കണ്ണടയൊന്നു മാറ്റിയാല്‍

മുഖ്യധാരാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നും പഠിക്കാതെ തന്നെ സ്വപ്രയത്‌നത്താല്‍ സിവില്‍ സര്‍വീസ് പരീക്ഷയെന്ന കടമ്പ കടന്ന ശാഹിദ് ടി തിരുവള്ളൂര്‍ എന്ന ചെറുപ്പക്കാരന്‍ വിരല്‍ചൂണ്ടുന്നത് കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ പ്രബലമായി നിലനില്‍ക്കുന്ന ഒരു ബദല്‍ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്കാണ്. വിവിധ മതസംഘടനകളുടെ കീഴില്‍ കേരളത്തില്‍ പലയിടത്തും മതപഠനവും ആധുനിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുകൊണ്ടുള്ള സ്ഥാപനങ്ങളുണ്ട്. ഇവിടെ നിന്നു പുറത്തുവരുന്ന വിദ്യാര്‍ഥികള്‍ ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളില്‍ പഠിച്ച് ഉന്നതമായ ജോലികളില്‍ എത്തിച്ചേരുന്നത് സാധാരണം. ശാഹിദ് ഇക്കൂട്ടത്തില്‍ സിവില്‍ സര്‍വീസിലെത്തിയ ആദ്യത്തെ ആളാണ്. തികച്ചും അഭിമാനകരവും അഭിനന്ദനാര്‍ഹവുമായ നേട്ടമാണിത്.
മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെടുകയോ അകന്നുനില്‍ക്കാന്‍ വിധിക്കപ്പെടുകയോ ചെയ്ത സമുദായമാണ് മുസ്‌ലിംകള്‍. അവരുടെ കൂട്ടത്തിലെ യാഥാസ്ഥിതികരെന്നു വ്യവഹരിക്കപ്പെടുന്ന ആളുകളാണ് ഒട്ടുമുക്കാലും മേല്‍പ്പറഞ്ഞ ബദല്‍ വിദ്യാഭ്യാസരീതിയുടെ ഉപജ്ഞാതാക്കള്‍. ഹുദവി, ഹസനി തുടങ്ങിയ അറബിപ്പേരുള്ള ബിരുദങ്ങള്‍ക്കപ്പുറത്തേക്കെത്തുന്ന ജീവിതവീക്ഷണം ഈ സ്ഥാപനങ്ങള്‍ വളര്‍ത്തിയെടുക്കുന്നു എന്നത് സത്യം. മതസ്ഥാപനങ്ങളെ തീവ്രവാദോല്‍പാദന കേന്ദ്രങ്ങളായും മതപരിവര്‍ത്തന പരിശീലനത്തിനുള്ള ഇടങ്ങളായും ചിത്രീകരിക്കുന്ന വര്‍ഗീയ-സെക്കുലര്‍ പൊതുബോധങ്ങളെ ശാഹിദിന്റെ നേട്ടം അപ്രസക്തമാക്കുന്നു.

RELATED STORIES

Share it
Top