കണ്ണട വിവാദം ലളിതജീവിതം വ്യക്തികള്‍ തീരുമാനിക്കണം: കാനം

തിരുവനന്തപുരം: ലളിതജീവിതം വേണോയെന്ന് തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദത്തിലാണ് കാനത്തിന്റെ പ്രതികരണം. സ്പീക്കര്‍ 50,000 രൂപ ചെലവിട്ട് കണ്ണട വാങ്ങിയത് ചട്ടവിരുദ്ധമായ നടപടിയാണെങ്കില്‍ തെറ്റാണ്. എന്നാല്‍, അര്‍ഹതയുണ്ടെങ്കില്‍ ആനുകൂല്യം വാങ്ങുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ഇംബേഴ്‌സ്‌മെന്റ് കിട്ടുമായിരുന്നിട്ടും താന്‍ ഇതിന് തുക എഴുതിയെടുത്തിട്ടില്ലെന്നും കാനം പറഞ്ഞു. അതേസമയം, കണ്ണട വാങ്ങുന്നതിന് 49,900 രൂപ കൈപ്പറ്റിയെന്ന വിവാദത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനു പിന്തുണയുമായി റവന്യൂമന്ത്രിയും കൃഷിമന്ത്രിയും രംഗത്തെത്തി. സ്പീക്കര്‍ ചട്ടവിരുദ്ധമായി ഒന്നും നേടിയിട്ടില്ലെന്നും വിവാദം അനാവശ്യമാണെന്നും അര്‍ഹതപ്പെട്ടതാണ് എഴുതിയെടുത്തതെന്നും ഇ ചന്ദ്രശേഖരനും വി എസ് സുനില്‍ കുമാറും കൊച്ചിയില്‍ പറഞ്ഞു.  കണ്ണട വിവാദത്തില്‍ സ്പീക്കറെ പരോക്ഷമായി കളിയാക്കി മുന്‍ കോഴിക്കോട് കലക്ടര്‍ എന്‍ പ്രശാന്ത് നേരത്തേ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇപ്പോള്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ സ്റ്റാഫ് അംഗമായ പ്രശാന്തിന്റെ പരിഹാസം. പത്തു വര്‍ഷമായി സര്‍ക്കാര്‍ജോലിയില്‍ തുടര്‍ന്നിട്ടും ഇതുവരെ മരുന്നിനും ആശുപത്രിക്കും ചികില്‍സയ്ക്കും ചെലവായ തുക സര്‍ക്കാരില്‍ നിന്ന് എഴുതിവാങ്ങിയിട്ടില്ലെന്ന് പറഞ്ഞാണ് കുറിപ്പിന്റെ തുടക്കം.

RELATED STORIES

Share it
Top