കണ്ണൂരിലെ പുഴയോര ഹൈവേ പ്രഖ്യാപനത്തിലൊതുങ്ങി

മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം ലക്ഷ്യമിട്ടുള്ള തളിപ്പറമ്പ്-ഇരിക്കൂര്‍-ചാവശ്ശേരി പുഴയോര ഹൈവേ പ്രഖ്യാപനത്തിലൊതുങ്ങുന്നു. മട്ടന്നൂര്‍ നഗരസഭയെയും ഇരിക്കൂര്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മണ്ണൂര്‍ക്കടവ് പാലം, ആന്തൂര്‍ നഗരസഭയെയും ഇരിക്കൂറിനെയും ബന്ധിപ്പിക്കുന്ന പാവന്നൂര്‍ക്കടവ് പാലം എന്നിവയെ ഉള്‍പ്പെടുത്തിയുള്ള പുഴയോര റോഡ് പദ്ധതിയാണ് വൈകുന്നത്.
നിലവില്‍ തിരക്കേറിയ കണ്ണൂര്‍-മട്ടന്നൂര്‍ പാതയ്ക്ക് സമാന്തരമായി തളിപ്പറമ്പില്‍നിന്ന് ഇരിട്ടി-ഇരിക്കൂര്‍ റോഡുകൂടി ഉപയോഗപ്പെടുത്തി, തലശ്ശേരി-കുടക് അന്തര്‍ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്നതാണ് നിര്‍ദിഷ്ട പാത. ഇരിട്ടി നഗരസഭയിലെ ചാവശ്ശേരി, വെളിയമ്പ്ര കൊട്ടാരം, മട്ടന്നൂര്‍ നഗരസഭയിലെ ഏളന്നൂര്‍, പൊറോറ, പെരിയച്ചൂര്‍, മുള്ള്യം പ്രദേശങ്ങളിലൂടെ മണ്ണൂര്‍ക്കടവ് പാലം വഴി ഇരിക്കൂറിലും തളിപ്പറമ്പില്‍നിന്നും കണ്ണൂരില്‍നിന്നും പറശ്ശിനിക്കടവ് വഴി കരിങ്കല്‍കുഴി, പാവന്നൂര്‍കടവ് വഴി ഇരിക്കൂര്‍ പെരുവളത്തുപറമ്പിലും എത്തിച്ചേരാം. പാതയ്ക്ക് ചാവശ്ശേരി 19ാം മൈലിലെ പഴശ്ശി ഉദ്യാനം റോഡുപയോഗിച്ചുള്ള മറ്റൊരു നിര്‍ദേശവും 2013ല്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ആകെ 20 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യംവരുന്ന റോഡില്‍ ആറുകിലോമീറ്റര്‍ മാത്രം വീതികൂട്ടി പുനരുദ്ധരിച്ചാല്‍ മതി. വളപട്ടണം പുഴയുടെ കരയിലൂടെ വരുന്ന റോഡില്‍ സ്വകാര്യസ്ഥലം നാമമാത്രമായേ ഏറ്റെടുക്കേണ്ടിവരുന്നുള്ളൂ എന്നിരിക്കെയാണ് നടപടി വൈകുന്നത്. സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നു മാത്രമല്ല, ഈ പാത പഴശ്ശി ജലസേചനപദ്ധതി പ്രദേശത്തിനാകെ ഉപയോഗിക്കാവുന്നതുമാണ്. കൂടാതെ ടൂറിസം ലക്ഷ്യമിട്ടുള്ള ജില്ലയിലെ പ്രധാന റോഡുകൂടിയാവും വളപട്ടണം പുഴയുടെ കരയിലൂടെയുള്ള റോഡ്. കൊട്ടിയൂര്‍ ക്ഷേത്രം, മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, മാമാനിക്കുന്ന് ദേവീക്ഷേത്രം, നിലാമുറ്റം പള്ളി, മീനൂട്ടിന് പേരുകേട്ട പെരുമണ്ണ് ചുഴലി ഭഗവതിക്ഷേത്രം, നായിക്കാലി ദുര്‍ഗാദേവി ക്ഷേത്രം, പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ കാഞ്ഞിരമണ്ണ് അനന്തന്‍കടവ്, പുരാതന ചുമര്‍ ചിത്രങ്ങളുള്ള മട്ടന്നൂര്‍ പരിയാരം സുബ്രഹ്്മണ്യസ്വാമി ക്ഷേത്രം, പഴശ്ശി ഉദ്യാനം, മട്ടന്നൂര്‍ കോളാരി പൂങ്ങോട്ടുംകാവ് വനം എന്നിവയെ ബന്ധപ്പെടുത്തിയുള്ള തീര്‍ഥാടന ടൂറിസം പദ്ധതിക്കുകൂടി വഴിവയ്ക്കുന്നതാണ് റോഡ് പദ്ധതി.
കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് തളിപ്പറമ്പില്‍നിന്നും കണ്ണൂരില്‍നിന്നും വയനാട് മാനന്തവാടിയില്‍നിന്നും വളരെക്കുറഞ്ഞ ദൂരംമാത്രം യാത്രചെയ്ത് എത്തിച്ചേരാനും കഴിയും. തളിപ്പറമ്പ്-കണ്ണൂര്‍ ഹൈവേ, തലശ്ശേരി-കുടക് അന്തര്‍ സംസ്ഥാനപാത, നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളം-വയനാട് റോഡ് എന്നിവയെ ബന്ധിപ്പിച്ച് കടന്നുപോവുന്ന പാതയാണ് ഫയലിലുറങ്ങുന്നത്. റോഡ് യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പൊറോറ, പെരിയച്ചൂര്‍, ചാവശ്ശേരി, ഇരിക്കൂര്‍, പാവന്നൂര്‍ എന്നിവിടങ്ങളില്‍ കര്‍മസമിതി രൂപീകരിച്ച് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇരിട്ടി നഗരസഭയില്‍ വികസനത്തില്‍ പിന്നാക്കാവസ്ഥയിലുള്ള ചാവശ്ശേരി, വെളിയമ്പ്ര, മട്ടന്നൂര്‍ നഗരസഭയിലെ ഏളന്നൂര്‍ പൊറോറ, പെരിയച്ചൂര്‍, മണ്ണൂര്‍, ഇരിക്കൂറിലെ പെരുവളത്തുപറമ്പ്, പാവന്നൂര്‍മെട്ട, കരിങ്കല്‍ക്കുഴി തുടങ്ങിയ പ്രദേശങ്ങളുടെ പുരോഗതിക്കും റോഡ് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ..

RELATED STORIES

Share it
Top