കണ്ടനകത്തെ നിര്‍ദിഷ്ട മാലിന്യ സംസ്‌കരണ പ്ലാന്റ്: സിപിഎമ്മില്‍ വിവാദം

എടപ്പാള്‍: കാലടി പഞ്ചായത്തിലെ കണ്ടനകത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുമെന്ന അഭ്യൂഹം സിപിഎമ്മിനകത്ത് വന്‍ വിവാദത്തിന് തിരികൊളുത്തി. കണ്ടനകത്തെ കെഎസ്ആര്‍ടിസി റീജ്യനല്‍ വര്‍ക് ഷോപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് മാലിന്യ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കം അണിയറയില്‍ നടന്നു വരുന്നത്. ഇതിനായി കഴിഞ്ഞ ആഴ്ചയില്‍ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ ടി ജലീല്‍ സ്ഥലം സന്ദര്‍ശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
മന്ത്രിയോടൊപ്പം ഗ്രാമപ്പ ഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ ബക്കര്‍ എത്തിയതാണ് പാര്‍ട്ടിക്കകത്ത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ പ്രദേശവാസികള്‍ ഇവിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് എതിരാണ്. പൊന്നാനി താലൂക്കിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളി ല്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ഇവിടെ എത്തിക്കുന്നത് പരിസരമലിനീകരണത്തിനും ശുദ്ധജല ദൗര്‍ലഭ്യത്തിനും കാരണമാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. നിര്‍ദിഷ്ട പ്ലാന്റിനെതിരെ പ്രദേശവാസികള്‍ ജനകീയ സമിതി ചേര്‍ന്ന് പ്രക്ഷോഭ പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്.
അതേസമയം കാലടി ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിക്ക് നേതൃത്വം നല്‍കുന്ന സിപിഎം ഇവിടെ പ്ലാന്റ് സ്ഥാപിക്കുന്ന യാതൊരു വിവരവും അറിഞ്ഞിട്ടില്ലെന്നാണ് പാര്‍ട്ടിയുടെ ഗ്രാമപ്പഞ്ചായത്തംഗം പ്രസന്നകുമാരി പറയുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഏത് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ചതെന്ന് പാര്‍ട്ടിക്ക് അറിയില്ലെന്നും അവര്‍ പറയുന്നു. പഞ്ചായത്ത് ഭരണത്തിന് പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മും പഞ്ചായത്തിലെ ഭരണ സമിതിയും രണ്ട് വഴിക്കാണ് നീങ്ങുന്നതെന്ന അഭിപ്രായം പാര്‍ട്ടി പ്രവര്‍ത്തകരിലും വിവിധ ബ്രാഞ്ച് കമ്മിറ്റികള്‍ക്കിടയിലും നേരത്തെ തന്നെ വ്യാപകമാണ്. കഴിഞ്ഞ ദിവസം എംഎല്‍എ ഫണ്ടുപയോഗിച്ച് ടാറിങ് നടത്തിയ നടക്കാവ്- നരിപ്പറമ്പ് റോഡിന്റെ ഉദ്ഘാടന ചടങ്ങില്‍ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവരെ ക്ഷണിക്കാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റും മറ്റൊരു ഗ്രാമപ്പഞ്ചായത്തംഗവും മാത്രം പങ്കെടുത്തതിനെതിരെയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
മന്ത്രി കെ ടി ജലീലിന്റെ പഞ്ചായത്തിലെ പരിപാടികള്‍ പാര്‍ട്ടിയോട് ആലോചിക്കാതെയും ചര്‍ച്ച ചെയ്യാതെയും പഞ്ചായത്ത് വൈസ് പ്രസിഡന്റ് തീരുമാനിക്കുന്ന സ്ഥിതിയാണ് ഏറെ കാലമായി നിലനില്‍ക്കുന്നതെന്നും പാര്‍ട്ടിക്ക് വഴങ്ങാതെ സ്വന്തം താല്‍പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ പാര്‍ട്ടിതല നടപടി കൈകൊള്ളണമെന്നുമുള്ള നിലപാടിലാണ് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയിലേയും ബ്രാഞ്ച് കമ്മിറ്റികളിലേയും വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍. വനിതയായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ പോലും അവഗണിച്ച് കൊണ്ട് സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടു പോവുന്ന വൈസ് പ്രസിഡന്റിനെതിരെ സ്വന്തം വാര്‍ഡില്‍ നിന്നു പോലും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്.

RELATED STORIES

Share it
Top