കണ്ണൂരിലെ ഐഎസ് കേസ് എന്‍ഐഎ ഏറ്റെടുത്തു

കണ്ണൂര്‍/കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് ബന്ധം ആരോപിച്ച് വളപട്ടണം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഏറ്റെടുത്തു. പോലിസ് അറസ്റ്റ് ചെയ്തു റിമാന്‍ഡില്‍ കഴിയുന്ന മുഖ്യ ആസൂത്രകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ പുതിയ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കണ്ണൂര്‍ മുണ്ടേരി കൈപ്പകൈയില്‍ ബൈത്തുല്‍ ഫര്‍സാനയില്‍ കെ സി മിദ്‌ലാജ് (26), പടന്നോട്ട്‌മൊട്ട എം വി ഹൗസില്‍ റാഷിദ് (23), ചെക്കിക്കുളം പള്ളിയത്ത് പണ്ടാരവളപ്പില്‍ കെ വി അബ്ദുര്‍റസാഖ് (24), തലശ്ശേരി കുഴിപ്പങ്ങാട് തൗഫീഖില്‍ ബിരിയാണി ഹംസ എന്ന യു കെ ഹംസ (57), തലശ്ശേരി സിവില്‍ കോടതി കോംപ്ലക്‌സിനു സമീപം സൈനാസില്‍ മനാഫ് റഹ്മാന്‍ (42) എന്നിവരാണു പ്രതികള്‍. യുഎപിഎ സെക്ഷന്‍ 38, 39 പ്രകാരം കുറ്റം ചുമത്തിയ ഇവരെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ഡിവൈഎസ്പി പി പി സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്. സിറിയയില്‍ പോയി ഇസ്‌ലാമിക് സ്‌റ്റേറ്റിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും പ്രവര്‍ത്തനം നടത്തുകയും ചെയ്തുവെന്നാണ് എന്‍ഐഎ പറയുന്നത്. തീവ്രവാദസംഘടനയിലെ അംഗത്വം, തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നല്‍കി തുടങ്ങിയവയാണ് ഇവര്‍ക്കെതിരേയുള്ള ആരോപണം. രണ്ടുവര്‍ഷത്തോളമായി നിരീക്ഷണത്തിലുള്ളവരാണ് ഇപ്പോള്‍ പിടിയിലായത്. 20 വര്‍ഷത്തോളമായി വിവിധ വിദേശരാജ്യങ്ങളിലായിരുന്ന ഹംസ പാചകവിദഗ്ധനാണ്. ഇയാളാണ് പല ജില്ലകളില്‍നിന്നായി ഐഎസിലേക്ക് ആളുകളെ എത്തിച്ചതെന്നും ഷാര്‍ജയിലുള്ള പാപ്പിനിശ്ശേരി സ്വദേശി തസ്‌ലീം മുഖേന സാമ്പത്തികസഹായം അറസ്റ്റിലായവര്‍ക്ക് ലഭിച്ചതായും പോലിസ് പറയുന്നു. നാനൂറിലധികം രേഖകള്‍ എന്‍ഐഎക്ക് തെളിവായി പോലിസ് കൈമാറിയിട്ടുണ്ട്.

RELATED STORIES

Share it
Top