കണക്കുതീര്‍ക്കാന്‍ ലങ്ക കാത്തിരിക്കുന്നു; കോഹ്‌ലിയില്ലാതെ ഇന്ത്യ നാളെ ശ്രീലങ്കയ്‌ക്കെതിരേ
കൊളംബോ: ഇന്ത്യയും  ശ്രീലങ്കയും ബംഗ്ലാദേശും പങ്കെടുക്കുന്ന നിദാഹാസ് ട്രോഫി ട്വന്റി20 ടൂര്‍ണമെന്റിന് നാളെ തുടക്കം. ആദ്യ മല്‍സരത്തില്‍ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരുടും. ഇന്ത്യയെ സംബന്ധിച്ച് യുവതാരങ്ങള്‍ക്ക് തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരമാണ് നിദാഹാസ് ട്രോഫി. കാരണം നായകന്‍ കോഹ്‌ലി, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂംറ എന്നീ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ് ശ്രീലങ്കയിലേക്ക് വണ്ടി കയറിയിരിക്കുന്നത്. രോഹിത് ശര്‍മ്മ നയിക്കുന്ന ടീമില്‍ റിഷഭ് പന്ത്, ദീപക് ഹൂഡ, മുഹമ്മദ് സിറാജ്, വിജയ് ശങ്കര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നീ യുവതാരങ്ങള്‍ ഇടം നേടിയിട്ടുണ്ട്. 2019 ഏകദിന ലോകകപ്പ് വരാനിരിക്കെ യുവതാരങ്ങള്‍ക്ക് ഈ പരമ്പരയിലെ പ്രകടനം നിര്‍ണായകമാണ്.

ബാറ്റിങില്‍ പ്രതീക്ഷ
ധോണിയും, വിരാടും ഇല്ലാതെ ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു പരമ്പരക്കിറങ്ങുന്നത്. രോഹിത് ശര്‍മയുടെ കീഴില്‍ ഇറങ്ങുന്ന ഇന്ത്യയുടെ ബാറ്റിങ് കരുത്ത് കോഹ്‌ലിയുടെ അഭാവത്തിലും സമ്പന്നമാണ്. ഓപണിങില്‍ ശിഖാര്‍ ധവാനും രോഹിത് ശര്‍മയും തീര്‍ക്കുന്ന വെടിക്കെട്ടിനൊപ്പം മൂന്നാമനായി പരിചയ സമ്പന്നനായ സുരേഷ് റെയ്‌ന ഇറങ്ങുന്നത് ഇന്ത്യയുടെ ആത്മവിശ്വാസമുയര്‍ത്തും. ഏറെ നാളുകള്‍ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ ഇന്ത്യന്‍ ജഴ്‌സിയിലേക്ക് മടങ്ങിയെത്തിയ റെയ്‌ന തകര്‍പ്പന്‍ പ്രകടനം തന്നെയാണ് ടൂര്‍ണമെന്റില്‍ പുറത്തെടുത്തത്. മൂന്നു കളികളില്‍ നിന്നും 89 റണ്‍സും ഒരു വിക്കറ്റും നേടിയ റെയ്‌ന തിരിച്ചുവരവ് ഗംഭീരമാക്കുകയും ചെയ്തു. ഇന്ത്യ ജയിച്ച നിര്‍ണായകമായ അവസാന ട്വന്റി20 മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും റെയ്‌നയ്ക്കായിരുന്നു. മധ്യനിരയില്‍ ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ക്കൊപ്പം വെടിക്കെട്ട് തീര്‍ക്കാന്‍ യുവതാരം ദീപക് ഹൂഡയെയും ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ വിജയ് ശങ്കറിനെയും ധോണിയുടെ അഭാവത്തില്‍ റിഷഭ് പാന്തിനും സാധ്യതകളുണ്ട്.
ബൗളിങില്‍ ബൂംറയുടെയും ഭുവിയുടെയും അഭാവത്തില്‍ ശര്‍ദുല്‍ ഠാക്കൂര്‍, ജയദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ് എന്നിവരാവും ഫാസ്റ്റ് ബൗളിങ് നിരയില്‍ കരുത്ത് പകരാനിറങ്ങുക. സ്പിന്‍ ബൗളര്‍ കുല്‍ദീപ് യാദവിന് വിശ്രമം അനുവദിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ട്വന്റി20 വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചാഹല്‍ ഇന്ത്യക്കൊപ്പമുണ്ട്. സ്പിന്‍ കരുത്തേകാന്‍ അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ഇന്ത്യക്കൊപ്പമുണ്ട്.


കണക്കു തീര്‍ക്കാന്‍ ശ്രീലങ്ക
ഇന്ത്യക്കെതിരായി സ്വന്തം നാട്ടില്‍ പോരിനിറങ്ങുമ്പോള്‍ ശ്രീലങ്കയ്ക്കിത് കണക്കു തീര്‍ക്കാനുള്ള അവസരമാണ്. അവസാനമായി ഏറ്റുമുട്ടിയ രണ്ട് പരമ്പരകളിയും ലങ്കയ്ക്ക് മുന്നില്‍ ഒരു മല്‍സരം പോലും അടിയറവ് വെക്കാതെയാണ് ഇന്ത്യന്‍ നിര ജയിച്ചത്. ലങ്കന്‍ മണ്ണിലും സമ്പൂര്‍ണ ജയം സ്വന്തമാക്കിയ ഇന്ത്യയെ സ്വന്തം കളിത്തട്ടില്‍ വീണ്ടും കിട്ടുമ്പോള്‍ തോല്‍വികളുടെ കടം വീട്ടാനുറച്ചാവും ശ്രീലങ്ക ഇറങ്ങുക. ഇതിന്റെ ഭാഗമായി മുന്‍ ലങ്കന്‍ നായകന്‍ മഹേല ജയവര്‍ധനയുടെ പ്രിത്യേക പരിശീലനം വരെ ലങ്കന്‍ ടീമിന് നല്‍കുന്നുണ്ട്.
ദിനേഷ് ചണ്ഡിമാലിന്റെ നായകത്വത്തിന് കീഴിലിറങ്ങുന്ന ലങ്കന്‍ ടീമില്‍ ഉപുല്‍ തരംഗ, ധനുഷ്‌ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, കുശാല്‍ പെരേര, തിസാര പെരേര തുടങ്ങിയ കരുത്തുറ്റതാരനിര തന്നെ അണിനിരക്കുന്നുണ്ട്. അതേ സമയം പരിചയ സമ്പന്നനായ ഏഞ്ചലോ മാത്യൂസിന്റെ അഭാവമാണ് ടീമിന്റെ പ്രധാന തിരിച്ചടി. എന്തായാലും കോഹ്‌ലിയും ധോണിയുമില്ലാതെ ഇറങ്ങുന്ന ഇന്ത്യയെ വീഴ്ത്തി സ്വന്തം മണ്ണില്‍ അഭിമാന പരമ്പര ഉയര്‍ത്താമെന്ന പ്രതീക്ഷയിലാണ് ലങ്കന്‍പട.

RELATED STORIES

Share it
Top