കഠ് വ ബലാത്സംഗം:പ്രതികള്‍ക്ക് വീണ്ടും പിന്തുണയുമായി മുന്‍ ബിജെപി മന്ത്രിശ്രീനഗര്‍: കശ്മീരിലെ കഠ് വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി മുന്‍ ബിജെപി മന്ത്രി വീണ്ടും രംഗത്ത്.നേരത്തെ പ്രതികളെ പിന്തുണച്ച്  റാലി നടത്തിയതിന്റെ പേരിലുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന്  മന്ത്രിസഭയില്‍ നിന്നും രാജിവച്ച ലാല്‍ സിങാണ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. പ്രതികളെ പിന്തുണച്ച് ലാല്‍ സിങിന്റെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടത്തി. സംഭവം സിബിഐ അന്വേഷിക്കണമെന്നും പരാതിക്കാരെ നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും പ്രതിഷേധ റാലിയില്‍ ലാല്‍ സിങ് ആവശ്യപ്പെട്ടു. തങ്ങള്‍ നിരപരാധികളാണെന്നും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്നും കേസിലെ എട്ട് പ്രതികള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ലാല്‍ സിങ് വീണ്ടും പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
കഠ് വ പീഡനക്കേസ് പ്രതികള്‍ക്ക് പിന്തുണയുമായി ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തില്‍ നടന്ന റാലിയില്‍ ബിജെപി മന്ത്രിമാരായ ഗംഗയും ലാല്‍ സിങും പങ്കെടുത്തത് വലിയ വിവാദമായിരുന്നു. കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇരുവരും റാലിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് പ്രതിഷേധം രൂക്ഷമായപ്പോള്‍ ഇവര്‍ രാജിവെക്കുകയായിരുന്നു. പിന്നീട് പാര്‍ട്ടി പറഞ്ഞിട്ടാണ് തങ്ങള്‍ പ്രകടനത്തിന് പോയതെന്നും ഇവര്‍ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top