'കണ്ടല്‍'പൊക്കുടന്‍

എ.പി. വിനോദ്

kandalpokkudanഒരു മനുഷ്യന്‍ ഒരു പ്രസ്ഥാനമായി മാറുന്നത് ചരിത്രത്തില്‍ അപൂര്‍വ സംഭവമാണ്. ചിലരുണ്ട്, ഒരു നിയോഗം പോലെ തന്നെ ദൈവം ഏല്‍പ്പിച്ച കര്‍ത്തവ്യം നിര്‍വഹിക്കാന്‍ ഭൂമിയില്‍ എത്തുന്നവര്‍. കല്ലേന്‍ പൊക്കുടന്റേത് ഇത്തരത്തിലൊരു ജീവിതമാണ്. പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് മാത്രമേ മനുഷ്യന് ജീവിക്കാന്‍ സാധിക്കൂവെന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ പൊക്കുടന്‍ ഏതു സുനാമിയെയും അതിജീവിക്കാന്‍ കരുത്തുള്ള കണ്ടലാണ്.

'കണ്ടല്‍ പൊക്കുടന്‍' എന്നറിയപ്പെടാന്‍ ഇഷ്ടപ്പെട്ട ഈ പ്രകൃതിസ്‌നേഹിയുടെ ജീവിതം പരിസ്ഥിതിപഠനത്തിന്റെ തുറന്ന പുസ്തകമാണ്. ജീവിതാനുഭവങ്ങളിലേക്ക് വേരുകളാഴ്ത്തിയാണ് കല്ലേന്‍ പൊക്കുടനെന്ന ദലിത് പോരാളി തന്റെ ദൗത്യം ആരംഭിച്ചത്. ആദ്യം ജന്മിത്തവിരുദ്ധ പോരാട്ടത്തിലൂടെ രാഷ്ട്രീയരംഗത്ത് സജീവമായി. കീഴാളവിരുദ്ധ മനോഭാവം പുലര്‍ത്തിയിരുന്ന സാമൂഹികവ്യവസ്ഥിതിക്കെതിരേ പോരാടാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെടുക്കുകയും കര്‍ഷകസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. വര്‍ണാധിപത്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഗ്രസിച്ചപ്പോള്‍ പൊക്കുടന്‍ പാര്‍ട്ടിയുടെ പടിയിറങ്ങി. ര

ണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വിദ്യ നിഷേധിച്ച വരേണ്യവര്‍ഗത്തോടുള്ള രോഷം ജീവിതത്തിലെന്നുമുണ്ടായിരുന്നു. 1989ല്‍ പരിസ്ഥിതിരംഗത്ത് സജീവമായി. കുളിച്ചും കളിച്ചും വളര്‍ന്ന കണ്ണൂര്‍ പഴയങ്ങാടി പുഴയോരത്തെ കണ്ടല്‍ക്കാടുകളുടെ പ്രാധാന്യം മനസ്സിലാക്കിയ പൊക്കുടന്‍ ഏഴോം പഞ്ചായത്തിലെ പുഴയോരങ്ങളിലും കൈപ്പാടുകളിലും കണ്ടല്‍ചെടികള്‍ നട്ടുപിടിപ്പിച്ച് പരിസ്ഥിതിപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു. എന്നും തോണിയില്‍ പുഴയിലൂടെ സഞ്ചരിച്ച് കണ്ടല്‍ വിത്തുകളും ചെടികളുമായി എത്തുന്ന പൊക്കുടന്‍ ബണ്ടുകളുടെയും പുഴകളുടെയും തീരത്ത് ചെടികള്‍ നട്ടുപിടിപ്പിക്കുകയായിരുന്നു. 'നട്ടപ്‌രാന്തന്‍' എന്നു കളിയാക്കി വിളിച്ചവരോട് ചിരിച്ചുകൊണ്ട് ഞാനൊരു പ്‌രാന്തന്‍ കണ്ടലാണെന്നു പറയാന്‍ പൊക്കുടന് മടിയില്ലായിരുന്നു. നട്ടുപിടിപ്പിച്ച കണ്ടലുകള്‍ ആദ്യകാലങ്ങളില്‍ സാമൂഹികവിരുദ്ധര്‍ പിഴുതെറിയുകയായിരുന്നു. ദുഃഖം ഉള്ളിലൊതുക്കി കൂടുതല്‍ കണ്ടല്‍ വച്ചുപിടിപ്പിക്കാനാണ് അപ്പോള്‍ ശ്രമിച്ചത്.

ഉപ്പു പിടിച്ച പുഴയോരങ്ങളില്‍ ആര്‍ക്കും വേണ്ടാതെ വളര്‍ന്നുകിടന്ന കണ്ടല്‍ചെടികളുടെ ജൈവികപ്രാധാന്യം കുട്ടികളെയും മുതിര്‍ന്നവരെയും പഠിപ്പിച്ചത് പൊക്കുടനാണ്. നമ്മുടെ സര്‍വകലാശാലകള്‍ പോലും സുനാമിയെയും കൊടുങ്കാറ്റിനെയും തടയാന്‍ കണ്ടലുകള്‍ക്ക് കഴിയുമെന്ന് മനസ്സിലാക്കിയത് പൊക്കുടനിലൂടെയാണ്. കണ്ടലുകളുടെ വളര്‍ത്തച്ഛനായ പൊക്കുടന് ഒരു ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു കണ്ടല്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയെന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയിലാണ് പൊക്കുടന്‍ യാത്രയായത്. ജര്‍മനി, നീപ്പാള്‍ എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലും ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലും പൊക്കുടനെക്കുറിച്ച് ഗവേഷണപ്രബന്ധങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്.

യുനെസ്‌കോ ഇദ്ദേഹത്തിന്റെ പരിസ്ഥിതിപ്രവര്‍ത്തനങ്ങളെ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്യുകയുണ്ടായി. കണ്ടലിനെക്കുറിച്ച് പഠിക്കാനെത്തുന്ന എല്ലാവരോടും അതിന്റെ ഔഷധഗുണത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും വാചാലനാകുന്ന പൊക്കുടനെ സംസ്ഥാന വനംവകുപ്പിന്റെ വനമിത്ര പുരസ്‌കാരം, ഭൂമിമിത്ര പുരസ്‌കാരം, ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ തേടിയെത്തി. 'കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്റെ ജീവിതം', 'കണ്ടല്‍വനങ്ങള്‍', 'ചൂട്ടാച്ചി', ' ജീവിതം' എന്നിവ പൊക്കുടന്റെ ജീവിതവുമായി ബന്ധപ്പെട്ട പുസ്തകങ്ങളാണ്. പ്രായത്തിന്റെ അവശതകള്‍ അലട്ടുമ്പോഴും കണ്ടല്‍ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരേ എന്നും ശക്തിയോടെ സംസാരിച്ചിരുന്നു പൊക്കുടന്‍.

കഴിഞ്ഞ നവംബര്‍ എട്ടിന് കണ്ണൂര്‍ സര്‍വകലാശാലയിലെ അവാര്‍ഡ് ദാനച്ചടങ്ങിലാണ് പൊക്കുടന്‍ അവസാനമായി സംസാരിച്ചത്. ഗവര്‍ണര്‍ പി. സദാശിവത്തില്‍നിന്ന് ആചാര്യ അവാര്‍ഡ് സ്വീകരിച്ച ശേഷം പൊക്കുടന്‍ കണ്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അരമണിക്കൂറോളമാണ് സംസാരിച്ചത്. ി

RELATED STORIES

Share it
Top