കണ്ടറിയാം, ഇനി സമുദ്ര വിശേഷങ്ങള്‍

കോഴിക്കോട്: വേനലവധിക്കാലത്ത് മേഖല ശാസ്ത്ര കേന്ദ്രത്തിലേക്ക് എത്തുന്ന സന്ദര്‍ശകരെ കാത്തിരിക്കുന്നത് ആഴക്കടലിന്റെ വിശേഷങ്ങളുമായി ഹാള്‍ ഓഫ് ഓഷ്യന്‍. സമുദ്രത്തിലെ ആഴക്കാഴ്ച്ചകളെ സ്ഥിരം സംവിധാനത്തില്‍ 70 ലക്ഷം ചെലവിട്ടാണ് ഒരുക്കിയത്. സമുദ്ര ജെവവൈവിധ്യത്തിനെ കുറിച്ചുള്ള അറിവുകളാണ് പ്രദര്‍ശനത്തില്‍ പങ്ക് വയ്ക്കുന്നത്. ജലഗ്രഹമായ ഭൂമിയില്‍ നാലില്‍ ഒന്ന് ഭാഗം മാത്രമാണ് കരയെന്നും കടലില്‍ ആദ്യമായി ജീവകണം രൂപപ്പെട്ടതും തുടര്‍ന്നുള്ള പരിണാമഘട്ടങ്ങളും പ്രദര്‍ശനത്തിന്റെ ഭാഗമായിട്ടുണ്ട്.
സ്റ്റില്‍-വര്‍ക്കിങ്ങ് മാതൃകകളിലായാണ്  സജ്ജീകരിച്ചിരിക്കുന്നത്. മറ്റൊരു പ്രധാന ആകര്‍ഷണം 20 അടിയുള്ള നീലതിമിംഗലത്തിന്റെ മാതൃകയാണ്. ഭാരതീയ പുരാണങ്ങളിലെ സമുദ്ര വിശേഷങ്ങളും പ്രദര്‍ശനം പങ്കുവയ്ക്കുന്നു. ചാകര, ഉപ്പ് നിര്‍മാണം, കടല്‍ച്ചുഴി, സമുദ്രജലത്തിലെ ചേരുവകള്‍, അഴിമുഖം,  ഒപ്പാരിന്‍-ഹാല്‍ഡെയ്ന്‍ സിദ്ധാന്തം, സുനാമി ഉണ്ടാവുന്നത്് എങ്ങനെ തുടങ്ങിയ മാതൃകകളും ഒരുക്കിയിരിക്കുന്നു. സ്‌ക്യൂബ ഡൈവിങ് മാതൃകയും കാണികള്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. കടലിന്റെ അടിത്തട്ടിലെ കൗതുക കാഴ്ച്ചകളെ കൂടാതെ കടലിലൂടെയുള്ള കപ്പല്‍ യാത്ര അനുഭവം ആസ്വദിക്കാം.
കടല്‍ക്കാഴ്ച്ചകളുമായി ത്രീഡി ടിവിയും ക്വിസ് മല്‍സരവും പ്രദര്‍ശനത്തില്‍  സജ്ജീകരിച്ചിരിക്കുന്നു. സമുദ്ര മലിനീകരണത്തിന്റെ കാരണങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും വിശിദീകരിക്കുന്നുണ്ട്. ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക്, സി ഒട്ടര്‍ അടക്കമുള്ള കടല്‍ ജീവികള്‍ വംശനാശ ഭീഷണി നേരിടുന്നതും പ്രദര്‍ശനം ഓര്‍മപ്പെടുത്തുന്നു. സമുദ്ര പര്യവേക്ഷണം, മറൈന്‍ ആര്‍ക്കിയോളജിയോടൊപ്പം കടലില്‍ നിന്നുള്ള ഊര്‍ജ ഉല്‍പാദനത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നുണ്ട്. രണ്ട് മാസം മുമ്പ് തന്നെ പണി പൂര്‍ത്തിയായ ഗാലറി വെള്ളിയാഴ്ച്ചയാണ് സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയത്. ഗാലറിയുടെ വിസ്തീര്‍ണ്ണം 4800 ചതുരശ്ര അടിയാണ്.

RELATED STORIES

Share it
Top