കണ്ണൂരില്‍ മാലിന്യം കത്തിക്കവെ ബോംബ് പൊട്ടി സ്ത്രീക്കു പരിക്ക്

കണ്ണൂര്‍: മാലിന്യം കത്തിക്കുന്നതിനിടെ ബോംബ് പൊട്ടി വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. ചാലാട് ചുള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന റാണി അശോകി(47)നാണ് പരിക്കേറ്റത്. ഇരുകണ്ണുകള്‍ക്കും കാലുകള്‍ക്കും പരിക്കേറ്റ ഇവരെ എകെജി ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 9.15ഓടെ ചെത്തിയാര്‍ കാവിന് സമീപമാണ് സംഭവം. വീട് തൂത്തുവാരി മാലിന്യങ്ങള്‍ പിറകിലെ പറമ്പില്‍ കൊണ്ടുപോയി തീ കൊടുത്തപ്പോള്‍ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. റാണിയുടെ മുഖത്തും കാലിനും തീ പടര്‍ന്നു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ മതിലും ക്വാര്‍ട്ടേഴ്‌സിന്റെ ജനല്‍ച്ചില്ലുകളും തകര്‍ന്നു. തമിഴ്‌നാട് സ്വദേശിനിയായ റാണി അശോക് കുടുംബസമേതം ക്വാര്‍ട്ടേഴ്‌സില്‍ വാടകയ്ക്കു താമസിക്കുകയാണ്. ടൗണ്‍ എസ്‌ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പോലിസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.

RELATED STORIES

Share it
Top