കണ്ണൂരില്‍ ലീഗ് നേതാവിനെതിരേ വനിതാ നേതാവിന്റെ പരാതി

കണ്ണൂര്‍: കണ്ണൂരില്‍ മുസ്്‌ലിംലീഗ് നേതാവിനെതിരേ വനിതാ ലീഗ് നേതാവിന്റെ പരാതി. മുസ്്‌ലിംലീഗ് അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ കോര്‍പറേഷനിലെ കക്കാട് ഡിവിഷന്‍ കൗണ്‍സിലറുമായ കെ പി എ സലീമിനെതിരേയാണ് വനിതാ ലീഗ് നേതാവും പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തംഗവുമായ യുവതി ഇക്കഴിഞ്ഞ ആഗസ്ത് 28നു പരാതി നല്‍കിയത്. സലീം തന്നെ മറ്റൊരു തലത്തിലാണ് കണ്ടതെന്നും പല രാത്രികളിലും ദുരുദ്ധേശ്യത്തോടെ വീട്ടില്‍ വന്നതായും പരാതിയില്‍ വ്യക്തമാക്കുന്നു. ഉദ്ദേശ്യം നടക്കാതായപ്പോള്‍ വാര്‍ഡിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്നെ സഹായിച്ച പഞ്ചായത്ത് മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് വി കെ ജാബിറിനെയും ചേര്‍ത്ത് അപവാദങ്ങള്‍ പ്രചരിപ്പിച്ചെന്നും ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിക്കുകയും ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. വനിതാലീഗ് ജില്ലാ പ്രവര്‍ത്തക സമിതിയംഗവും അഴീക്കോട് മണ്ഡലം പ്രതിനിധിയും പാപ്പിനിശ്ശേരി ഗ്രാമപ്പഞ്ചായത്തംഗവുമായ യുവതിയാണ് പരാതിക്കാരി. തന്റെ ഔദ്യോഗിക ലെറ്റര്‍ പാഡില്‍ മുസ്്‌ലിംലീഗ് ജില്ലാ കമ്മിറ്റി, അഴീക്കോട് മണ്ഡലം കമ്മിറ്റി, പാപ്പിനിശ്ശേരി പഞ്ചായത്ത് കമ്മിറ്റി, വനിതാ ലീഗ് ജില്ലാ കമ്മിറ്റി, മണ്ഡലം കമ്മിറ്റി എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് മുസ്്‌ലിംലീഗ് മണ്ഡലം കമ്മിറ്റി അഞ്ചംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. അഴീക്കോട് മണ്ഡലം പ്രസിഡന്റ് കെ വി ഹാരിസ് എന്നിവരടങ്ങിയ സമിതിയുടെ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്നു കണ്ടെത്തിയെങ്കിലും പ്രത്യക്ഷ നടപടിയൊന്നും എടുത്തിട്ടില്ല. വിഷയത്തില്‍ അന്വേഷണ കമ്മീഷന്‍ പത്തോളം പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയതായാണു വിവരം. അതേസമയം, ജില്ലാ നേതൃത്വത്തിലുള്ള മറ്റു നേതാക്കള്‍ക്കെതിരേയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ നടപടിയെടുക്കാത്തതിനാല്‍ സലീമിനെതിരേ നടപടിയെടുക്കുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോര്‍പറേഷനിലെ തന്നെ മറ്റൊരു നേതാവിനു മര്‍ദ്ദനമേറ്റ സംഭവം ഒതുക്കിത്തീര്‍ക്കുകയും പാര്‍ട്ടിയുടെ സ്ഥാപനങ്ങളിലെ സ്ഥാനത്തുനിന്ന് ഒഴിവാക്കുകയും മാത്രമാണു ചെയ്തത്. സ്ത്രീവിഷയത്തില്‍ മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിട്ടും പ്രസ്തുത നേതാവ് പരാതി നല്‍കാന്‍ തയ്യാറാവാതെ വിഷയം ഒതുക്കുകയായിരുന്നു. സലീമിനെതിരേ നടപടിയെടുത്താല്‍ ഈ വിഷയവും വീണ്ടും ചര്‍ച്ചയാവുമെന്നതും നേതൃത്വത്തെ അലട്ടുന്നുണ്ട്. എന്നാല്‍, പാപ്പിനിശ്ശേരി മേഖലയില്‍ നിന്നുള്ള യൂത്ത് ലീഗ് നേതൃത്വം ഉള്‍പ്പെടെ സലീമിനെതിരേ നടപടി വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയില്ലെങ്കില്‍ യുവതി പോലിസില്‍ പരാതി നല്‍കാനാണ് ഒരുങ്ങുന്നത്. എന്നാല്‍ പരാതിയില്‍ നടപടിയില്ല എന്നത് തെറ്റാണെന്നും പാര്‍ട്ടിക്കു നല്‍കിയ പരാതി പുറത്തായതു എങ്ങനെയാണെന്ന് അന്വേഷിക്കുമെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചിട്ടില്ലെന്നു വനിതാലീഗ് ജില്ലാ പ്രസിഡന്റ് സി സീനത്ത് പറഞ്ഞു.

RELATED STORIES

Share it
Top