കണ്ണൂരില്‍ യാത്രാവിമാനം ഇറങ്ങി; ലൈസന്‍സ് ഒരാഴ്ചയ്ക്കകം

എ ടി സുബൈര്‍

മട്ടന്നൂര്‍: ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പരിശോധനയുടെ ഭാഗമായി മൂര്‍ഖന്‍പറമ്പിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേയില്‍ വലിയ യാത്രാവിമാനം പറന്നിറങ്ങി. എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ 189 സീറ്റുള്ള ബോയിങ് 737/800 വിമാനമാണ് പരീക്ഷണപ്പറക്കലിനായി ഇറക്കിയത്. തിരുവനന്തപുരത്തു നിന്ന് ഇന്നലെ രാവിലെ 9.45ന് പുറപ്പെട്ട് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള റണ്‍വേയില്‍ 11.38നാണ് ഇറങ്ങിയത്.
തുടര്‍ന്ന് പറന്നുയര്‍ന്ന വിമാനം ഇന്‍സ്ട്രുമെന്റ് ലാന്‍ഡിങ് സിസ്റ്റം (ഐഎല്‍എസ്) സജ്ജമാക്കിയ 25, 07 എന്നീ രണ്ടു റണ്‍വേകളിലും മൂന്നുതവണ വീതം ലാന്‍ഡിങ് നടത്തി. പരീക്ഷണപ്പറക്കല്‍ മൂന്നു മണിക്കൂറോളം തുടര്‍ന്നു. ക്യാപ്റ്റന്‍മാരായ കെ ശ്രീനിവാസ റാവു, അരവിന്ദ് കുമാര്‍, കാബിന്‍ ക്രൂ സെയ്‌ന മോഹന്‍, ഡിജിസിഎ ഉദ്യോഗസ്ഥന്‍, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ രണ്ട് എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാര്‍ എന്നിവരടക്കം 10 പേരാണു വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് വിമാനം ഉച്ചയ്ക്ക് 12.59ന് തിരുവനന്തപുരത്തേക്ക് പറന്നുയര്‍ന്നു. വിമാനത്താവളത്തിന് അന്തിമാനുമതി ലഭിക്കാനുള്ള അവസാന കടമ്പയാണിത്.
വിമാനത്താവളത്തിന് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡിജിസിഎ നടത്തുന്ന പരിശോധന ഇതോടെ പൂര്‍ത്തിയായി. വിമാനം വിജയകരമായി ഇറക്കി ഡിജിസിഎ റിപോര്‍ട്ട് നല്‍കിയശേഷമാവും അന്തിമാനുമതി നല്‍കുക. ഈയാഴ്ച തന്നെ ഇതു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കിയാല്‍ അധികൃതര്‍ അറിയിച്ചു. ലൈസന്‍സിനുള്ള നടപടിക്രമങ്ങള്‍ ഈയാഴ്ച തന്നെ പൂര്‍ത്തീകരിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ കിയാലിന് ഉറപ്പുനല്‍കിയിട്ടുണ്ട്.
ഒക്‌ടോബര്‍ അവസാനം വിമാനത്താവളം ഉദ്ഘാടനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. നവംബര്‍ മുതല്‍ സര്‍വീസുകള്‍ തുടങ്ങാനാണ് ആലോചന.

RELATED STORIES

Share it
Top