കണ്ണംകൈ-കൊവ്വപ്പുഴ റോഡ് പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍

തൃക്കരിപ്പൂര്‍: കണ്ണൂര്‍-കാസര്‍കോട് ജില്ലാ അതിര്‍ത്തി പങ്കിടുന്ന തൃക്കരിപ്പൂര്‍ തീരദേശ പാതയിലെ യാത്രാപ്രശ്‌നം പരിഹരിക്കുന്നതിനായി നിര്‍മാണം തുടങ്ങിയ കണ്ണംകൈ-കൊവ്വപ്പുഴ റോഡ് പാലം പാതിവഴിയില്‍ ഉപേക്ഷിച്ച് ഏഴുമാസത്തിലധികമായി. ഈ മേഖലയിലെ ഗതാഗതത്തിന് നാഴികക്കല്ലാകുന്ന കൊവ്വപ്പുഴ പാലം എന്നു പൂര്‍ത്തീയാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
പദ്ധതി എസ്റ്റിമേറ്റുമായി ബന്ധപ്പെട്ട് ആദ്യം മുതലേ കരാറുകാരും അധികൃതരുമായി പ്രശ്‌നമുണ്ടായിരുന്നു. പുതുക്കിയ എസ്റ്റിമേറ്റിന് ചീഫ് സെക്രട്ടറിയുടെ അനുമതി കിട്ടാതതാണ് കാരണമായി പറയുന്നത്. 2016 ഒക്ടോബറിലാണ് കണ്ണംകൈ-കൊവ്വപ്പുഴ റോഡ് പാലം പണി ആരംഭിച്ചത്. 3.45 കോടി രൂപ ഭരണാനുമതി ലഭിച്ച പ്രവൃത്തി സാങ്കേതികാനുമതി ലഭിച്ചപ്പോള്‍ 2.90 കോടിയായി കുറഞ്ഞു. ഇതുസംബന്ധിച്ച് വിശദമായി പരിശോധിച്ചപ്പോള്‍ കമ്പിയുടെ തുക ഉള്‍പ്പെടുത്താതെയാണ് എസ്റ്റിമേറ്റ്  കണക്കാക്കിയതെന്നും ബോധ്യപ്പെട്ടു. എന്നാല്‍ നേരത്തേയുണ്ടാക്കിയ എസ്റ്റിമേറ്റിലെ അപാകതകള്‍ പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തി ആരംഭിച്ചു. ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു, എം രാജഗോപാലന്‍ എംഎല്‍എ എന്നിവരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പാലം പണി വീണ്ടും ആരംഭിച്ചതെങ്കിലും ഇതുവരെ ഉറപ്പ് പാലിച്ചില്ലെന്നു കരാറുകാര്‍ പറയുന്നു.
അതേസമയം കഴിഞ്ഞ ഡിസംബര്‍ അവസാനം ബാക്കി വരുന്ന 30 ലക്ഷം രൂപ കൂടി അനുവദിച്ചതായി ജില്ലാ ഭരണാധികാരികള്‍ അറിയിച്ചിട്ടുണ്ടെങ്കിലും അതു സംബന്ധിച്ചു വ്യക്തത വരുത്തിയിട്ടില്ല.
പാലത്തിന്റെ അടിത്തറമാത്രമാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. തൊട്ടടുത്ത വയവയലിലൂടെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും താല്‍ക്കാലികമായി പോകാന്‍ ഒരുക്കിയ റോഡില്‍ ചെളികുഴികള്‍ നിറഞ്ഞ് യാത്ര ദുസ്സഹമായിട്ടുണ്ട്. അപകട ഭീതിയിയോടെയാണ് വാഹനങ്ങള്‍ ഇതുവഴി പോകുന്നതെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
ചെറുവത്തൂര്‍-പടന്ന-ഉടുമ്പുന്തല-പയ്യന്നൂര്‍ തീരദേശ റൂട്ടില്‍ നിരവധി ബസുകള്‍ ഉള്‍പ്പെടെയുള്ള നൂറുക്കണക്കിന് വാഹനങ്ങള്‍ പോകുന്നുണ്ട്. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് എംഎല്‍എയോടും ജില്ലാകലക്ടറോടും ജില്ലാപഞ്ചായത്ത് പ്രസിഡന്റിനോടും  മാസങ്ങള്‍ക്കുമുമ്പ് ചേര്‍ന്ന ജില്ലാ വികസന കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. പാലം പണി പുനരാരംഭിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top