കണ്ണൂരില്‍ ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കുകള്‍ തുടങ്ങി

പറശ്ശിനിക്കടവ്: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാല മനശ്ശാസ്ത്ര വിഭാഗവും സാമൂഹിക നീതിവകുപ്പും സംയുക്തമായി നടപ്പാക്കുന്ന കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെന്റ് ആന്റ് റിഹാബിലിറ്റേഷന്‍ പ്രൊജക്റ്റിന്റെ(സിഡിഎംആര്‍പി) പദ്ധതിക്ക് ജില്ലയില്‍ തുടക്കും.
ജില്ലാതല ഉദ്ഘാടനം ആന്തൂര്‍ നഗരസഭയിലെ പറശ്ശിനിക്കടവ് പിഎച്ച്‌സിയിലെ ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി കെ കെ ശൈലജ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരനായ ഒമ്പതു വയസ്സുകാരന്‍ ആദിത്യന്‍ താന്‍ വരച്ച ചിത്രങ്ങള്‍ മുഖ്യമന്ത്രിക്ക് സമ്മാനമായി നല്‍കി. ജില്ലയില്‍ ആന്തൂരിന് പുറമെ പയ്യന്നൂര്‍, മട്ടന്നൂര്‍ നഗരസഭകളിലും പരിയാരം, അഴീക്കോട്,  എരഞ്ഞോളി പഞ്ചായത്തുകളിലുമായി ആറ് കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ കമ്മ്യൂണിറ്റി ബേസ്ഡ് ഡിസെബിലിറ്റി മാനേജ്‌മെന്റ് ക്ലിനിക്കുകള്‍ ആരംഭിച്ചത്.
ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, പഠന വൈകല്യം, ബഹുവിധ വൈകല്യം തുടങ്ങി ബുദ്ധി വികാസ പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെറുപ്രായത്തില്‍ തന്നെ കണ്ടെത്തി സൗജന്യമായി ചികില്‍സിക്കുകയും ഇവ ബാധിച്ച ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതാണ് പദ്ധതി.
നിലവില്‍ മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നടത്തിവരുന്ന സിഡിഎംആര്‍പി പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടമെന്ന നിലയിലാണ് കണ്ണൂര്‍ ജില്ലയിലെ ആറ് ക്ലിനിക്കുകള്‍ കൂടി ആരംഭിച്ചത്. പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രി(തിങ്കള്‍, ശനി), പരിയാരം ചുടല സാംസ്‌കാരിക നിലയം(വ്യാഴം, വെള്ളി), പറശ്ശിനിക്കടവ് പ്രാഥമികാരോഗ്യ കേന്ദ്രം(ചൊവ്വ, ബുധന്‍), അഴീക്കല്‍ ബഡ്‌സ് സ്‌കൂള്‍(ചൊവ്വ, ബുധന്‍), മട്ടന്നൂര്‍ പഴശ്ശിരാജ മെമ്മോറിയല്‍ ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍(തിങ്കള്‍, ശനി), എരഞ്ഞോളി ബഡ്‌സ് റിഹാബിലിറ്റേഷന്‍ സെന്റര്‍(വ്യാഴം, വെള്ളി) എന്നിവിടങ്ങളിലാണ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്താനും ചികില്‍സിക്കാനും ഡോക്ടര്‍മാര്‍, മാനസികാരോഗ്യ വിദഗ്ധര്‍, തെറാപ്പിസ്റ്റുകള്‍ എന്നിവരും ആവശ്യമായ ആധുനിക സംവിധാനങ്ങളുമടങ്ങിയതാണ് ക്ലിനിക്കുകള്‍.
തുടക്കത്തില്‍ ആഴ്ചയില്‍ രണ്ടുദിവസം രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നൂവരെ പ്രവര്‍ത്തിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വോളന്റിയര്‍മാര്‍ വീടുകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പഠനത്തിലൂടെ ചെറുപ്രായത്തില്‍ തന്നെ വൈകല്യം കണ്ടെത്തി സൗജന്യ ചികില്‍സ ലഭ്യമാക്കുകയെന്നതാണ് ക്ലിനിക്കുകളുടെ പ്രധാന ദൗത്യം.

RELATED STORIES

Share it
Top