കണ്ണീരോര്‍മകളായി സെല്‍ഫ് ഗോളുകള്‍...

മോസ്‌കോ: ഫിഫ ലോകകപ്പ് മല്‍സരം ആദ്യറൗണ്ട് പിന്നിടുമ്പോള്‍ വമ്പന്‍ ടീമുകളുടെ തേരോട്ടത്തിന് പകരം സെല്‍ഫ്‌ഗോളുകള്‍ മല്‍സരഗതി നിയന്ത്രിക്കുന്നു. അഞ്ച് സെല്‍ഫ്‌ഗോളുകളാണ് റഷ്യയിലെ പച്ചപ്പുല്‍മൈതാനങ്ങളില്‍ ഇതിനകം പിറന്നു വീണത്. നിലവിലെ ചാംപ്യന്‍മാരായ ജര്‍മനിയെ മെക്‌സിക്കോ 1-0ന് പരാജയപ്പെടുത്തുകയും റണ്ണേഴ്‌സ് അപ്പായ അര്‍ജന്റീനയെ കുഞ്ഞന്‍മാരായ ഐസ്‌ലന്‍ഡും ലോകകപ്പ് കിരീടവേട്ടയില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രസീലിനെ സ്വിറ്റ്‌സര്‍ലന്‍ഡും സമനിലയില്‍ തളച്ചതുമെല്ലാം സെല്‍ഫ്‌ഗോളുകളിലൂടെയായിരുന്നു. ഇന്നലെ വരെ ഗ്രൂപ്പ് ഘട്ടത്തിലെ 18 മല്‍സരങ്ങള്‍ക്ക് പരിസമാപ്തി കുറിക്കുമ്പോള്‍ 43 ഗോളുകളാണ് റഷ്യയില്‍ പിറന്നത്. മുമ്പ് 1998ലെ ലോകകപ്പില്‍ ടൂര്‍ണമെന്റിലുടനീളം വീണത് വെറും ആറു ഗോളുകളായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ പിറന്ന അഞ്ച് സെല്‍ഫ് ഗോളുകളാണ് ഇതിനു പിന്നില്‍ നില്‍ക്കുന്നത്.
ലോകകപ്പിന്റെ രണ്ടാം ദിനം നടന്ന ഗ്രൂപ്പ് ബിയിലെ ഇറാന്‍-മൊറോക്കോ പോരാട്ടത്തിലാണ് ടൂര്‍ണമെന്റിലെ ആദ്യ സെല്‍ഫ് ഗോള്‍ പിറന്നത്. കളിക്കിടെ എക്‌സ്ട്രാ ടൈമില്‍ മൊറോക്കോ താരം അസീസ് ബഹാദോസിന്റെ കാലില്‍ തട്ടിയാണ് ഈ ഗോള്‍ പിറന്നത്. ഈ ഗോളിന്റെ പിന്‍ബലത്തില്‍ ഇറാന്‍ മൊറോക്കോയെ 1-0ന് പരാജയപ്പെടുത്തുകയും നിര്‍ണായകമായ മൂന്ന് പോയിന്റും സ്വന്തമാക്കുകയും ചെയ്തു.
ഇതേ അവസ്ഥയായിരുന്നു 16ന് നടന്ന ഫ്രാന്‍സും ആസ്‌ത്രേലിയയും തമ്മില്‍ നടന്ന മല്‍സരത്തിലും സംഭവിച്ചത്. ഫ്രാന്‍സ് ഗ്രീസ്മാന്റെ ഗോളിലും ആസ്‌ത്രേലിയ ജെഡിനാക്കിന്റെ ഗോളിലും സമനിലയില്‍ നില്‍ക്കേ ആസ്‌ത്രേലിയന്‍ ഡിഫന്‍ഡര്‍ അസിസ് ബെഹിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ ഫ്രാന്‍സ് വിജയം പിടിച്ചെടുക്കുകയായിരുന്നു.
നൈജീരിയക്കെതിരായ മല്‍സരത്തില്‍ ക്രൊയേഷ്യക്ക് ജയിക്കാന്‍ സെല്‍ഫ് ഗോള്‍ മന്ത്രം തന്നെ വേണ്ടിവന്നു. 32ാം മിനിറ്റില്‍ എറ്റെബോയുടെ സെല്‍ഫ് ഗോളിലൂടെയാണ് മല്‍സരത്തിലെ ക്രൊയേഷ്യ ആദ്യ അക്കൗണ്ട് തുറന്നത്. തുടര്‍ന്ന് മോഡ്രിച്ച് പെനല്‍റ്റി ഗോളാക്കിയതോടെ ടീം 2-0ന് ജയിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി സലാഹിലൂടെ റഷ്യക്കെതിരേ ഈജിപ്ത് ജയിക്കുമെന്ന് വിശ്വസിച്ച ലോക ഫുട്‌ബോള്‍ ആരാധകരെ കണ്ണീരിലാഴ്ത്തി അവിടെയും സെല്‍ഫ് ഗോള്‍ വില്ലനായി. 47ാം മിനിറ്റില്‍ അഹ്മദ് ഫാത്തിയാണ് സെല്‍ഫ് ഗോളിലൂടെ റഷ്യയുടെ അക്കൗണ്ട് തുറന്നുകൊടുത്തത്. ഈ ഗോളിന്റെ പിന്‍ബലത്തില്‍ അവര്‍ 3-1ന് ഈജിപ്തിനെ പരാജയപ്പെടുത്തുകയും ചെയ്തു. അന്ന് തന്നെ നടന്ന സെനഗല്‍- പോളണ്ട് മല്‍സരത്തിലും സെല്‍ഫ് ഗോളാണ് വിജയിയെ തീരുമാനിച്ചത്. 37ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ സിയോണെകിന്റെ ഓണ്‍ ഗോള്‍ സെനഗലിന് പോളണ്ടിനെ അട്ടിമറിക്കാനുള്ള വജ്രായുധമായി.

RELATED STORIES

Share it
Top