കണ്ണീരുണങ്ങാതെ പാലച്ചോട്; മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

പുത്തനത്താണി: കണ്ണീരുണങ്ങാതെ വളാഞ്ചേരി പാലച്ചോട് പ്രദേശം. വട്ടപ്പാറ അപകടത്തില്‍ മരിച്ച അയല്‍വാസികളുടെ അപ്രതീക്ഷിത വേര്‍പാടില്‍ കണ്ണീര്‍ വാര്‍ക്കുകയാണ് പാലച്ചോട് പ്രദേശം.മരണപ്പെട്ട മൂന്നു പേരുടേയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. വട്ടപ്പാറ ഇറക്കത്തില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് വളാഞ്ചേരി പാലച്ചോട് പരേതനായ തയ്യില്‍ സെയ്തലവിയുടെ ഭാര്യ കദീജ (48), മരുമകള്‍ ഷാഹിന (25), അയല്‍വാസിയും ഓട്ടോ െ്രെഡവറുമായ കാട്ടുബാവ മുഹമ്മദ് നിസാര്‍ (33) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ ആയിരുന്നു ഒരു നാടിനെ നടുക്കിയ അപകടം നടന്നത്. അമിത വേഗതയിലെത്തിയ ലോറി പൊടുന്നനെ ബ്രേക്കിട്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിയുകയായിരുന്നു. വളാഞ്ചേരി നടക്കാവില്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ രാവിലെ തന്നെ പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. മുഹമ്മദ് നിസാറിന്റെ മൃതദേഹം 12.30 ഓടെ പാലച്ചോടിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും വളാഞ്ചേരിയിലെ ഓട്ടോ തൊഴിലാളികളുമടക്കം നൂറുകണക്കിന്  പേരാണ് തടിച്ചുകൂടിയത്. ഫെബ്രുവരി 26ന് ഉംറക്ക് പോയിരുന്ന നിസാറിന്റെ ഉമ്മ ഉമ്മുസല്‍മ ഉച്ചയ്ക്ക് രണ്ടു മണിയോടെ വന്നതിന് ശേഷമാണ് മൃതദേഹം ഖബറടക്കത്തിനായി കൊണ്ടുപോയത്. കോട്ടപ്പുറം ജുമാമസ്ജിദില്‍ കബറടക്കി.  തിരൂര്‍ താലൂക്ക് ആശുപത്രിയിലാണ്  കദീജയുടേയും  ഷാഹിനയുടേയും പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തുടര്‍ന്ന്  മൃതദേഹങ്ങള്‍ ഉച്ചയ്ക്ക് 2.30 ഓടെയാണ് വീട്ടിലെത്തിച്ചത്. മൂന്നു മാസം മുമ്പ് യുഎഇയിലേക്ക് പോയിരുന്ന ഷാഹിനയുടെ ഭര്‍ത്താവ് ഇന്നലെ പുലര്‍ച്ചെയോടെ തിരിച്ചെത്തിയിരുന്നു.

RELATED STORIES

Share it
Top