കണ്ണൂരില്‍ പോലിസുമായി സംഘര്‍ഷം; 23 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: ഹര്‍ത്താല്‍ കണ്ണൂര്‍ നഗരത്തില്‍ സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി. ഒരുകൂട്ടം യുവാക്കള്‍ നഗരത്തിലെ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നത്തിനു കാരണം. ഏതാനും പേരെ പോലിസ് കസ്റ്റഡിയിലെടുത്ത് ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതോടെ സിറ്റി ഭാഗത്തുനിന്ന് പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ ടൗണ്‍ സ്റ്റേഷനു മുന്നില്‍ സംഘടിച്ചു.
കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട ഇവരെ കൂടുതല്‍ പോലിസെത്തി ലാത്തിവീശി വിരട്ടി. ഇതേത്തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് തള്ളിക്കയറിയ യുവാക്കളും പോലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.  ഡിവൈഎസ്പി പി പി സദാനന്ദനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും മുന്നു സിവില്‍ പോലിസ് ഓഫിസര്‍മാര്‍ക്ക് നിസാര പരിക്കേറ്റതായും പോലിസ് അറിയിച്ചു. ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടി.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് 23 പേരെ അറസ്റ്റ് ചെയ്തു. സിപിഎം, മുസ്്‌ലിംലീഗ്, എസ്ഡിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരും ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവമില്ലാത്തവരും അറസ്റ്റിലായവരിലുണ്ട്. എസ്‌ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലിസ് ഇവരെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് സ്റ്റേഷനിലും ഇവര്‍ മുദ്രാവാ ക്യം മുഴക്കി പ്രതിഷേധിച്ചു.
ഏതെങ്കിലും പാര്‍ട്ടികള്‍ക്ക് വേണ്ടിയല്ല പ്രതിഷേധമെ ന്നും എല്ലാവരുടെയും കുഞ്ഞുങ്ങള്‍ക്കു വേണ്ടിയാണെന്നും ഇവര്‍ പറഞ്ഞു. വിവരമറി ഞ്ഞ് സിപിഎം, ലീഗ്, എസ്ഡിപിഐ നേതാക്കള്‍ സ്റ്റേഷനിലെത്തി.

RELATED STORIES

Share it
Top