കഠ്‌വ: ഹിന്ദുത്വ നുണപ്രചാരണം

പി എ എം ഹാരിസ്
ജമ്മുവിലെ കഠ്‌വയില്‍ ബാലികയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ജാതി-മതഭേദങ്ങള്‍ക്ക് അതീതമായി മനസ്സാക്ഷിയുള്ള മനുഷ്യരെ ഞെട്ടിച്ചത് ലോകമെങ്ങും തുടരുന്ന പ്രതിഷേധങ്ങളില്‍ നിന്നു വ്യക്തമാണ്. എട്ടു വയസ്സുകാരി ബാലികയെ ഈ വര്‍ഷം ജനുവരിയില്‍ മരുന്നു നല്‍കി മയക്കി തുടര്‍ച്ചയായി ബലാല്‍സംഗം ചെയ്തു, ക്രൂരമായി കൊന്നുവെന്നാണ് ജമ്മു-കശ്മീര്‍ പോലിസിന്റെ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം വെളിപ്പെടുത്തുന്നത്.


ഈ ക്രൂരതയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വര്‍ഗീയ-സാമുദായിക നിറം നല്‍കാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വവാദികള്‍. കേരളത്തില്‍ പോലും ഈ നിഷ്ഠുരതയെ പിന്തുണച്ച് പ്രചാരണം നല്‍കാന്‍ ആളുണ്ടായി. മുഖം നഷ്ടമായ ഹിന്ദുത്വര്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണ പരത്താനുള്ള ആസൂത്രിത ശ്രമത്തിലാണ്. കഠ്‌വയിലെ അഭിഭാഷകര്‍ എന്തുകൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു എന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോഴും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ഒന്ന്. ഇതു ഫേസ്ബുക്കില്‍ ഹിന്ദുത്വരുടെ ശംഖനാദ് എന്ന പേജിലാണ്. ഈ പേജിനു ഫേസ്ബുക്കില്‍ 1.3 മില്യനിലേറെയും ട്വിറ്ററില്‍ 1,74,000 ഫോളോവേഴ്‌സുമുണ്ട്.
ഈ പോസ്റ്റില്‍ പറയുന്നത് മൊത്തം കള്ളമാണെന്ന് കൃത്യമായ മറുപടികളോടെ ഓണ്‍ലൈന്‍ പത്രം ദ്വി ക്വിന്റ് തുറന്നുകാട്ടി. എണ്ണായിരത്തോളം പേര്‍ ഷെയര്‍ ചെയ്തിരുന്ന പോസ്റ്റ് ഇപ്പോള്‍ ശംഖനാദ് പേജിലില്ല. എങ്കിലും വസ്തുതയെന്ന പേരില്‍ ഈ പെരുംനുണകള്‍ ഹിന്ദുത്വര്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. ഏഴു കാര്യങ്ങളില്‍ ഒറ്റയൊന്നുപോലും സത്യമല്ല. ആരോപണങ്ങള്‍ ഓരോന്നായി വിശകലനം ചെയ്ത ദി ക്വിന്റ് അവയിലെ കള്ളത്തരം തുറന്നുകാട്ടി.
കള്ളം 1: പ്രഥമ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് കൊലയെക്കുറിച്ച് മാത്രമേ പറയുന്നുള്ളൂ. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ബലാല്‍സംഗത്തെക്കുറിച്ചല്ല.
തെറ്റ്. ഒന്നിലേറെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയെന്ന ഒരു പരാമര്‍ശവും ദി ക്വിന്റിനു ലഭിച്ച കുറ്റപത്രത്തിലില്ല. ജനുവരി 17ന് ഉച്ച കഴിഞ്ഞ് 2.30ന് കഠ്‌വ ജില്ലാ ആശുപത്രിയിലാണ് എട്ടു വയസ്സുകാരി ബാലികയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
കൊല്ലപ്പെടുന്നതിനു മുമ്പ് ഇര ബലാല്‍സംഗത്തിന്  ഇരയായിട്ടുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി മെഡിക്കല്‍ വിദഗ്ധര്‍ സ്ഥിരീകരിക്കുന്നുവെന്ന് കുറ്റപത്രം പ്രസ്താവിക്കുന്നു. അതിനുമപ്പുറം ഒന്നിലേറെ പ്രതികളാല്‍ ഇര ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്ന് ഇതുസംബന്ധമായ അന്വേഷണങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു.
കള്ളം 2:  എപ്പോഴും ജനത്തിരക്കുള്ള, തെരുവിന്റെ മധ്യത്തിലുള്ള ഒരു ക്ഷേത്രത്തില്‍ ഒരാളെ എട്ടു ദിവസം തടവില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയെന്നത് നടക്കുന്ന കാര്യമല്ല.
തെറ്റ്. ഇപ്പറയുന്നത് പല തലങ്ങളില്‍ തെറ്റാണ്. ഒന്ന്: കുട്ടിയെ എട്ടു ദിവസം തടവില്‍ വച്ചിട്ടില്ല. ആറു ദിവസമാണ് തടവില്‍ വച്ചത്. അവള്‍ക്ക് മരുന്ന് നല്‍കി മയക്കിയിരുന്നു. ജനുവരി 10നാണ് അവിടെ കൊണ്ടുപോയത്. ജനുവരി 15ന് അവളുടെ മൃതദേഹം രണ്ടു പ്രതികള്‍ (ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തവനാണ്) ചേര്‍ന്ന് റസാന വനങ്ങളില്‍ ഉപേക്ഷിച്ചു. രണ്ട്: ബാലികയെ തടവില്‍ വച്ചിരുന്നുവെന്ന് പോലിസ് ആരോപിക്കുന്ന ക്ഷേത്രം/ പ്രാര്‍ഥനാലയം ദി ക്വിന്റ് സന്ദര്‍ശിച്ചിരുന്നു. അത് ജനത്തിരക്കുള്ള ഒരു ക്ഷേത്രമല്ലെന്നു സാക്ഷ്യപ്പെടുത്താനാവും. ക്ഷേത്രം ഒന്നിന്റെയും മധ്യത്തിലല്ല നിലകൊള്ളുന്നത്. അതിനു സമീപം കിലോമീറ്ററുകളോളം ഒരൊറ്റ വീടു പോലുമില്ല. മൂന്ന്: ശംഖ്‌നാദില്‍ നിന്നുള്ള ആരെങ്കിലും ക്ഷേത്രം സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ തെരുവിന്റെ മധ്യത്തിലാണത് നിലകൊള്ളുന്നത് എന്നതുപോലെ തീര്‍ത്തും ശരിയല്ലാത്ത ഒരു കാര്യമെങ്കിലും ഇതിനൊപ്പം ചേര്‍ക്കാതിരിക്കുമായിരുന്നു. ഒരു കുന്നിന്‍മുകളിലാണത്. ഹാളില്‍ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെയുള്ള റസാന ഗ്രാമത്തില്‍ നിന്നു തികച്ചും അത് ഒറ്റപ്പെട്ടാണുള്ളത്. ആ ഗ്രാമത്തിലേക്കുള്ള നടപ്പാത ഒറ്റപ്പെട്ടതാണ്. സഞ്ജിറാമിന്റെ വീട് ഉള്‍പ്പെടെ ചില വീടുകളിലേക്കാണ് അത് എത്തുന്നത്. അതേ പാതയിലാണ് ജനുവരി 17ന് ഇരയുടെ മൃതദേഹം കണ്ടെത്തിയത്. നാല്: പ്രദേശത്തെ മറ്റേതെങ്കിലും ഒരു വ്യക്തി കൂടി ഉള്‍പ്പെടാതിരുന്നത് ക്ഷേത്രം നോക്കിനടത്തിയത് മുഖ്യപ്രതി സഞ്ജിറാം മാത്രമായതിനാലാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
കള്ളം 3:  ബാലികയുടെ ദേഹത്ത് ആ പ്രദേശത്തുള്ളതല്ലാത്ത മണ്ണുണ്ടായിരുന്നു. അവള്‍ മറ്റെവിടെയോ ആണ് കൊല്ലപ്പെട്ടതെന്നു വ്യക്തമാണ്. ക്ഷേത്രപരിസരത്ത് അവളുടെ ശരീരം എറിയുകയായിരുന്നു.
തെറ്റ്. പോലിസ് സമര്‍പ്പിച്ച അന്വേഷണരേഖയില്‍ ഒരുതരം മണ്ണിന്റെയും പരാമര്‍ശമേയില്ല. മറിച്ച്, അതില്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉണ്ടുതാനും. എന്നാല്‍, തങ്ങളുടെ അന്വേഷണത്തില്‍ മണ്ണിനെക്കുറിച്ച് അവര്‍ പരാമര്‍ശിക്കുന്നുമുണ്ട്.
കുറ്റപത്രം ഇങ്ങനെ:
കുറ്റാരോപിതനായ എസ്‌ഐ ദത്തയും തിലക്‌രാജും പരസ്പരം ക്രിമിനല്‍ ഗൂഢാലോചന നടത്തി. ഇതിനു പുറമേ മരണവേളയില്‍ ബാലിക ധരിച്ചിരുന്ന വസ്ത്രങ്ങള്‍ രക്തക്കറകളും ശുക്ലവും മണ്ണും നീക്കുകയെന്ന ഉദ്ദേശ്യത്തോടെ മുഖ്യപ്രതി സഞ്ജിറാം കഴുകിയെന്നും അതിനു ശേഷമാണ് വിദഗ്ധാഭിപ്രായത്തിനായി എഫ്എസ്എല്ലി (ഫോറന്‍സിക് സയന്‍സ് ലബോറട്ടറി)ന് വസ്ത്രം അയച്ചതെന്നും വാമൊഴിയായും ശാസ്ത്രീയമായുമുള്ള തെളിവുകളുടെ ബലത്തില്‍ അന്വേഷണത്തില്‍ സ്ഥിരീകരിച്ചു.
ശംഖനാദത്തിന്റെ പ്രസ്താവനയിലേക്ക് വരുമ്പോള്‍:
പ്രസ്താവനയുടെ ആദ്യ ഭാഗം: ബാലികയുടെ ദേഹത്ത് ആ പ്രദേശത്ത് ഉള്ളതല്ലാത്ത മണ്ണുണ്ടായിരുന്നു.
തെറ്റ്. അവളുടെ മേല്‍ കണ്ട മണ്ണ് ആ പ്രദേശത്ത് കാണപ്പെടുന്ന ഇനമല്ലാത്തതാണെന്ന് കുറ്റപത്രം പറയുന്നില്ല. അതു പറയുന്നത് വസ്ത്രങ്ങള്‍ യഥാര്‍ഥ അവസ്ഥയില്‍ പരിശോധനയ്ക്ക് അയക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടി പോലിസ് ഉദ്യോഗസ്ഥരുമായി സഞ്ജിറാം ഗൂഢാലോചന നടത്തിയെന്നാണ്.
പ്രസ്താവനയുടെ രണ്ടാം ഭാഗം: അവള്‍ മറ്റെവിടെയോ വച്ചാണ് കൊല്ലപ്പെട്ടത്. ക്ഷേത്രപരിസരത്ത് അവളുടെ ദേഹം എറിയുകയായിരുന്നുവെന്നാണ് അതില്‍ നിന്നു വ്യക്തമാകുന്നത്.
തെറ്റ്. അവള്‍ മറ്റെവിടെയോ ആണ് കൊല്ലപ്പെട്ടതെന്നും അവളുടെ ദേഹം ക്ഷേത്രപരിസരത്ത് എറിയുകയായിരുന്നുവെന്നുമുള്ള പ്രസ്താവന അടിസ്ഥാനരഹിതമാണ്. റസാന വനത്തിലാണ് ദേഹം കണ്ടത്, ക്ഷേത്രത്തിലല്ല.
ദേവിസ്ഥാനില്‍ കണ്ടെത്തിയ മുടിനാരുകളിലൊന്ന് ഇരയുടെ ഡിഎന്‍എ പ്രൊഫൈലുമായി യോജിച്ചുപോകുന്നതാണെന്നുകൂടി വിദഗ്ധാഭിപ്രായം അടിസ്ഥാനമാക്കി പോലിസ് കുറ്റപത്രത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവിടെ ഇരയെ തടവിലാക്കിയിരുന്നുവെന്ന് ഇതിലൂടെ സ്ഥിരീകരിക്കുന്നു.
കള്ളം 4:  പ്രദേശത്ത് റോഹിന്‍ഗ്യര്‍ താമസമുറപ്പിക്കുന്നതിനെതിരേ ഗ്രാമീണര്‍ ആശങ്ക പ്രകടിപ്പിച്ചപ്പോള്‍ മുഫ്തി സര്‍ക്കാര്‍ പരിഭ്രമിച്ചു.
തെറ്റ്. അടിസ്ഥാനപരമായ രേഖകളുള്ള റോഹിന്‍ഗ്യരെ ജമ്മുവില്‍ താമസിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ അംഗീകരിച്ചുവെന്നത് ശരി തന്നെ. ഇത് ആരംഭിച്ച അന്നു മുതല്‍ തന്നെ പ്രദേശവാസികള്‍ക്ക് ഇതൊരു പ്രശ്‌നമായിരുന്നു. കഠ്‌വ കേസിനു പുറത്തുള്ള പ്രശ്‌നമാണിത്. ഏതാണ്ട് മൂന്നു വര്‍ഷമായി നിലനില്‍ക്കുന്ന പ്രശ്‌നമായിരിക്കെ ഇപ്പോഴിത് സര്‍ക്കാരിനെ പരിഭ്രാന്തമാക്കാന്‍ മാത്രം ശേഷിയുള്ള ഒരു പ്രശ്‌നമാകുമോ?                        ി

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top