കണ്ടങ്കാളി എണ്ണ സംഭരണ പദ്ധതിക്കെതിരേ ജനകീയ മാര്‍ച്ച്

പയ്യന്നൂര്‍: നൂറേക്കര്‍ തണ്ണീര്‍ത്തടവും നെല്‍വയലും നികത്തി പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൂറ്റന്‍ എണ്ണ സംഭരണശാല നിര്‍മിക്കുന്നതിനെതിരേ കണ്ടങ്കാളി തലോത്തുവയലില്‍ നിന്നു പയ്യന്നൂര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലേക്ക് ജനകീയമാര്‍ച്ച് നടത്തി. നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
പദ്ധതിക്കായി വയല്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക, കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കുക എന്നാവശ്യപ്പെട്ടാണു കണ്ടങ്കാളി പെട്രോളിയം വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. എന്‍ഡോസള്‍ഫാന്‍ സമരനായിക മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു.
വയലിലും വായുവിലും വെള്ളത്തിലും എണ്ണയൊഴിക്കുന്നത് വികസനമല്ലെന്നും എന്‍ഡോസള്‍ഫാന്‍ വിഷം വര്‍ഷിച്ചതിനെ തുടര്‍ന്ന് കാസര്‍കോട്ടെ പതിനായിരക്കണക്കിന് മനുഷ്യരെ നിത്യ രോഗികളാക്കിയ അതേ വികസനമാണ് കൂറ്റന്‍ എണ്ണ സംഭരണശാല സ്ഥാപിച്ചാല്‍ പയ്യന്നൂരില്‍ സംഭവിക്കാന്‍ പോവുന്നുവെന്നും അവര്‍ പറഞ്ഞു. നല്ല വെള്ളവും നല്ല ഭക്ഷണവും നല്ല വായുവും വേണമെന്ന് പറയുന്നവരെ വികസനവിരോധികളായി കാണുന്നവര്‍ ജനങ്ങളുടെ വികസനമല്ല ലക്ഷ്യം വയ്ക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രമുഖ പരിസ്ഥിതിപ്രവര്‍ത്തകനും കണ്ടങ്കാളി പെട്രോളിയം പദ്ധതി വിരുദ്ധ സമരസമിതി ചെര്‍മാനുമായ ടി പി പത്മനാഭന്‍, തലോത്ത് വയലിലെ കര്‍ഷകത്തൊഴിലാളി പി പത്മിനി, പയ്യന്നൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് പി പി ദാമോദരന്‍, പൗരാവകാശ പ്രവര്‍ത്തകന്‍ കെ രാമചന്ദ്രന്‍, അഡ്വ. ഡി കെ ഗോപിനാഥ്(കോണ്‍ഗ്രസ്), തമ്പാന്‍ തവിടിശ്ശേരി(ബിജെപി), കെ ലത്തീഫ്(മുസ്്‌ലിംലീഗ്), എന്‍ കെ ഭാസ്‌കരന്‍(ജനതാദള്‍), ജെയ്‌സന്‍ ഡൊമിനിക്(സിപിഐഎംഎല്‍), പപ്പന്‍ കുഞ്ഞിമംഗലം(യുവകലാസാഹിതി), സി വിശാലാക്ഷന്‍(ജില്ലാ പരിസ്ഥിതിസമിതി, കണ്ണൂര്‍), കൃഷ്ണന്‍ പുല്ലൂര്‍(ജില്ലാ പരിസ്ഥിതി സമിതി കാസര്‍കോഡ്), എം സുധാകരന്‍, അപ്പുക്കുട്ടന്‍ കാരയില്‍ സംസാരിച്ചു.
കവ്വായികായലിനോടു ചേര്‍ന്നുകിടക്കുന്ന അതീവപരിസ്ഥിതി പ്രാധാന്യമുള്ള വിശാലമായ നെല്‍വയലും തണ്ണീര്‍ത്തടവും നികത്തിയാണ് നിര്‍ദിഷ്ട പെട്രോളിയം പദ്ധതി സ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്.

RELATED STORIES

Share it
Top