it
Top