കണ്ണൂരില്‍ കരിയര്‍ മാസത്തിന് ഉജ്ജ്വല ടേക്കോഫ്

കണ്ണൂര്‍: യുവതലമുറയ്ക്ക് മികച്ച കരിയര്‍ മാര്‍ഗനിര്‍ദേശങ്ങളും കാഴ്ചപ്പാടുകളും നല്‍കുന്നതിന് ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ടേക് ഓഫ് പദ്ധതിക്ക് തുടക്കമായി. ഒക്‌ടോബര്‍ മാസത്തിലെ ആദ്യ ഞായറാഴ്ചയായ ഇന്നലെ സംരംഭകത്വം എന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച. മികച്ച സാങ്കേതികവിദ്യകളും പഠനസൗകര്യങ്ങളും വേണ്ടുവോളമുള്ള പുതിയ തലമുറയ്ക്ക് അഭിരുചിക്കും കഴിവിനും അനുസരിച്ച കരിയര്‍ കെട്ടിപ്പടുക്കാന്‍ നല്ല അവസരങ്ങള്‍ ലഭ്യമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അഭിപ്രായപ്പെട്ടു.
ലഭ്യമായ അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് പ്രധാനം. ജില്ലാ ഭരണകൂടം നടപ്പാക്കുന്ന ടേക്കോഫ് പദ്ധതി അതിന് വഴികാട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ ഏത് മേഖലയിലെയും വിജയത്തിന് ചില സുപ്രധാന വ്യക്തിത്വഗുണങ്ങള്‍ ആര്‍ജിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു.
സംരംഭകത്വം, സിവില്‍ സര്‍വീസ്, രാഷ്ട്രീയം തുടങ്ങി ഏതുരംഗത്തും വിജയം വരിക്കണമെങ്കില്‍ നമ്മുടെ കാഴ്ചപ്പാടിലും ഇടപെടലുകളിലും ബന്ധങ്ങളിലും ആ ഗുണങ്ങള്‍ അനുവര്‍ത്തിക്കണം. ധാരാളം പണമുള്ളതു കൊണ്ട് മാത്രം ഒരാള്‍ക്ക് നല്ല ബിസിനസുകാരനും സംരംഭകനും ആവാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സബ് കലക്ടര്‍ എസ് ചന്ദ്രശേഖര്‍, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, എല്‍ഡിഎം ആര്‍ രാഘവേന്ദ്രന്‍, ഐടി മിഷന്‍ ഡിപിഎം മിഥുന്‍ കൃഷ്ണ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, പി വി ജയപ്രകാശന്‍ സംസാരിച്ചു.
ഫഹദ് മുഹമ്മദ് (ഗ്രാന്റ് അപ്പാരല്‍, ബംഗളൂരു), പി സി ജേഷ് (ശാന്തി ഉമിക്കരി മാനേജിങ് പാര്‍ട്ണര്‍), ടി എന്‍ മുഹമ്മദ് ജവാദ് (സിഇഒ, ടിഎന്‍എം ഓണ്‍ലൈന്‍ സൊല്യൂഷന്‍സ്), ഷംരീസ് ഉസ്മാന്‍ (മനേജിങ് ഡയരക്ടര്‍, ഒക്ട സിസ്റ്റം സ്), കെ പി വിജിത്ത് (മാനേജിങ് ഡയരക്ടര്‍, എസ്ആര്‍വി ഇന്‍ഫോടെക്) എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 250 ലേറെ പേര്‍ പരിപാടിയില്‍ പങ്കാളികളായി. ഈമാസം 14ന് പ്രതിരോധം, 21ന് സിവില്‍ സര്‍വീസ്, 28ന് രാഷ്ട്രീയം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.

RELATED STORIES

Share it
Top