കണ്ണീരോര്‍മയില്‍ ഈസ്റ്റര്‍ ആഘോഷിക്കാനാവാതെ തീരദേശം

കൊച്ചി: ഓഖി ദുരന്തം സമ്മാനിച്ച ഓര്‍മയില്‍ തീരദേശ വാസികള്‍ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് അവധി നല്‍കി. ക്രൈസ്തവ സമൂഹം ഏറെ അധിവസിക്കുന്ന തീരദേശ മേഖലയില്‍ കാര്യമായ ആഘോഷങ്ങളില്ലാതെയാണ് ഈസ്റ്റര്‍ കടന്നുപോയത്.
ലോകരക്ഷയ്ക്കായി ക്രൂശുമരണം വരിച്ച യേശുദേവന്റെ ഉയിര്‍ത്തെഴുനേല്‍പ്പ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ആഘോഷപൂര്‍വം കൊണ്ടാടിയപ്പോള്‍ തീരദേശം ഇന്നലെ ഏറെക്കുറെ നിശ്ചലമായിരുന്നു. ആരാധനാലയങ്ങളില്‍ സംഘടിപ്പിച്ച പ്രത്യേക പ്രാര്‍ഥനയില്‍ മാത്രമായി ആഘോഷങ്ങള്‍ അവസാനിച്ചു. കുടുംബത്തിന്റെ അത്താണിയായവരെ കടല്‍ കവര്‍ന്നതിന്റെ സങ്കടങ്ങളും പേറി ജീവിക്കുന്നവര്‍ ഇപ്പോഴും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയിട്ടില്ല. കോടി ക്കണക്കിന് രൂപയുടെ നഷ്ടം സമ്മാനിച്ച് കടന്നുപോയ ഓഖി ദുരന്തം ഇന്നും ഞെട്ടലുകള്‍ മാത്രമാണു തീരദേശവാസികള്‍ക്കു സമ്മാനിക്കുന്നത്.
ജീവനും സ്വത്തും നഷ്ടമായിരിക്കുന്ന വേളയില്‍ എങ്ങനെ ഈസ്റ്റര്‍ മനസ്സ് തുറന്ന് ആഘോഷിക്കുമെന്ന് ചോദിക്കുകയാണ് തീരവാസികള്‍. പോയ ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച പലരും ഇന്ന് തീരദേശത്തില്ല. പ്രിയപ്പെട്ടവരുടെ അസാന്നിധ്യമുണ്ടാക്കുന്ന വിടവ് നികത്താനാകാതെ കഴിയുകയാണ് പലകുടുംബങ്ങളും. ഓഖി ദുരന്തം നാശം വിതച്ച മേഖലകളിലേക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ധനസഹായം ഇനിയുമെത്തിയിട്ടില്ല. ഈസ്റ്ററിന് മുമ്പ് ദുരിതാശ്വാസ ധനസഹായം കൊടുത്ത് തീര്‍ക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വെള്ളത്തില്‍വരച്ച വരപോലെയായി.
പല കുടുംബങ്ങളും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോവുന്നത്. ദുരിതാശ്വാസ ക്യാംപുകളിലേക്ക് പറിച്ച് നട്ട ജീവിതം മാറ്റമില്ലാതെ ഇപ്പോഴും തുടരുന്നു. കടം വാങ്ങിച്ചും റേഷന്‍ അരികൊണ്ടുമാണ് പല വീടുകളും ഇന്നും കഴിയുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ഇവരുടെ ജീവിതം ചോദ്യചിഹ്നമായി തുടരുന്നു. ഓഖി ദുരന്തത്തിന് ശേഷം തീരദേശത്ത് കാര്യമായ മല്‍സ്യബന്ധന ജോലികള്‍ നടക്കാത്തതും ബുദ്ധിമുട്ടുകള്‍ ഇരട്ടിയാക്കി.
കടലില്‍ നഷ്ടപ്പെട്ട ബോട്ടുകള്‍ക്ക് പകരം നാമമാത്രമായവയാണ് വീണ്ടും കടലില്‍ ഇറങ്ങുന്നത്. ശേഷിക്കുന്നവര്‍ക്ക് വീണ്ടും തൊഴില്‍ നല്‍കുവാനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഓഖിയുടെ ഓര്‍മയില്‍ ഇപ്പോഴും ഭീതിയുടെ നിഴലിലാണു കടലിലേക്ക് പോവുന്നവര്‍ കഴിയുന്നത്. ക്രിസ്മസ് പോലെത്തന്നെ ഇരുകൈയും നീട്ടിയാണ് തീരദേശവാസികള്‍ ഈസ്റ്ററിനെയും വരവേല്‍ക്കുന്നത്. സാമ്പത്തികമായി പിന്നാക്കമാണെങ്കിലും കിട്ടുന്നതില്‍ മിച്ചം പിടിച്ച് ആഘോഷിക്കുന്ന പതിവ് കാഴ്ചകളും ഇക്കുറി തീരത്തുണ്ടായില്ല.

RELATED STORIES

Share it
Top