കണ്ണൂരിന് വിഷു സമ്മാനമായി സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു

കണ്ണൂര്‍:  നഗരത്തിന്റെ വ്യാപാര ചരിത്രത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച സെന്‍ട്രല്‍ മാര്‍ക്കറ്റിന് വര്‍ഷങ്ങളുടെ കാത്തിരിപ്പിനു ശേഷം പുനര്‍ജനി. കാംബസാറില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ പുതുതായി പണികഴിപ്പിച്ച മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഉല്‍സവച്ഛായയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പ്രാദേശിക സര്‍ക്കാരെന്ന നിലയിലേക്ക് തദ്ദേശസ്ഥാപനങ്ങളെ ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളെന്നതിനാല്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകളുണ്ട്. അവ ശരിയായ രീതിയില്‍ നിറവേറ്റാന്‍ സാധിക്കണം. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള മികച്ച സംവിധാനങ്ങളാണ് മാര്‍ക്കറ്റില്‍ ഒരുക്കിയിരിക്കുന്നത്. തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തില്‍ വലിയ പുരോഗതിയുണ്ടായി. ഇക്കുറി ഏപ്രില്‍ ആദ്യം മുതല്‍ തന്നെ പദ്ധതിനിര്‍വഹണം ആരംഭിക്കാനാവും.
മിക്കവാറും എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും പദ്ധതിവിഹതം 100 ശതമാനം ചെലവഴിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി.
കോര്‍പറേഷന്‍ സെക്രട്ടറി പി രാധാകൃഷ്ണന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ ഇ പി ലത, എംപിമാരായ പി കെ ശ്രീമതി, കെ കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ്, മുന്‍ എംഎല്‍എ ഇ പി ജയരാജന്‍, കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ സംസാരിച്ചു.
2008ല്‍ പുനര്‍നിര്‍മാണത്തിനായി തറക്കല്ലിട്ട സെന്‍ട്രല്‍ മാര്‍ക്കറ്റ് പിന്നീടുവന്ന ഭരണകര്‍ത്താക്കളുടെ പ്രധാന വെല്ലുവിളിയായിരുന്നു. കോര്‍പറേഷന്റെ തനത് ഫണ്ടും ഹഡ്‌കോയില്‍ നിന്നുള്ള വായ്പയും ഉള്‍പ്പെടെ നാലുകോടിയോളം രൂപ ചെലവഴിച്ചാണ് മൂന്നുനില കെട്ടിട സമുച്ചയം പണിതത്. 85 മുറികളിലായി കച്ചവടം ചെയ്യാന്‍ സാധിക്കുന്ന മാര്‍ക്കറ്റിലെ താഴത്തെ നിലയില്‍ വിപുലമായ മല്‍സ്യമാര്‍ക്കറ്റാണ്. മാര്‍ക്കറ്റിലേക്കുള്ള റോഡില്‍ ഇന്റര്‍ലോക്ക് പാകി മോടി കൂട്ടിയിട്ടുണ്ട്. മാലിന്യനിര്‍മാര്‍ജനത്തിന് ബയോഗ്യാസ് പ്ലാന്റ് നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കും.

RELATED STORIES

Share it
Top