കണ്ണന്താനത്തിന്റെ കുമ്പസാരപ്രേമം'

കണ്ണേറ്  - കണ്ണന്‍
പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവുകയില്ലെ'ന്ന ചൊല്ലുണ്ടാക്കിയ ആളും അതും ചൊല്ലിപ്പഠിച്ചുപോന്ന ആളുകളും ശോഭന ജോര്‍ജെന്ന പെണ്ണ് ഭാവികാലത്ത് ഈ ഭൂലോകത്ത് പിറക്കുമെന്നും ഇക്കണ്ട ചൊല്ല് അച്ചട്ടായിത്തന്നെ നടപ്പില്‍വരുത്തുമെന്നും ഒരിക്കലും മനസ്സില്‍ കരുതിയിട്ടുണ്ടാവില്ല. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന കണക്കില്‍പ്പെടുത്തിയാണല്ലോ ശോഭനച്ചേച്ചിക്ക് സഖാവ് പിണറായി വിജയന്‍ ഖാദി ബോര്‍ഡിന്റെ ഉപാധ്യക്ഷസ്ഥാനം പതിച്ചുകൊടുത്തത്. കാന്തപുരം മുസ്‌ല്യാരുടെ ശൈലിയനുസരിച്ച് പറഞ്ഞാല്‍, ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും എന്ന തത്ത്വത്തിന്റെ മാര്‍ക്‌സിസ്റ്റ് പാഠവും പ്രയോഗവുമാണ് ശോഭനയുടെ നിയമനം.
ഏതായാലും തനിക്കു കിട്ടിയ ഉപകാരത്തിന് അവര്‍ വേണ്ടപോലെ തിരിച്ചുകൊടുത്തിരിക്കുകയാണ്. കോണ്‍ഗ്രസ്സായിരുന്ന കാലം മുതല്‍ക്കേ ശോഭന ജോര്‍ജ് അങ്ങനെയാണ്. രാഷ്ട്രീയത്തില്‍ അവരുടെ കൈപിടിച്ചുയര്‍ത്തിയവരൊന്നും ഖേദിക്കേണ്ടിവന്നിട്ടില്ല. ആരെയും അവര്‍ മറന്നിട്ടുമില്ല. സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍ അടക്കം തന്നെ സഹായിച്ചവര്‍ക്കൊക്കെ തന്നാലാവുന്നതുപോലെയെല്ലാം അവര്‍ തിരിച്ചുകൊടുത്തു.
പറഞ്ഞിട്ടെന്ത്, ഉണ്ണുന്ന ചോറിനു കൂറു കാണിക്കാത്ത കോണ്‍ഗ്രസ്സുകാര്‍ അവരെ പെരുവഴിയില്‍ തള്ളിക്കളഞ്ഞു. ഈ പെരുവഴിയില്‍ കിടന്നു നരകയാതന അനുഭവിക്കുമ്പോള്‍ പിടിച്ചെഴുന്നേല്‍പിച്ച് കൂടെ നടത്തിയ നല്ല സമരിയക്കാരനാണ് സഖാവ് പിണറായി. ഈ പിണറായി സഖാവിനല്ലാതെ മറ്റാര്‍ക്കാണ് ശോഭനച്ചേച്ചി പ്രത്യുപകാരം ചെയ്യേണ്ടത്? അതിനാല്‍, കണ്ണന്റെ വകയായി ശോഭനച്ചേച്ചിക്കൊരു ലാല്‍സലാം.
'സഖാവ്' എന്നൊരു പുതുപുത്തന്‍ ബ്രാന്‍ഡ് ഷര്‍ട്ട് വിപണിയില്‍ ഇറക്കിക്കൊണ്ടാണ് ശോഭനച്ചേച്ചിയുടെ പ്രത്യുപകാരം. കുപ്പായത്തിന് സഖാവ് എന്നു പേരിടുമ്പോള്‍ പറഞ്ഞാല്‍ പറഞ്ഞത് ചെയ്യുന്ന, ഒന്നിനെയും പേടിക്കാത്ത, നിശ്ചയദാര്‍ഢ്യത്തിന്റെ പുരുഷരൂപമായ പിണറായി ആയിരുന്നുവേ്രത ശോഭനയുടെ മനസ്സു നിറയെ. ഊണിലും ഉറക്കത്തിലുമെല്ലാം മനസ്സില്‍ നിറഞ്ഞുനിന്ന ഈ തേജോരൂപത്തിന്റെ ഓര്‍മയില്‍ ഹര്‍ഷപുളകിതയായ ശോഭനച്ചേച്ചി, ഖാദി ബോര്‍ഡ് പുറത്തിറക്കുന്ന ഷര്‍ട്ടിനു പിണറായി വിജയന്റേതല്ലാതെ മറ്റാരുടെ പേരാണ് ഇടുക?
പക്ഷേ, കമ്മ്യൂണിസ്റ്റുകാര്‍ക്ക് 'സഖാവ്' എന്നു പറഞ്ഞാല്‍ പി കൃഷ്ണപിള്ളയാണെന്നും മുഖ്യമന്ത്രിയാണെന്നുവച്ച് ആ പട്ടം പിണറായിക്ക് ചാര്‍ത്തിക്കൊടുത്താല്‍ ശരിയാവില്ലെന്നുമൊന്നും അവരുണ്ടോ അറിയുന്നു! അത്രയൊക്കെയല്ലേ ഇപ്പോഴും പാര്‍ട്ടി വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ എല്‍കെജിയിലോ യുകെജിയിലോ ഉള്ള ശോഭനച്ചേച്ചി കമ്മ്യൂണിസം പഠിച്ചിട്ടുള്ളൂ! ഇനി അഥവാ സിപിഎമ്മിനു സഖാവ് എന്നു പറഞ്ഞാല്‍ കൃഷ്ണപിള്ളയാണെന്ന് അറിഞ്ഞിരുന്നുവെന്നു വയ്ക്കുക. എങ്കിലും കുപ്പായത്തിനു ചേച്ചി സഖാവ് എന്നേ പേരിടുമായിരുന്നുള്ളൂ. മറ്റുള്ളവര്‍ക്ക് എങ്ങനെയോ എന്തോ ആവട്ടെ, ശോഭനച്ചേച്ചിക്ക് സഖാവ് എന്നു പറഞ്ഞാല്‍ മുഖ്യമന്ത്രി തന്നെയാണ്.
കരുണാകരനല്ലാതെ മറ്റൊരു ലീഡര്‍ കോണ്‍ഗ്രസ്സില്‍ അവര്‍ക്ക് ഉണ്ടായിരുന്നില്ലല്ലോ. അതുപോലെത്തന്നെയാണ് പുതുതായി പൊറുതിക്കു വന്ന സിപിഎമ്മിലും; സഖാവ് എന്നാല്‍ പിണറായി. അതിനാല്‍, ഖാദി ബോര്‍ഡ് വിപണിയില്‍ ഇറക്കുന്ന സഖാവെന്ന കുപ്പായം അവര്‍ പിണറായിക്കു സമര്‍പ്പിക്കുന്നു, അത്രേയുള്ളൂ.
ജനം ആകാംക്ഷയോടെ കാത്തിരിക്കുന്നത്, ഈ സീസണിലേക്ക് പിണറായിയെ മനസ്സില്‍ ദര്‍ശിച്ച് സഖാവ് എന്ന കുപ്പായം വിപണിയിലിറക്കിയ ഖാദി ബോര്‍ഡ് തുടര്‍ന്നുള്ള കാലത്ത് ഏതൊക്കെ ഉല്‍പന്നങ്ങളാണ് പുറത്തിറക്കുകയെന്നും അവയ്ക്ക് എന്തെല്ലാം പേരുകളാണിടുക എന്നുമറിയാനാണ്. വിഎസിന്റെയും യെച്ചൂരിയുടെയും പേരില്‍ ജുബ്ബയും കുര്‍ത്തയും ശോഭനച്ചേച്ചി അണിയറയില്‍ ഡിസൈന്‍ ചെയ്യുന്നുണ്ടാവും എന്നാണ് കണ്ണന്റെ കണക്കുകൂട്ടല്‍. വൃന്ദ കാരാട്ടിന്റെയും ശ്രീമതി-ശൈലജ ടീച്ചര്‍മാരുടെയും പേരില്‍ ഒന്നാം തരം ഖദര്‍ സാരികള്‍ ഇനി ഖാദി ബോര്‍ഡിന്റെ ഔട്ട്‌ലെറ്റുകളില്‍ വാങ്ങാന്‍ കിട്ടുമായിരിക്കും.
ട്രെന്‍ഡ് അനുസരിച്ച് കച്ചവടം ചെയ്യാന്‍ മിടുക്കിയാണ് ശോഭന ജോര്‍ജ് എന്ന് നമുക്ക് അറിയാവുന്നതാണല്ലോ. അതതു കാലത്തേക്കു വേണ്ട രീതിയില്‍ പൊടിപൊടിക്കുന്ന കച്ചവടം നടത്താന്‍ നമ്മളാരും അവരെ പഠിപ്പിക്കേണ്ടിവരില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ ദേശീയ പതാക വിറ്റുകൊണ്ടിരിക്കുന്ന ഖാദി ബോര്‍ഡിന്റെ സ്‌റ്റോറുകളില്‍ നിന്ന് ഒന്നാം തരം ചെങ്കൊടി വൈകാതെത്തന്നെ കിട്ടിത്തുടങ്ങും. മല്ലിപ്പൊടിക്കും ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്കും ശുദ്ധമായ തേനിനും പകരം മുളകുപൊടിയും സ്റ്റീല്‍ ബോംബും വില്‍പനയ്ക്കുണ്ടാവും. കണ്ണൂരിലും തലശ്ശേരിയിലുമുള്ള ഖാദി സ്റ്റോറുകളില്‍ വടിവാള്‍, ഇരുമ്പു പാര തുടങ്ങിയവയുടെ സ്‌പെഷ്യല്‍ വില്‍പനയുമുണ്ടാവുമെന്നും കരുതാവുന്നതാണ്.
നിലവില്‍ ഖാദി സ്റ്റോറുകള്‍ക്കുള്ള 'ആംബിയന്‍സി'ല്‍ ശോഭനച്ചേച്ചി കാതലായ മാറ്റങ്ങള്‍ വരുത്തുമെന്നും വിചാരിക്കാം. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഗാന്ധിയുടെ ചിത്രങ്ങള്‍ ചുവരില്‍ നിന്ന് എടുത്തുമാറ്റി മാര്‍ക്‌സിന്റെയും ലെനിന്റെയും ഇഎംഎസിന്റെയും എകെജിയുടെയും പടങ്ങള്‍ തീര്‍ച്ചയായും വയ്ക്കും. കാത്തിരുന്നു കണ്ടോളൂ, ഖാദി ബോര്‍ഡിന്റെ പുതിയ മുഖം.

*****

ശോഭന ജോര്‍ജിന്റെ ഒരുമ്പെട്ടിറക്കങ്ങള്‍ കാണുമ്പോള്‍ ചിലര്‍ക്കെല്ലാം മറ്റൊരു ചൊല്ല് ഓര്‍മയില്‍ വരുന്നുണ്ട്. 'പുത്തനച്ചി പുരപ്പുറം തൂക്കും' എന്നാണ് ഈ ചൊല്ല്. അല്‍ഫോന്‍സ് കണ്ണന്താനം എന്ന അച്ചായന്‍, പുരപ്പുറമെന്നല്ല പറമ്പു മുഴുവനും തൂത്തുവാരുന്നത് നാം കണ്ടതുമാണ്. പക്ഷേ, എല്ലാ നേരത്തും ഈ പുരപ്പുറം തൂപ്പ് കണ്ണന്താനത്തിന് ഇല്ല കെട്ടോ. രേഖ ശര്‍മ എന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ കുമ്പസാരമെന്ന കൂദാശ നിര്‍ത്തിക്കളയണമെന്നു പറഞ്ഞപ്പോള്‍ കണ്ണന്താനത്തിന്റെ മുട്ടു വിറച്ചു; മട്ടു മാറി. ഉള്ളിന്റെ ഉള്ളിലുള്ള സത്യമായ തിരുസഭ എന്ന വികാരം ഉണര്‍ന്നെഴുന്നേറ്റു.
കണ്ണന്താനം പറയുന്നത് കുമ്പസാരത്തെപ്പറ്റി രേഖ ശര്‍മ പറഞ്ഞതൊന്നും ബിജെപിയുടെ അഭിപ്രായമല്ല എന്നാണ്. പരിശുദ്ധ പിതാക്കന്‍മാരെ പാര്‍ട്ടി കുറ്റപ്പെടുത്തില്ല; സഭയെ കൈവെടിയുകയുമില്ല. അതുമിതും പറഞ്ഞ് കേരളത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കിട്ടാനുള്ള വോട്ടുകള്‍ കളയാന്‍ പാര്‍ട്ടിയെ കിട്ടില്ല എന്നാണ് കണ്ണന്താനം നടത്തിയ കുമ്പസാരത്തിന്റെ പൊരുള്‍.
വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ അഭിപ്രായം ന്യൂനപക്ഷ കമ്മീഷന്‍ അംഗമായ ജോര്‍ജ് കുര്യനും ബോധിച്ചിട്ടില്ല. പാര്‍ട്ടി ബിജെപി തന്നെ; നിലവിളക്ക് കൊളുത്തുകയും പൊട്ടു തൊടുകയും 'ഇസ്‌ലാമിക ഭീകരത'യ്‌ക്കെതിരില്‍ സംസാരിക്കുകയുമെല്ലാം ചെയ്യാം. പക്ഷേ, കുരിശു വരയ്ക്കുന്നതിന്റെയും കുര്‍ബാന കൈക്കൊള്ളുന്നതിന്റെയും കാര്യം വരുമ്പോള്‍ സഭയെ തള്ളാനൊക്കുകയില്ല. കണ്ണന്താനത്തിന്റെയും ജോര്‍ജ് കുര്യന്റെയും കാര്യമിരിക്കട്ടെ, സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സാക്ഷാല്‍ ജോസഫൈന്‍ സഖാവിനു പോലുമില്ല അത്രയ്ക്കങ്ങ് മനസ്സുറപ്പ്. ബിജെപിയോ സിപിഎമ്മോ എന്തുമാവാം; പക്ഷേ, വിശ്വാസമല്ലേ എല്ലാം?
ഇതു വല്ലതുമുണ്ടോ ഓരോ തവണയും കേരളത്തില്‍ വന്ന് കുളം കലക്കിക്കൊണ്ടിരിക്കുന്ന രേഖ ശര്‍മ അറിയുന്നു! അവര്‍ വേണമെങ്കില്‍ ലൗജിഹാദിനെപ്പറ്റി നൂറു തവണയോ ആയിരം തവണയോ പറഞ്ഞുകൊള്ളട്ടെ, മുത്ത്വലാഖിനെ മുച്ചൂടം എതിര്‍ത്തുകൊള്ളട്ടെ, ഒരു 'അവന്‍മാരും' എതിര്‍ക്കില്ല. സെക്കുലറിസ്റ്റുകള്‍ മിണ്ടുകയേയില്ല. മുസ്‌ലിം സമുദായത്തിനകത്തുള്ള സമാധാനത്തിന്റെ മാടപ്രാവുകളും കേട്ടില്ല, കണ്ടില്ല എന്നു നടിച്ചുകൊള്ളും. അങ്ങനെയാണോ തിരുസഭയുടെ അടിക്കല്ലിളക്കിക്കളയുന്ന വര്‍ത്തമാനം പറയുന്നത്? കണ്ണന്താനത്തിന് ചൊറിഞ്ഞുവരുന്നത് വെറുതെയല്ല. അതിനാല്‍, പ്രാര്‍ഥന ഇങ്ങനെ: 'രേഖ ശര്‍മ ചെയ്യുന്നതെന്താണെന്ന് രേഖ ശര്‍മയ്ക്കറിയുകയില്ല, അവരോട് പൊറുക്കേണമേ, ആമേന്‍...

*****

പള്ളിയാണോ പാര്‍ട്ടിയാണോ പ്രധാനം, കുമ്പസാരക്കൂടാണോ രക്തസാക്ഷി മണ്ഡപമാണോ പവിത്രം എന്ന ചോദ്യം തന്നെയാണ് മാത്യു ടി തോമസിനെയും തുറിച്ചുനോക്കി പേടിപ്പിക്കുന്നത്. മാത്യു ടി തോമസ് മാര്‍ക്‌സിസ്റ്റല്ല, പക്ഷേ, സംഗതിവശാല്‍ ഇടതു മുന്നണിയിലാണല്ലോ നില്‍പ്. സിപിഎം ആണല്ലോ സ്‌റ്റേറ്റ് കാറും മന്ത്രി ബംഗ്ലാവും തന്നത്. അന്നം തരുന്ന പാര്‍ട്ടിയെ അങ്ങനെയങ്ങ് കൈവിട്ടുകളയാനൊക്കില്ല. അതിനാല്‍ പാര്‍ട്ടിക്കകത്തെ എതിരാളികള്‍ ചേര്‍ന്ന് കെ കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍, താന്‍ ക്രിസ്ത്യന്‍ വികാരം പ്രയോഗിക്കുന്ന വര്‍ഗീയവാദിയാണെന്ന് പറയുമ്പോള്‍ മാത്യു ടി തോമസിനു നെഞ്ചു പിടയ്ക്കുന്നതില്‍ കുറ്റം പറയാനാവില്ല.
തന്റെ മതേതരത്വം ഇടതു മുന്നണിക്കകത്ത് തെളിയിച്ചേ തീരൂ. അതുകൊണ്ട് നെഞ്ചു കീറി നേരു കാട്ടാന്‍ തയ്യാറായി നില്‍ക്കുകയാണ് മന്ത്രി. എന്നുവച്ച് പള്ളിയെയും പട്ടക്കാരെയും തള്ളിപ്പറയാന്‍ മാത്യു ടി തോമസ് തയ്യാറല്ല. താനൊരു വൈദികന്റെ മകനാണെന്നും ആ പാരമ്പര്യത്തെ തള്ളില്ലെന്നുമൊക്കെ ഉറച്ചുപറയാന്‍ കക്ഷി തയ്യാര്‍. പക്ഷേ, അപ്പോഴും നെഞ്ചു പിടയ്ക്കുന്നുണ്ടോ മന്ത്രിക്ക് എന്നാണ് കണ്ണന്റെ സംശയം.
ചെകുത്താനും കടലിനുമിടയിലാണ് മന്ത്രി എന്നൊന്നും കണ്ണന്‍ പറയുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍ ആരാണ് ചെകുത്താന്‍, ഏതാണ് കടല്‍ എന്നൊന്നും തെളിച്ചുപറയാന്‍ വയ്യല്ലോ. അതിനാല്‍, പള്ളിക്കും ഇടതു മുന്നണിക്കുമിടയിലാണ് അദ്ദേഹം എന്നു പറഞ്ഞു നമുക്ക് മയപ്പെടുത്താം. എന്നാലും ആ കൃഷ്ണന്‍കുട്ടിയുണ്ടാക്കിയ പുക്കാറത്ത് ചില്ലറയൊന്നുമല്ല കെട്ടോ!
എല്ലാംകൂടി ചേര്‍ത്തുവച്ച് ആലോചിക്കുമ്പോള്‍ സഭാ വിശ്വാസികള്‍ ചെന്നുപെട്ട കുരുക്ക് വല്ലാത്ത ഒന്നാണ്. ഇതുവരെ പുലര്‍ത്തിയ മെയ്‌വഴക്കം മതിയാവില്ല പുതിയ കുഴപ്പങ്ങളെ നേരിടാന്‍ എന്നു തീര്‍ച്ച. ഇതൊക്കെയുണ്ടോ ജലന്ധറിലിരുന്നു സഭ ഭരിക്കുന്ന തൃശൂരിലെ അയ്പുണ്ണി മാഷുടെ മോന്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനും കുമ്പസാരക്കൂട്ടില്‍ കിക്കിളിപൂണ്ടെന്നു പറയപ്പെടുന്ന ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കും അറിയുന്നു! പ്രാണവേദന എലിക്കാണ്, പൂച്ചക്കെന്ത്...?             ി

അവശിഷ്ടം: ഭരണമികവിന്റെ കാര്യത്തില്‍ കേരളത്തിന് ഒന്നാം സ്ഥാനമെന്ന സര്‍ക്കാര്‍ പരസ്യം വസ്തുതാവിരുദ്ധം- രമേശ് ചെന്നിത്തല.
സംഭവം പ്രതിപക്ഷ നേതാവിനുള്ള മികവിന്റെ കാര്യത്തിലാണെങ്കിലോ രമേശ്ജീ?

RELATED STORIES

Share it
Top