കണ്ണുള്ളവരുടെ അകക്കണ്ണു തുറപ്പിക്കാനായി ബ്ലൈന്‍ഡ് വാക്ക്‌

കോഴിക്കോട്: എംഎം ശതാബ്ദി പ്രദര്‍ശനമേളയില്‍ മലബാര്‍ കണ്ണാശുപത്രിയുടെ സഹായത്തോടെ ഒരുക്കുന്ന 'ബ്ലൈന്റ് വാക്ക്' ശ്രദ്ധേയമായി. 30 മീറ്ററോളമുള്ള നടത്തമാണ് ബ്ലൈന്റ് വാക്കിനായി ഒരുക്കിയിരിക്കുന്നത്.
ഈ നടത്തത്തില്‍ കനത്ത ഇരുട്ടിലൂടെ നമ്മെ നയിക്കുന്നത് പൂര്‍ണ അന്ധതയുള്ള വിദ്യാര്‍ഥികളാണ്. ആദ്യം നമ്മള്‍ കൂരിരുട്ടില്‍ ഒരു ഗ്രാമത്തില്‍ പ്രവേശിക്കുന്നു. അധികം നടക്കുന്നതിനു മുമ്പ് നമ്മള്‍ തൂക്കുപാലത്തില്‍ കയറും.
തൂക്കുപാലത്തില്‍ നിന്ന് കാട്ടിലേക്കും കാട്ടിലെ ചളിയും മണ്ണും ചവിട്ടി നേരെ തീവണ്ടിപ്പാളം മുറിച്ചു കടക്കാനായി ലെവല്‍ ക്രോസിലുമെത്തുന്നു. കാത്തുനില്‍പിനൊടുവില്‍ ലെവല്‍ക്രോസ് കടന്ന് അല്‍പം നടന്നാല്‍ ബീച്ചിലെത്തും.
കാലിലെ മണ്ണും ചളിയും തിരയില്‍ കഴുകി മണല്‍പുറത്ത് ഇത്തിരി നേരം. പിന്നീട് ഗുഹയിലൂടെ പുറത്തു വരുന്നു. പുറത്തെ വെളിച്ചമുള്ള മുറിയിലെത്തി ഇരിക്കുമ്പോള്‍ മാത്രമാണ് നമ്മെ ഇരുട്ടില്‍ നയിച്ചവര്‍ തീരെ കാഴ്ചയില്ലാത്തവരാണെന്നു തിരിച്ചറിയുക. കനത്ത ഇരുട്ടിലൂടെയുള്ള യാത്രാനുഭവം കാഴ്ചയുള്ളവരുടെ ഉള്‍ക്കണ്ണുതുറപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

RELATED STORIES

Share it
Top