കണ്ണില്‍ ചോരയില്ലാത്ത ഉദ്യോഗസ്ഥര്‍: പോരാടാനുറച്ച് വിഷ്ണു

പറവൂര്‍: ദുരിതാശ്വാസ ക്യാംപില്‍ ഒരു പകല്‍ മുഴുവന്‍ ചികില്‍സയ്ക്കായി കാത്ത് അവസാനം മരണത്തിന്് കീഴടങ്ങിയ സതീശന്റെ കഥ രക്ഷാപ്രവര്‍ത്തനങ്ങളുടെ പരാജയമാണ് കാണിക്കുന്നത്. വടക്കേക്കര പഞ്ചായത്തിലെ മുറവന്തുരുത്ത് കല്ലറക്കല്‍ സതീശന്‍ ആഗസ്ത് 17 ന് പുലര്‍ച്ചെയാണ് മുറവന്തുരുത്ത് കൃഷ്ണാ ഓഡിറ്റോറിയത്തിലെ ദുരിതാശ്വാസ ക്യാംപില്‍ കുഴഞ്ഞു വീഴുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കഴിക്കുന്നതിന്് ഹൃദയരോഗിയായിരുന്ന സതീശന്റെ കൈയ്യിലുണ്ടായിരുന്ന മരുന്നു വീട്ടുകാര്‍ നല്‍കിയെങ്കിലും വേദന കുറഞ്ഞില്ല. ആശുപത്രിയില്‍ പോവാന്‍ വഞ്ചിയോ ബോട്ടോ ഹെലികോപ്ടറോ വേണം. സഹായങ്ങള്‍ക്കായി വിളിക്കാവുന്ന വരെയൊക്കെ വിളിച്ചു. സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള എല്ലാ നമ്പറുകളിലും വിളിച്ചു. മകന്‍ എന്‍ജിനീയറിങ് ബിരുദധാരിയായ വിഷ്ണു സോഷ്യല്‍ മീഡിയ വഴിയും സഹായത്തിനായി അപേക്ഷിച്ചു. ഓഡിറ്റോറിയത്തിന്റെ മുന്നിലൂടെ പോയ വഞ്ചിക്കാരോടെല്ലാം സതീശനെ ആശുപത്രിയിലെത്തിയ്ക്കാനപേക്ഷിച്ചു. സര്‍ക്കാരിന്റെയോ മറ്റു സന്നദ്ധ പ്രവര്‍ത്തകരോ ആരും സതീശനെ ആശുപത്രിയിലെത്തിക്കാനെത്തിയില്ല. രാത്രിയില്‍ നാട്ടുക്കാരെയും ബന്ധുക്കളെയും സാക്ഷിയാക്കി സതീശന്‍ ഈ ലോകത്തോടു വിടപറഞ്ഞു. മരണശേഷവും സതീശന് നീതി നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മരിച്ച് 16 മണിക്കൂറുകള്‍ കാത്തിരുന്നതിന് ശേഷം 18 ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒരു വഞ്ചിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതിനായി പറവൂരിലേക്കു കൊണ്ടു പോവുന്നത്. പറവൂര്‍പാലം വരെ വഞ്ചിയില്‍ കൊണ്ടുപോയ മൃതദേഹം അവിടെ നിന്നും സ്വകാര്യ സര്‍വീസ് ബസ്സിലാണ് ടൗണ്‍ഹാള്‍ വരെയെത്തിക്കുന്നത്. തിങ്ങി നിറഞ്ഞു യാത്രക്കാരുണ്ടായിരുന്ന ബസ്സില്‍ പലരും അറിയാതെ മൃതദേഹത്തില്‍ ചവിട്ടുന്നത് വരെയുള്ള സംഭവങ്ങളുണ്ടായി. റോഡുമാര്‍ഗം മൃതദേഹം കൊണ്ടുപോവാന്‍ ഒരു ആംബുലന്‍സ് വരെ സംഘടിപ്പിക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞില്ല. ടൗണ്‍ഹാളില്‍ നിന്നും ഡോണ്‍ബോസ്‌കോ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം വൈകീട്ട് കെഎസ്ആര്‍ടിസി ബസ്സിലാണ് പച്ചാളം ശ്മശാനത്തിലേക്കു കൊണ്ടുപോയത്. മൃതദേഹം പറവൂര്‍ ടൗണ്‍ഹാളിലെത്തിക്കുമ്പോള്‍ പോലിസും പട്ടാളവും അടക്കം യുദ്ധസമാനമായ അന്തരീക്ഷമായിരുന്നുവെന്നാണ് വിഷ്ണു പറഞ്ഞത്. മൃതദേഹം എത്രയുംവേഗം സംസ്‌ക്കരിക്കാനായിരുന്നു എല്ലാവരും നിര്‍ദേശിച്ചത്. നടപടിക്രമങ്ങളെല്ലാം നമുക്ക് വഴിയേ ശരിയാക്കാം എന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെല്ലാം പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം തേടുമ്പോള്‍ എഫ്‌ഐ ആറും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും ആവശ്യപ്പെടുകയാണ് ഉദ്യോഗസ്ഥര്‍. തന്റെ പിതാവിന് സംഭവിച്ചത് പോലെ മറ്റ് നിരവധിപേര്‍ വെള്ളപ്പൊക്കത്തിനിടെ സമാന സാഹചര്യത്തില്‍ മരിച്ചിട്ടുണ്ടെന്നും അവരെക്കൂടി മുന്‍നിര്‍ത്തി ഈ വിഷയത്തില്‍ മുഖ്യമന്ത്രിയെ കാണുമെന്നും വിഷ്ണു പറഞ്ഞു. വി ഡി സതീശന്‍ എംഎല്‍എ ഇക്കാര്യത്തില്‍ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വിഷ്ണു വ്യക്തമാക്കി. കൃഷ്ണ ഓഡിറ്റോറിയത്തിന്റെ മുന്നിലുള്ള കടയില്‍ ചെറിയ ബേക്കറിയും കൂള്‍ ഡ്രിങ്‌സും മറ്റും വില്‍ക്കുന്ന കട നടത്തുകയായിരുന്നു സതീശന്‍. ഈ കടയായിരുന്നു സതീശന്റെ ജീവിതമാര്‍ഗം. എക മകന്‍ വിഷ്ണു ബി ടെക്ക് കഴിഞ്ഞെങ്കിലും തൊഴില്‍ രഹിതനാണ്. കടയിലെ ഉപകരണങ്ങളും സാധനങ്ങളുമെല്ലാം പ്രളയത്തില്‍ നശിച്ചു.

RELATED STORIES

Share it
Top