കണ്ടല്ലൂര്‍ കൊലപാതകം; ഉന്നത ബന്ധമുണ്ടെന്ന സൂചന



കായംകുളം: കണ്ടല്ലൂരില്‍ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചു.
കണ്ടല്ലൂര്‍ തെക്ക് ശരവണ ഭവനത്തില്‍  സുമേഷി(27)നെ കൊലപ്പെടുത്തിയ കേസിലെ  പ്രതികള്‍ക്കായി  അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം  രാത്രി എട്ടരയോടെ കണ്ടല്ലൂര്‍ കളരിക്കല്‍ ജങ്ഷന് സമീപം വച്ചായിരുന്നു നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സുമേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന യുവാവിനെ കാറിലെത്തിയ അഞ്ചോളം വരുന്ന സംഘം ഓടിച്ചിട്ട് വെട്ടുകയായിരുന്നു. സമീപത്തെ വയലിലേക്ക് ഓടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്തുടര്‍ന്ന് വെട്ടി. ഇരുകൈയും കാലും വെട്ടിമാറ്റിയനിലയിലായിരുന്നു.
സംഭവത്തിലെ  പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും പ്രതികള്‍ ഉന്നത സഹായത്തോടെ  സംസ്ഥാനം വിട്ടതായും സൂചനയുണ്ട്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ പോലിസ് അന്വേഷണം നടത്തുന്നത്.
കേസില്‍ നിരവധിപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്‌തെങ്കിലും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞട്ടില്ല. നിരവധി പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുകയാണ്. മൂന്ന് വധശ്രമമുള്‍പ്പടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് കൊല്ലപ്പെട്ട സുമേഷ്. മുമ്പ്  സുമേഷിന്റെ അക്രമങ്ങള്‍ക്കു ഇരയായവരുടെ  പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് കണ്ടെത്തിയിട്ടുള്ളത്.

RELATED STORIES

Share it
Top