കണ്ണീര്‍ക്കടലില്‍ ജര്‍മനി...

ബെര്‍ലിന്‍/ മോസ്‌കോ:  ലോകമെമ്പാടുമുള്ള ജര്‍മന്‍ ആരാധകരില്‍ ദേശഭാഷാ ഭേദങ്ങളില്ലാത്ത സങ്കടദിനമായിരുന്നു കഴിഞ്ഞുപോയത്. ബെര്‍ലിന്‍, മ്യൂനിച്ച്, ഹാംബര്‍ഗ്, ഫ്രാങ്ക്ഫര്‍ട്ട്, തുടങ്ങിയ കാല്‍പ്പന്ത് കളിയെ നെഞ്ചിലേറ്റിയ ജര്‍മന്‍ നഗരങ്ങള്‍ ഞെട്ടലില്‍ നിന്നും ഇപ്പോഴും മുക്തമായിട്ടില്ല. 80 വര്‍ഷങ്ങള്‍ക്കു ശേഷം തങ്ങളുടെ ടീം ലോകകപ്പിന്റെ ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായെന്ന സത്യം ഉള്‍ക്കൊള്ളാന്‍ ജര്‍മന്‍ ജനതയ്ക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം.
'ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിനം. ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത കാഴ്ച' തോല്‍വിയെക്കുറിച്ചു മ്യൂനിച്ചിലെ ആരാധകന്‍ കെയിംലോയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു. തോല്‍വിയില്‍ ഞങ്ങള്‍ക്ക് നിരാശയില്ല. എന്നാല്‍ ദക്ഷിണകൊറിയ പോലൊരു ചെറു ടീമിനോട് ലോകോത്തര ടീം തകര്‍ന്നടിഞ്ഞത് അംഗീകരിക്കാനാവില്ലെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. നഗരങ്ങളില്‍ തങ്ങളുടെ പ്രിയ ടീമിന്റെ മല്‍സരം കൂറ്റന്‍ സ്‌ക്രീനില്‍ കാണാനെത്തിയവര്‍ നിലവിളികളോടെയാണ് മല്‍സരത്തിന്റെ അവസാന നിമിഷങ്ങള്‍ വീക്ഷിച്ചത്.
ടീമിന്റെ തോല്‍വിയില്‍ ജര്‍മന്‍ മാധ്യമങ്ങളും രൂക്ഷമായാണ് പ്രതികരിച്ചത്. ജര്‍മനിയിലെ മുന്‍നിര ദിനപത്രമായ ബില്‍ഡ് 'കഥകഴിഞ്ഞു' എന്ന തലക്കെട്ടോടെയാണ് ജര്‍മനിയുടെ തോല്‍വി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കോച്ച് ജാച്ചിംലോയെയും ഗോള്‍ കീപ്പര്‍ മാനുവറിനെയും രൂക്ഷഭാഷയിലാണ് ജര്‍മന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചത്.
കാല്‍പ്പന്തുകളി ചരിത്രത്തിലെ എക്കാലത്തെയും മുടിചൂടാമന്നന്‍മാരാണ് ജര്‍മനിക്കാര്‍. നാലു വട്ടം ലോക ജേതാക്കളാവുകയും നാലു തവണ റണ്ണറപ്പാവുകയും മൂന്ന് വട്ടം മൂന്നാം സ്ഥാനക്കാരാവുകയും ചെയ്തു. ഇതിനേക്കാള്‍ മെച്ചപ്പെട്ടൊരു റെക്കോഡ് അഞ്ചുവട്ടം കിരീടജേതാക്കളായ ബ്രസീലിനു മാത്രമാണുള്ളത്. 1982ലും 86ലും റണ്ണറപ്പാവുകയും 1990ല്‍ ചാംപ്യന്‍പട്ടം കരസ്ഥമാക്കുകയും ചെയ്ത ടീം 2002 മുതല്‍ തുടര്‍ച്ചയായി സെമി ഫൈനല്‍ കളിക്കുകയും ചെയ്തു. ജയിക്കാനായി ജയിച്ചവര്‍ എന്ന വിശേഷണം എന്തുകൊണ്ടും ചേരുന്നത് ജര്‍മനിക്ക് മാത്രമായി. എനാല്‍ സമ്പന്നമായ ഈയൊരു ചരിത്രമാണ് കസാന്‍ അരീനയിലെ ഇഞ്ചുറി ടൈമില്‍ ദക്ഷിണകൊറിയയുടെ മുന്നില്‍ തകര്‍ന്നു തരിപ്പണമായത്. കൊറിയന്‍ താരങ്ങളായ സോന്‍ ഹ്യൂങ്മിന്നും കിം യങ് ഗ്വോനും 93ാം മിനിറ്റിലും 96ാം മിനിറ്റിലും പായിച്ച രണ്ട് വെടിയുണ്ടകള്‍ ജര്‍മനിയുടെ കാല്‍പ്പന്തുകളിയുടെ ചരിത്രത്തിലാണ് ചോരചിന്തിയിരിക്കുന്നത്.

RELATED STORIES

Share it
Top