കണ്ണൂരിലെ ഗതാഗതക്കുരുക്ക്: അടിയന്തര നടപടി വേണമെന്ന്

കണ്ണൂര്‍: ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി മാധ്യമപ്രതിനിധികളുമായി നടത്തിയ സംവാദത്തില്‍ പ്രധാനമായും ചര്‍ച്ചയായത് നഗരത്തിലെ ഗതാഗതകുരുക്ക്. ഇതു ജില്ലയുടെ വികസനപ്രക്രിയയെ തന്നെ ബാധിക്കുന്നതായും അടിയന്തര നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. നിര്‍ദിഷ്ട മേ ല്‍പാലങ്ങളും ബൈപാസും പോലുള്ള പദ്ധതികള്‍ക്കൊപ്പം അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങളും ചെയ്യണം.
നഗരത്തില്‍ പ്രവേശിക്കേണ്ടതില്ലാത്ത വാഹനങ്ങള്‍ നഗരത്തിന് പുറത്തുകൂടി തിരിച്ചുവിടുന്ന തരത്തില്‍ ഇടറോഡുകളെ അഭിവൃദ്ധിപ്പെടുത്തി ഉപയോഗപ്പെടുത്തണം. അനധികൃത പാര്‍ക്കിങും അനധികൃത നിര്‍മാണങ്ങളുമാണ് പലപ്പോഴും ഗതാഗതക്കരുക്കിന് കാരണം.
പ്രധാന സ്ഥലങ്ങളില്‍ ശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം സജ്ജീകരിക്കണം. ഗതാഗതത്തിന് തടസ്സമുണ്ടാക്കുന്ന ബങ്കുകളും മറ്റു കൈയേറ്റങ്ങളും ഒഴിവാക്കണമെന്നും ആവശ്യമുയര്‍ന്നു.
പോലിസ് പരേഡ് ഗ്രൗണ്ട്, ജില്ലാ പഞ്ചായത്ത്, കലക്ടറേറ്റ് എന്നിവയെ ബന്ധിപ്പിച്ച് നടപ്പാത നിര്‍മിക്കാനുള്ള പദ്ധതിക്ക് രൂപം നല്‍കുന്നതായി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി അറിയിച്ചു. റോഡിന്റെ വീതികൂട്ടിയ ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥിതിയുണ്ടെന്നും ഇതിനെതിരേ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് വ്യക്തമാക്കി.
മാധ്യമപ്രവര്‍ത്തകരായ കെ ടി ശശി, മനോഹരന്‍ മോറായി, സി കെ കുര്യാച്ചന്‍, കെ ബാലകൃഷ്ണന്‍, കെ ജയപ്രകാശ്, സിജി ഉലഹന്നാന്‍, സി സുനില്‍ കുമാര്‍, കെ ഒ ശശിധരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ജില്ലാ ആസൂത്രണ സമിതിയംഗം കെ വി ഗോവിന്ദന്‍ സംസാരിച്ചു.

RELATED STORIES

Share it
Top