കണ്ണാടിപ്പറമ്പിലെ ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്തിയത് സിപിഎം

കണ്ണൂര്‍: പെരുമ്പാവൂരിലെ യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ലക്ഷങ്ങള്‍ കവര്‍ന്ന കേസില്‍ പോലിസ് പിടിയിലായ ക്വട്ടേഷന്‍ സംഘത്തെ വളര്‍ത്തിയത് സിപിഎം. കഴിഞ്ഞ ദിവസം കണ്ണാടിപ്പറമ്പില്‍ നിന്നു പിടികൂടിയ കണ്ണാടിപ്പറമ്പ് പുളിക്കല്‍ വീട്ടില്‍ റഈസ്, മൊട്ടയാന്റവിട വീട്ടില്‍ സന്ദീപ്, പുല്ലുപ്പി ക്രിസ്ത്യന്‍ ചര്‍ച്ചിനു സമീപം ചാലില്‍ റെനില്‍ എന്ന അപ്പൂസ് എന്നിവര്‍ നേരത്തെയും പല കേസുകളിലും പ്രതിയാണ്. വര്‍ഷങ്ങളായി കണ്ണാടിപ്പറമ്പ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന, തട്ടിക്കൊണ്ടുപോയി കവര്‍ച്ച, ഭീഷണിപ്പെടുത്തി പണം തട്ടല്‍, വീടാക്രമണം തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍പെട്ടവരെയാണ് പോലിസ് സാഹസിക നീക്കത്തിലൂടെ പിടികൂടിയത്. 2014ല്‍ കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ സംഘം ആക്രമിച്ചതിനു പിന്നാലെ സംഘത്തലവനായ പുളിക്കല്‍ റോഷന് കണ്ണാടിപ്പറമ്പ് തെരുവില്‍വച്ച് വെട്ടേറ്റിരുന്നു. എന്നാല്‍, ഇതിനെ സിപിഎം മുതലെടുത്ത് സംഘത്തെ പാര്‍ട്ടിയിലേക്കെത്തിക്കുകയായിരുന്നു. ഹിന്ദുക്കള്‍ക്കൊപ്പം നടക്കുന്നതിനു പോപുലര്‍ ഫ്രണ്ടുകാര്‍ ആക്രമിച്ചെന്ന തരത്തിലായിരുന്നു സിപിഎം പ്രചാരണം. ഇപ്പോള്‍ പിടിയിലായ അപ്പൂസ് എന്ന റെനിലും റഹീസും സഹോദരനായ റോഷനുള്‍പ്പെടെയുള്ളവരെ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരിട്ടെത്തിയാണ് കണ്ണാടിപ്പറമ്പ് തെരുവില്‍ സ്വീകരണമൊരുക്കി പാര്‍ട്ടിയിലെത്തിച്ചത്. ലീഗ്-പോപുലര്‍ ഫ്രണ്ട് വിട്ടുവന്നവരെന്നാണ് ആദ്യം പ്രചരിപ്പിച്ചതെങ്കിലും പിന്നീട് അനുഭാവികള്‍ എന്നുപറഞ്ഞ് ഒഴിഞ്ഞുമാറി. അതേസമയം, സംഘത്തിലെ ഭൂരിഭാഗം പേരും ക്വട്ടേഷന്‍ ആക്രമണങ്ങളും കഞ്ചാവ് വില്‍പനയുമായി മുന്നോട്ടുപോയി. പലപ്പോഴും കഞ്ചാവ് കേസിലും പോലിസിനെ ആക്രമിച്ച കേസിലും ഇവര്‍ പ്രതികളായതോടെ സിപിഎം പ്രാദേശിക ഘടകത്തിലും എതിര്‍പ്പ് രൂക്ഷമായിരുന്നു. പോപുലര്‍ ഫ്രണ്ട് വിട്ട് വന്നവരെന്നു പ്രചരിപ്പിച്ച് ഏറെ കൊട്ടിഘോഷിച്ച് ഡിവൈഎഫ്‌ഐ അംഗത്വം നേടിയ സംഘം ക്വട്ടേഷന്‍ ആക്രമണങ്ങള്‍ക്കു ശേഷം ബംഗളൂരുവിലും മറ്റുമായാണ് ഒളിവില്‍പോയിരുന്നത്. ചിലര്‍ സംഘത്തില്‍ നിന്നു വഴിമാറുകയും സിപിഎം ബന്ധം ഉപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. റഹീസും കുടുംബവും മുമ്പേ സിപിഎം അനുഭാവ കുടുംബമായിരുന്നുവെങ്കിലും കഞ്ചാവ് വില്‍പനയെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘട്ടനത്തിന്റെ മറവില്‍, നുണപ്രചാരണത്തിലൂടെ സിപിഎം ജില്ലാ നേതൃത്വം തന്നെയാണ് ചുവപ്പുമാലയിട്ടു സ്വീകരിച്ചത്. ഇതിനു ശേഷവും തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ നിരവധി കേസുകളുണ്ടായിരുന്നു. യുവ വ്യവസായിയെ തട്ടിക്കൊണ്ടുപോയി വന്‍ കവര്‍ച്ച നടത്തിയതിനു സംഘം അറസ്റ്റിലായതോടെ ജില്ലാ നേതൃത്വത്തിനു പ്രാദേശിക പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടിയിരിക്കുകയാണ്. സംഘംഗങ്ങള്‍ക്ക് സ്വീകരണം നല്‍കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്നുണ്ട്.

RELATED STORIES

Share it
Top