കണ്ടന്തറയില്‍ പ്ലാസ്റ്റിക്ക് കമ്പനിയില്‍ അഗ്‌നിബാധ

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കണ്ടന്തറയിലെ പ്ലാസ്റ്റിക്ക് കമ്പനിയില്‍ വന്‍ അഗ്‌നിബാധ. ആളപായമില്ലെങ്കിലും ലക്ഷങ്ങളുടെ നാശനഷ്ടം.
കണ്ടന്തറ ചിറയിലാന്‍ അബ്ദുവിന്റെ ഉടമസ്ഥതയിലുളള പ്ലാസ്റ്റിക്ക് കമ്പനിയാണ് അഗ്‌നിക്കിരയായത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് കമ്പനിയുടെ മുന്‍വശത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിന് തീപ്പിടിച്ചത്. തീ ആളിപ്പടര്‍ന്ന് കമ്പനിയിലേക്കും വ്യാപിച്ചതോടെ നിയന്ത്രണാധീതമാവുകയായിരുന്നു. തീ ആളിയതോടെ കമ്പനിയിലുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പെരുമ്പാവൂര്‍, അങ്കമാലി, ആലുവ, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എട്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം ശ്രമിച്ചാണ്് തീ നിയന്ത്രണവിധേയമാക്കിയത്.
കമ്പനിയിലെ സ്‌റ്റോക്കും കമ്പനി കെട്ടിടവും മെഷീനറികളും നശിച്ചിട്ടുണ്ട്. കൃത്യമായ കണക്ക് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമെന്നാണ് പ്രാഥമിക വിവരം.

RELATED STORIES

Share it
Top