കണ്ടെയ്‌നര്‍ ലോറി വീടിനു മുകളിലേക്ക് മറിഞ്ഞിട്ട് ആറു ദിവസം

വൈക്കം: വടകര ഉദയാപറമ്പത്ത് ക്ഷേത്രത്തിനു സമീപം കണ്ടെയ്‌നര്‍ ലോറി വീടിനുമുകളിലേക്കു മറിഞ്ഞിട്ട് ആറു ദിവസം പിന്നിട്ടു. വീട്ടുകാര്‍ ഇന്നും ഭീതിയുടെ നിഴലില്‍. ലോറി നീക്കം ചെയ്യത്താതുമൂലം മാനസികാസ്വാസ്ഥ്യമുള്ള വ്യക്തി ഉള്‍പ്പെടെയുള്ള ആറംഗ നിര്‍ധന കുടുംബം എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലാണ്.
മാര്‍ച്ച് 29നാണ് നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറി മൂന്നോട്ടുനീങ്ങി സമീപത്തുള്ള വീടിന്റെ മുകളിലേക്കു മറിഞ്ഞത്. കണ്ടെയ്‌നറില്‍ നിന്ന് വേര്‍പെട്ട ലോറി മരത്തില്‍ തട്ടി നില്‍ക്കുകയാണ്. ഇത് ഏതു നിമിഷവും താഴേക്കു നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കണ്ടെയ്‌നര്‍ മറിഞ്ഞു വീണതോടെ കൊല്ലാട് വേണുവിന്റെ വീടിന്റെ ഭിത്തിയും മേല്‍ക്കൂരയും തകര്‍ന്നു. തകര്‍ന്ന വീട് നന്നാക്കി കിട്ടിയാല്‍ മതിയെന്ന് വീട്ടുടമ പറയുന്നു. എന്നാല്‍ ലോറി ഉടമ 50,000 രൂപ നല്‍കാമെന്നാണു പറയുന്നത്. ഇതുകൊണ്ട് തകര്‍ന്ന വീട് പുനര്‍നിര്‍മിക്കുക അസാധ്യമാണെന്നു വീട്ടുടമ പറയുന്നു. ഇതു സംബന്ധിച്ച് പോലിസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. പ്രശ്‌നത്തില്‍ ഇടപെടേണ്ട താലൂക്ക്, റവന്യു അധികാരികള്‍ നിഷ്‌ക്രിയത്വമാണ് പുലര്‍ത്തുന്നത്. ഇന്നലെ വീട്ടുമുറ്റത്ത് എത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ വീട്ടുകാരുടെ അവസ്ഥ കണ്ട് അമ്പരന്നിരുന്നു.
സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന പട്ടികജാതി കുടുംബത്തിന്റെ അവസ്ഥയില്‍ അധികാരികള്‍ ഇനിയും ഇടപെടലുകള്‍ നടത്താന്‍ വൈകിയാല്‍ ഇവരുടെ ജീവിതം തന്നെ പെരുവഴിയിലാവുന്ന സാഹചര്യമാണ്. കെപിഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ വീട്ടിലേക്കാണ് ടാങ്കര്‍ ലോറി മറിഞ്ഞത്. ഇവിടെ പുനര്‍നിര്‍മാണമല്ലാതെ മറ്റൊരു മാര്‍ഗമില്ലാത്ത സ്ഥിതിയാണ്.

RELATED STORIES

Share it
Top