കണക്കന്‍കടവിലെ തടയണ പൂര്‍ത്തിയാവുന്നു;അവശേഷിക്കുന്നത് ഉയരം കൂട്ടുന്ന ജോലി

മാള: പെരിയാറില്‍ നിന്നും ചാലക്കുടി പുഴയിലേക്ക് ഉപ്പ് വെളളം കയറുന്നത് തടയാനായി കണക്കന്‍ കടവിനടുത്തുളള കോഴിത്തുരുത്തില്‍ നിര്‍മ്മിക്കുന്ന താല്‍കാലിക തടയണ പൂര്‍ത്തിയാകാറായി. ഇരുകരകളെയും ബന്ധിപ്പിച്ച് ബണ്ട് കെട്ടിയെങ്കിലും ഉയരം കൂട്ടുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. ഉടനെ ബണ്ടിന്റെ ഉയരം കൂട്ടുന്ന ജോലി പൂര്‍ത്തിയാക്കാനാകുമെന്നാണ് ഇറിഗേഷന്‍ വകുപ്പധികൃതര്‍ പറയുന്നത്. ഇതിന് ശേഷം ഇരുവശങ്ങളിലും ഓലവെക്കേണ്ടതുമുണ്ട്. ഡിസംബര്‍ 14 നാണ് ഡ്രഡ്ജര്‍ ഉപയോഗിച്ച് മണല്‍ ബണ്ട് കെട്ടാനാരംഭിച്ചത്. ആവശ്യത്തിന് മണല്‍ ലഭ്യമായതാണ് വേഗത്തില്‍ ബണ്ട് നിര്‍മ്മിക്കാന്‍ സഹായകമായത്. ദിവസേന 10 മുതല്‍ 12  മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിച്ചാണ് ബണ്ട് നിര്‍മ്മിക്കുന്നത്. ഒഴിവ് ദിവസങ്ങളിലെല്ലാം ഡ്രഡ്ജര്‍ പ്രവര്‍ത്തിപ്പിച്ചാണ്് തടയണ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. കണക്കന്‍കടവില്‍ താല്‍കാലിക ബണ്ട് നിര്‍മ്മിക്കുന്നതിന് നേരത്തെ തന്നെ അനുമതി കിട്ടിയെങ്കിലും ഡ്രഡ്ജര്‍ എത്താന്‍ വൈകിയതാണ് തടയണ നിര്‍മ്മാണം നീണ്ടുപോയതിന് ഇടയാക്കിയത്. കണക്കന്‍കടവിലെ ഷട്ടറുകളുടെ ചോര്‍ച്ചയെതുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം മുതല്‍ താല്‍കാലിക ബണ്ട് നിര്‍മ്മിക്കാനാരംഭിച്ചത്. ഷട്ടറുകളുടെ അടിവശത്തുളള കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് പോയതാണ് ചോര്‍ച്ചയ്ക്ക് കാരണം. ഷട്ടറിന്റെ അറ്റകുറ്റപണിക്കായി 4 കോടി രൂപയുടെ അറ്റകുറ്റപണിക്കുളള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അനുമതി കിട്ടിയിട്ടില്ല. പുത്തന്‍വേലിക്കര, കുഴൂര്‍, പൊയ്യ, അന്നമനട, പാറക്കടവ്, കുന്നുകര തുടങ്ങിയ വിവിധ പഞ്ചായത്തുകളിലേക്കുളള കുടിവെളള പദ്ധതികള്‍ ഉള്‍പ്പെടെയുളളവയെ ഉപ്പ് വെളളത്തില്‍ നിന്ന് രക്ഷിക്കാന്‍ ബണ്ട് കെട്ടുന്നതോടെ സാധ്യമാകും.

RELATED STORIES

Share it
Top