കഠ്‌വ സംഭവം: മാളയില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നാളെ

മാള: ജമ്മു കാശ്മീരിലെ കഠ്വയില്‍ എട്ടു വയസ്സുകാരിയെ തട്ടികൊണ്ടുപോയി ക്ഷേത്ര മുറിയില്‍ തടവിലിട്ട് മാറി മാറി ബലാല്‍സംഘം ചെയ്തു കൊന്ന ദാരുണ സംഭവം ലോകചരിത്രത്തില്‍ സമാനതകളില്ലാത്ത കൊടുംക്രൂരതയാണെന്ന് ജസ്റ്റിസ് ഫോര്‍ കഠ്വാ ഡോട്ടര്‍ സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഈ അതിദാരുണമായതും നിഷ്ഠൂരമായതുമായ കൊലപാതകത്തിനെതിരെ ശനിയാഴ്ച വൈകീട്ട് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിക്കും. മനുഷ്യത്വമില്ലാത്ത മഹാപാതകങ്ങളുടെ നാടായി നമ്മുടെ രാജ്യം മാറികൊണ്ടിരിക്കുന്നു. രാജ്യത്ത് വളര്‍ന്നുവരുന്ന അസിഹിഷ്ണുതയും വംശവിദ്വേഷവും നാം കണ്ടില്ലെന്ന് നടിക്കുമ്പോള്‍ മനുഷ്യനെ മൃഗങ്ങള്‍പോലും ലജ്ജിക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നുവെന്ന് ഈ സംഭവത്തിലൂടെ നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ജമ്മു കാശ്മീരിലെ കഠ്വ ഗ്രാമത്തില്‍ നടന്ന അതിദാരുണമായ കൃത്യം നമ്മുടെ ഹൃദയത്തിലേല്‍പ്പിച്ച നൊമ്പരം കാലത്തിന് മായ്ക്കാന്‍ കഴിയുന്ന ഒന്നല്ല.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ജൂഡീഷ്യറിയും എക്‌സിക്യൂട്ടീവും മിലിട്ടറിയും അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന കാഴ്ചയാണ് സമീപകാലങ്ങളിലായി കാണുന്നത്. ദലിത് പിന്നോക്കവിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ നിരന്തരമായ ഇടപെടലുകള്‍ നടത്തും. എട്ടുവയസ്സുകാരിയുടെ അതിദാരുണമായ അന്ത്യത്തില്‍ നീതി ലഭിക്കുംവരെ പോരാട്ടം തുടരുകയാണ് ലക്ഷ്യം. സംരക്ഷണമില്ലാതെ നിസ്സഹായനായി നില്‍ക്കുന്ന മനുഷ്യര്‍ സ്വയം സംഘടിച്ച് ഈ കൊടുംപാതകത്തിനെതിരെ പൊരുതേണ്ടിയിരിക്കുന്നു. ഈ അക്രമത്തിനെതിരെ നമുക്ക് പ്രതികരികരിക്കാം. പ്രതിഷേധിക്കാം. ഈ നൊമ്പരം നമ്മുടെ നെഞ്ചോട് ചേര്‍ത്തുവെച്ച് ആ കുരുന്നിന് വേണ്ടി കണ്ണീരോടെ പ്രാര്‍ഥിക്കാമെന്നും സമാധാനപരമായി നമക്കൊത്തുകൂടാമെന്നും സംഘാടകര്‍ ആഹ്വാനം ചെയ്തു.
ശനിയാഴ്ച മാളയില്‍ വൈകീട്ട് 4 ന് നടക്കുന്ന പ്രതിഷേധ സംഗമത്തിലും പൊതുസമ്മേളനത്തിലും രണ്ടായിരംപേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കെ എസ് ആര്‍ ടി സിക്ക് സമീപത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനം കെ കെ റോഡിലൂടെ പഞ്ചായത്ത് ബസ് സ്റ്റാന്റിലും പോസ്‌റ്റോഫീസ് റോഡിലൂടെ കടന്ന് ടൗണ്‍ ചുറ്റി മാള ടൗണിലെത്തും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ ബാലചന്ദ്രന്‍ വടക്കേടത്ത് മുഖ്യപ്രഭാഷണം നടത്തുന്ന സമ്മേളനം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രമുഖ സാമൂഹ്യ സാംസ്‌കാരിക, സാമുദായിക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ഭാരവാഹികളായ എ എ അഷറഫ്, സാലി സജീര്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top