കണ്ടെയ്‌നര്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ്: ദേശീയപാതയില്‍ അപകടങ്ങള്‍ പതിവാകുന്നു

അണങ്കൂര്‍: വിവിധ കമ്പനികളുടെ ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ഓട്ടോകള്‍ എന്നിവയുമായി എത്തുന്ന കണ്ടയ്‌നര്‍ ലോറികള്‍ ദേശീയപാതക്കരികില്‍ അലക്ഷ്യമായി നിര്‍ത്തിയിടുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. പെരുന്നാള്‍ ദിനത്തില്‍ അണങ്കൂരില്‍ കാറില്‍ ലോറിയിടിച്ച് യുവാവ് മരിക്കാനിടയായ സംഭവം കണ്ടയ്‌നര്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ് മൂലമാണെന്ന് പരാതി ഉയര്‍ന്നു. വടക്കേ ഇന്ത്യന്‍  സംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടെ വിവിധ വാഹന ഷോറു മുകളിലേക്ക് വരുന്ന കണ്ടയ്‌നര്‍ ലോറികള്‍ ജില്ലയിയിലെ ദേശീയ പാതയ്ക്കരികിലാണ് നിര്‍ത്തിയിടുന്നത്. കാസര്‍കോട് കറന്തക്കാട്, അണങ്കൂര്‍, ചെമനാട്, പാണലം, ഇന്ദിരാനഗര്‍, ചെങ്കള എന്നിവിടങ്ങളിലുള്ള വാഹന ഷോറൂമുകള്‍ക്ക് മുന്‍വശമാണ് കണ്ടയ്‌നര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത്. പുലര്‍ച്ചെ എത്തുന്ന കണ്ടയ്‌നര്‍ ലോറികള്‍ ദേശീയ പാതയ്ക്കരികില്‍ യാതൊരു നിയന്ത്രണവുമില്ലാതെ പാര്‍ക്ക് ചെയ്ത് ഡ്രൈവര്‍മാര്‍ വിശ്രമിക്കുകയാണ്. ചില കണ്ടയ്‌നറുകള്‍ അര്‍ധരാത്രിയോടെയാണ് എത്തുന്നത്. ദേശീയ പാതക്കരികില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട ട്രാഫിക്ക് നിയമങ്ങള്‍ ലംഘിക്കുകയാണ് ചെയ്യുന്നത്. ചില സ്ഥലങ്ങളില്‍ തെരുവ് വിളക്കില്ലാത്തതിനാല്‍ ചെറുവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് പാര്‍ക്ക് ചെയ്യുന്ന കണ്ടയ്‌നര്‍ ലോറികള്‍ കാണാത്തത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. അണങ്കൂരിലെ ഷോറൂമിലേക്ക് വരുന്ന കണ്ടയ്‌നനറുകള്‍ തിരിക്കുമ്പോള്‍ റോഡില്‍ കുടുങ്ങുന്നതിനാല്‍ പലപ്പോഴും ഗതാഗത സ്തംഭനം ഉണ്ടാവാറുണ്ട്. പെരുന്നാള്‍ ദിവസം രാവിലെ അണങ്കൂരില്‍ കാറിലേക്ക് ലോറിയിടിച്ച് കാര്‍ യാത്രക്കാരനായ വിദ്യാനഗര്‍ പടുവടുക്കം സ്വദേശി നിസാമുദ്ദീന്‍ മരിക്കാനിടയായത് കണ്ടയ്‌നര്‍ ലോറിയുടെ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്നാണ്. വലിയ അപകടങ്ങള്‍ക്ക് കാരണമാവുന്ന കണ്ടയ്‌നര്‍ ലോറികളുടെ പാര്‍ക്കിങിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഡ്രൈവര്‍മാരുടേയും നാട്ടുകാരുടേയും ആവശ്യം.

RELATED STORIES

Share it
Top