കണ്ണീരോടെ ഉറുഗ്വേ മടങ്ങി; നെഞ്ചുവിരിച്ച് ഫ്രാന്‍സ് സെമിയില്‍


നിഷ്‌നി: റഷ്യന്‍ ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രഞ്ച് നിര വിജയം സ്വന്തമാക്കിയത്. റാഫേല്‍ വരാനെ ഫ്രാന്‍സിന്റെ അക്കൗണ്ട് തുറന്നപ്പോള്‍ രണ്ടാം പകുതിയില്‍ അന്റോണിയോ ഗ്രിസ്മാനും ഫ്രാന്‍സിനായി ലക്ഷ്യം കണ്ടു.
സൂപ്പര്‍ താരം എഡിന്‍സണ്‍ കവാനി പരിക്കിനെത്തുടര്‍ന്ന് ഇറങ്ങിതിരുന്ന മല്‍സരത്തില്‍ 4-4-2 ഫോര്‍മാറ്റില്‍ ഉറുഗ്വേ ബൂട്ടുകെട്ടിയപ്പോള്‍ 4-2-3-1 ഫോര്‍മാറ്റിലായിരുന്നു ഫ്രാന്‍സിന്റെ പടപ്പുറപ്പാട്. മല്‍സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ കരുത്തരായ ഫ്രഞ്ച് മുന്നേറ്റത്തെ ഉറുഗ്വേയുടെ പ്രതിരോധപ്പട തടുത്തിട്ടു. എഡിന്‍സന്‍ കവാനിയുടെ അഭാവം തുടക്കം മുതലേ ഉറുഗ്വേ നിരയില്‍ നിറഞ്ഞു നിന്നു. അക്കൗണ്ട് തുറക്കാന്‍ ലഭിച്ച സുവര്‍ണാവസരം കവാനിയുടെ പകരക്കാരനായെത്തിയ ക്രിസ്്റ്റിയന്‍ സ്റ്റുവാനി പാഴാക്കിക്കളയുകയായിരുന്നു.  അഞ്ചാം മിനിറ്റില്‍ സുവാരസ് ബോക്‌സിലേക്ക് അതിമനോഹരമായി ക്രോസ് നല്‍കിയെങ്കിലും സ്റ്റുവാനിക്ക് പന്തിലേക്കെത്താനായില്ല. പ്രതിരോധത്തിലൂന്നിത്തുടങ്ങിയ ഫ്രഞ്ച് പതിയെ ഗിയര്‍ ആക്രമണത്തിലേക്ക് മാറ്റി. എട്ടാം മിനിറ്റില്‍ ഉറുഗ്വേ ഗോള്‍മുഖം വിറപ്പിച്ച് ഫെര്‍ണാണ്ടസ് തൊടുത്ത ഷോട്ട് ലക്ഷ്യം കാണാനാവാതെ പുറത്തുപോയി.
ലഭിച്ച അവസരങ്ങളില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിങുമായി ഉറുഗ്വേയും ഫ്രാന്‍സിനെ വിറപ്പിച്ചു. 14ാം മിനിറ്റില്‍ ഉറുഗ്വേയ്ക്ക് ലഭിച്ച കോര്‍ണറിനെ ഗോളാക്കാന്‍ അവസരം ലഭിച്ചെങ്കിലും ഫ്രഞ്ച് ഗോളി ലോറിസിന്റെ അവസരോചിത ഇടപെടല്‍ ടീമിനെ രക്ഷിച്ചു. 16ാം മിനിറ്റില്‍ ജിറൗഡും എംബാപ്പയും ചേര്‍ന്ന് മികച്ചൊരു മുന്നേറ്റം നടത്തിയെങ്കിലും ഉറുഗ്വേയുടെ പ്രതിരോധം വീണ്ടും വില്ലനായി. ആദ്യ 20 മിനിറ്റ് പിന്നിട്ടപ്പോഴും ഇരു കൂട്ടര്‍ക്കും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല. 22ാം മിനിറ്റില്‍ ഫ്രാന്‍സിന് ലഭിച്ച കോര്‍ണര്‍ കിക്കിനെ മികച്ച ഷോട്ടിലൂടെ ബെഞ്ചമിന്‍ പവാര്‍ഡ് ബോക്‌സിലേക്കെത്തിച്ചെങ്കിലും ഉറുഗ്വേ പ്രതിരോധത്തെ മറികടക്കാനായില്ല.
25 മിനിറ്റ് പിന്നിട്ടിട്ടും ഗോള്‍പിറക്കാതെ വന്നതോടെ കൂടുതല്‍ സമയം പന്ത് കൈവശം വച്ച് ഫ്രാന്‍സ് മുന്നേറി. മികച്ച പാസുകളും വേഗതയും കൈമുതലായുള്ള ഫ്രഞ്ച് പടയാളികള്‍ ഉറുഗ്വേയുടെ ഗോള്‍മുഖം ഇടക്കിടെ ഞെട്ടിച്ചു. 30ാം മിനിറ്റില്‍ ലൂക്കാസ് ഫെര്‍ണാണ്ടസ് നല്‍കിയ മികച്ചൊരു ക്രോസിലൂടെ ലഭിച്ച സുവര്‍ണാവസരം എംബാപ്പെ പാഴാക്കി. പന്തിനെ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ എംബാപ്പയുടെ കാലില്‍ത്തട്ടി പന്ത് പുറത്തുപോവുകയായിരുന്നു. ഒടുവില്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഉറുഗ്വേ താരങ്ങളുടെ നെഞ്ചിടിപ്പുയര്‍ത്തി ഫ്രാന്‍സ് അക്കൗണ്ട് തുറന്നു. 40ാം മിനിറ്റില്‍ വലത് വിങില്‍ നിന്ന് അന്റോണിയോ ഗ്രിസ്മാന്റെ കിക്കിനെ മനോഹര ഹെഡ്ഡറിലൂടെ റാഫേല്‍ വരാന ഗോളാക്കി മാറ്റുകയായിരുന്നു. ആദ്യ പകുതിക്ക് വിസില്‍ ഉയരുന്നതിന് മുമ്പ് ഗോള്‍മടക്കാന്‍ ഉറുഗ്വേയ്ക്ക് സുവര്‍ണാവസരം ഫ്രഞ്ച് ഗോളി ലോറിസിന്റെ മികവിന് മുന്നില്‍ നിഷ്പ്രഭമായി. ഫ്രീകിക്കിലൂടെയെത്തിയ പന്തിനെ മാര്‍ട്ടിന്‍ കാസെറസ് പോസ്റ്റിലേക്ക് ഹെഡ്ഡ് ചെയ്‌തെങ്കിലും ലോറിസ് ഡൈവ് ചെയ്ത് തട്ടിയകറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 1-0ന്റെ ആധിപത്യം ഫ്രാന്‍സിനൊപ്പം നിന്നു.
ആദ്യ പകുതിയില്‍ 58 ശതമാനം പന്തടക്കത്തില്‍ ഫ്രാന്‍സ് മുന്നിട്ട് നിന്നെങ്കിലും ഏഴ് തവണ ഗോളവസരം സൃഷ്ടിച്ച് ഇരു കൂട്ടരും തുല്യത പുലര്‍ത്തി.
രണ്ടാം പകുതിയില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു കൂട്ടരും കളത്തിലിറങ്ങിയത്. രണ്ടാം പകുതിയില്‍ കൂടുതല്‍ ആധിപത്യത്തോടെ ഫ്രാന്‍സ് പന്ത് തട്ടിയതോടെ പന്ത് പിടിച്ചെടുക്കാനാവാതെ ഉറുഗ്വേ നിര വിയര്‍ത്തു. രണ്ടാം പകുതിയുടെ തുടക്കം തന്നെ ഉറുഗ്വേ ഗോളിയുടെ പിഴവില്‍ ഫ്രാന്‍സിന് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 59ാം മിനിറ്റില്‍ ഉറുഗ്വേ ടീമില്‍ മാറ്റം വരുത്തി. ബെന്റാക്യൂറിന് പകരം ക്രിസ്റ്റ്യന്‍ റോഡ്രിഗ്യൂസ്  കളത്തിലിറങ്ങി. എന്നാല്‍ ടീമില്‍ മാറ്റമില്ലാതെ തുടര്‍ന്ന ഫ്രാന്‍സ് 61ാം മിനിറ്റില്‍ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ ചേര്‍ത്തു. ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ഗ്രിസ്മാന്‍ തൊടുത്ത ലോങ് റേഞ്ച് ഷോട്ട് ഉറുഗ്വേ ഗോളി മുസ്ലീരയുടെ കൈയില്‍ തട്ടി വലയിലാവുകയായിരുന്നു. പന്തിന്റെ ദിശ മനസിലാക്കാതെ പന്തു തട്ടിയകറ്റാന്‍ ശ്രമിച്ചതോടെയാണ് മുസ്ലീരയുടെ പിഴവില്‍ ഫ്രാന്‍സിന്റെ അക്കൗണ്ടിലെ രണ്ടാം ഗോള്‍ പിറന്നത്.
67ാം മിനിറ്റില്‍ ഗ്രൗണ്ടില്‍ താരങ്ങള്‍തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പോള്‍ പോഗ്ബയെ ഫൗള്‍ചെയ്തതുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഇതിന്റെ പേരില്‍ എംബാപ്പെയ്ക്കും ഉറുഗ്വേയുടെ റോഡ്രിഗ്യൂസിനും റഫറി മഞ്ഞക്കാര്‍ഡും നല്‍കി.
73ാം മിനിറ്റില്‍ ഫ്രാന്‍സിന്റെ ഗോലിസ്‌റ്റോയുടെ മിന്നല്‍ ഷോട്ട് പക്ഷേ ഉറുഗ്വേ ഗോള്‍പോസ്റ്റിന് മുകളൂടെ പോയി. 73ാം മിനിറ്റില്‍ ഉറുഗ്വേ മൂന്നാം മാറ്റം വരുത്തി.നാഹിറ്റന്‍ നാന്‍ഡെസിന് പകരം ജൊനാഥന്‍ യുറേറ്റാവിസ്‌കായെ കളത്തിലിറക്കി. ഒരു ഗോള്‍ പോലും വഴങ്ങാതെ പ്രീക്വാര്‍ട്ടറിലെത്തിയ ഉറുഗ്വേയുടെ പ്രതിരോധം ഫ്രാന്‍സിന് മുന്നില്‍ കിതയ്ക്കുന്നതാണ് മൈതാനത്ത് കണ്ടത്. 87ാം മിനിറ്റില്‍ സൂപ്പര്‍ താരം എംബാപ്പെയെ തിരിച്ചുവിളിച്ച പകരം ഉസ്മാന്‍ ഡെംബല്ലെയെ ഫ്രാന്‍സ് കളത്തിലിറക്കി.
പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നതോടെ എതിരില്ലാത്ത രണ്ട് ഗോള്‍ ജയത്തോടെ ഫ്രാന്‍സ് സെമിയിലേക്ക് മുന്നേറിയപ്പോള്‍ ക്വാര്‍ട്ടറില്‍ ഉറുഗ്വേയുടെ പോരാട്ടം അവസാനിച്ചു.

RELATED STORIES

Share it
Top