കണ്ണൂരില്‍ വയോധികയ്ക്ക് ക്രൂരമര്‍ദനം; ചെറുമകള്‍ക്കെതിരേ കേസ്‌

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനിലെ ആയിക്കരയില്‍ വയോധികയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ചെറുമകള്‍ക്കെതിരേ സിറ്റി പോലിസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. ഉപ്പാലവളപ്പില്‍ ദീപയ്‌ക്കെതിരേയാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
95കാരിയായ മുത്തശ്ശി കല്യാണിയെ ദീപ ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദീപയുടെ മാതാവ് ജാനകി(75)യുടെ അമ്മയാണ് കല്യാണി. ക്രൂരമായ മര്‍ദനമേറ്റ ഇവര്‍ സഹായത്തിനായി നിലവിളിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതു തടയാനെത്തിയ അയല്‍വാസികളോട്, വേണമെങ്കില്‍ കേസ് കൊടുക്കൂവെന്ന് ദീപ ആക്രോശിക്കുന്നുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ച ദീപയും രണ്ട് കുട്ടികളും അമ്മയും മുത്തശ്ശിയുമാണ് ഈ വീട്ടിലെ താമസക്കാര്‍. തയ്യല്‍ജോലി ചെയ്താണ് ദീപ കുടുംബം പോറ്റുന്നത്. ഇവരും മാനസിക പ്രശ്‌നങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായി പോലിസ് പറയുന്നു. ഈ നിലയില്‍ വയോധികയെ ഉപദ്രവിക്കുകയായിരുന്നുവെന്നും സംശയമുണ്ട്.
സംഭവം വിവാദമായതോടെ പോലിസും ആരോഗ്യവകുപ്പ് അധികൃതരും ഇന്നലെ വീട്ടിലെത്തി വയോധികയുടെ മൊഴിയെടുത്തു. തുടര്‍ന്നാണു കേസ് രജിസ്റ്റര്‍ ചെയ്തത്. കല്യാണിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഭക്ഷണവും വസ്ത്രവും നല്‍കിയ ശേഷം ഇവരെ അത്താണി എന്ന സന്നദ്ധ സംഘടന നടത്തുന്ന വൃദ്ധസദനത്തിലേക്കു മാറ്റി. അതേസമയം, ദീപയ്‌ക്കെതിരേ കേസെടുത്ത് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
ജില്ലാ പോലിസ് മേധാവി അന്വേഷണം നടത്തി വിശദമായ റിപോര്‍ട്ട് ഒരുമാസത്തിനകം ഹാജരാക്കാന്‍ കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കി. കണ്ണൂര്‍ ആര്‍ഡിഒയും അന്വേഷിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കണം. ഡോ. പി കെ ഷാഹുല്‍ ഹമീദാണ് കമ്മീഷനില്‍ പരാതി നല്‍കിയത്. കണ്ണൂരില്‍ നടക്കുന്ന സിറ്റിങില്‍ കേസ് പരിഗണിക്കും. അതിനിടെ, വനിതാ കമ്മീഷനംഗം ഇ എം രാധ വ്യാഴാഴ്ച കല്യാണിയുടെ വീട് സന്ദര്‍ശിക്കും. പോലിസും ഉദ്യോഗസ്ഥരും സ്വീകരിച്ച നടപടികള്‍ പരിശോധിക്കാന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈന്‍ നിര്‍ദേശം നല്‍കി.

RELATED STORIES

Share it
Top