കണിയാമ്പറ്റ മികച്ച പഞ്ചായത്ത്

കല്‍പ്പറ്റ: കേരളോല്‍സവം മികച്ച രീതിയില്‍ സംഘടിപ്പിച്ച ഗ്രാമപഞ്ചായത്തുകള്‍ക്കും ക്ലബ്ബുകള്‍ക്കുമുള്ള സമ്മാനങ്ങള്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ കണിയാമ്പറ്റ ഒന്നാംസ്ഥാനം നേടി. മുട്ടില്‍ പഞ്ചായത്ത് രണ്ടാം സ്ഥാനവും തവിഞ്ഞാല്‍ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ക്ലബ്ബായി മാനന്തവാടി റിബല്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെയും രണ്ടാമത്തെ ക്ലബ്ബായി വെങ്ങപ്പള്ളി കേരളവര്‍മ പഴശ്ശി ട്രൈബല്‍ ക്ലബ്ബിനെയും തിരഞ്ഞെടുത്തു. മികച്ച ക്ലബ്ബുകള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കും. കല്‍പ്പറ്റ ബ്ലോക്കില്‍ കേരളവര്‍മമ പഴശ്ശി ട്രൈബല്‍ ക്ലബ്ബ്, മാനന്തവാടി ബ്ലോക്കില്‍ മലര്‍വാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, പനമരം ബ്ലോക്കില്‍ പുല്‍പ്പള്ളി സ്‌പോര്‍ട്‌സ് അക്കാദമി, മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ റിബല്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ കുപ്പാടി നവോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ്, കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ തുര്‍ക്കി ജീവന്‍രക്ഷാസമിതി എന്നിവയെ വിജയികളായി തിരഞ്ഞെടുത്തു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സമ്മാനങ്ങള്‍ 24നു പാലക്കാട് നടക്കുന്ന സംസ്ഥാന കേരളോല്‍സവം സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും. പഞ്ചായത്ത് തലത്തില്‍ മികച്ച കേരളോല്‍സവം സംഘാടനത്തിന് കണിയാമ്പറ്റ പഞ്ചായത്ത് യൂത്ത് കോ-ഓഡിനേറ്റര്‍ സി എച്ച് നൂര്‍ഷ, മുട്ടില്‍ പഞ്ചായത്ത് യൂത്ത് കോ-ഓഡിനേറ്റര്‍ സി എം സുമേഷ് എന്നിവര്‍ക്ക് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ ബിജു കണ്ടക്കൈ ഉപഹാരം നല്‍കി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസര്‍ കെ ജി പ്രദീപ് കുമാര്‍, ജില്ലാ കോ-ഓഡിനേറ്റര്‍ കെ എം ഫ്രാന്‍സിസ്, ലിജോ ജോണി, അനീഷ്, വി നൗഷാദ്, അജിത് വര്‍ഗീസ്, എല്‍ദോ പൗലോസ് സംസാരിച്ചു.

RELATED STORIES

Share it
Top