കണക്കില്‍പ്പെടാത്ത പണം; ജില്ലാ ജിയോളജിസ്റ്റിന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: കണക്കില്‍പ്പെടാത്ത പണവുമായി പിടിയിലായ പത്തനംതിട്ട ജില്ലാ ജിയോളജിസ്റ്റ് എം എം വഹാബിനെ സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജിയോളജിസ്റ്റായ തിരുവനന്തപുരം പേട്ട നികുഞ്ജം ഹെറിറ്റേജ് ഫഌറ്റിലെ സ്ഥിരതാമസക്കാരനായ എം എം വഹാബിനെതിരെയാണ് നടപടി.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇദ്ദേഹം താമസിക്കുന്ന പത്തനംതിട്ടയിലെ ഹോട്ടല്‍മുറിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2.14 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. ജിയോളജിസ്റ്റിന്റെ ഈ നടപടി സര്‍ക്കാരിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ വ്യവസായമന്ത്രി എ സി മൊയ്തീന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍. കോട്ടയം ജില്ലാ ജിയോളജിസ്റ്റ് രാമന്‍ നമ്പൂതിരിക്ക് പത്തനംതിട്ട ജില്ലയുടെ അധിക ചുമതല നല്‍കി.
പിടികൂടിയ പണം കൈക്കൂലിപ്പണമാണെന്ന് കണ്ടെത്തിയതോടെ വഹാബിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് പത്തനംതിട്ട വിജിലന്‍സ് ഡിവൈഎസ്പി പി ഡി ശശി വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടം വിജിലന്‍സ് വഹാബിനോട് ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ലഭിച്ച കൈക്കൂലിപ്പണമാണ് വഹാബിന്റെ മുറിയില്‍ നിന്നു ലഭിച്ചതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മണ്ണുമാഫിയ പണം നല്‍കിെയന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വിജിലന്‍സ് വഹാബിന്റെ മുറിയില്‍ പരിശോധന നടത്തിയത്. പാറമട ലോബികളില്‍ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയതായും വിജിലന്‍സിനു വിവരം ലഭിച്ചിട്ടുണ്ട്. വഹാബിന്റെ സ്വത്തുക്കളെക്കുറിച്ചും അന്വേഷണം ഉണ്ടാവുമെന്നാണു സൂചന. തിരുവനന്തപുരം പേട്ടയിലടക്കം പ്രധാന സ്ഥലങ്ങളില്‍ ഇയാള്‍ ഫഌറ്റും സ്ഥലവും വാങ്ങിക്കൂട്ടിയെന്നും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
2009 സപ്തംബറിലും കൈക്കൂലി കേസില്‍ വഹാബ് പിടിയിലായിരുന്നു. ഈ കേസില്‍ വിജിലന്‍സ് രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചെങ്കിലും ഹൈക്കോടതിയി ല്‍ അപ്പീല്‍ നല്‍കിയശേഷം സര്‍വീസില്‍ തിരികെയെത്തി. കോട്ടയത്ത് ജിയോളജി ഓഫിസറായിരുന്നപ്പോഴും മണ്ണ്, പാറമട ലോബിയുടെ ആളാണെന്ന ആരോപണം ഇദ്ദേഹം നേരിട്ടിരുന്നു.

RELATED STORIES

Share it
Top