കഠ്‌വ: വിചാരണ സ്‌റ്റേ ചെയ്തു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ കഠ്‌വയില്‍ എട്ടു വയസ്സുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണാനടപടികള്‍ അടുത്തമാസം ഏഴുവരെ നിര്‍ത്തിവയ്ക്കാന്‍ സുപ്രിംകോടതി ഉത്തരവ്. സംഭവത്തില്‍ സംസ്ഥാനത്തെ ബിജെപി മന്ത്രിമാരും നേതാക്കളും അഭിഭാഷക സംഘടനയുമടക്കം പ്രതികളെ സംരക്ഷിക്കുന്നതിന് പരസ്യമായി രംഗത്തെത്തിയിരുന്നു.
ഇതേത്തുടര്‍ന്നാണ് കേസിന്റെ വിചാരണ കഠ്‌വ ജില്ലാ കോടതിയില്‍ നിന്ന് ചണ്ഡീഗഡിലേക്ക് മാറ്റണമെന്ന ആവശ്യവുമായി കുട്ടിയുടെ പിതാവ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ അടുത്ത മാസം ഏഴുവരെ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്.
കുട്ടിയുടെ പിതാവിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിങും പ്രതികള്‍ക്കു വേണ്ടി ഹാജരായ ഹര്‍വീന്ദര്‍ ചൗധരിയും തമ്മില്‍ നടന്ന രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി നടപടി. വിചാരണാസ്ഥലം തീരുമാനിക്കാന്‍ കോടതിക്ക് അധികാരമുണ്ടെന്നും ഇരയുടെ കുടുംബത്തിനും പ്രതികളുടെ കുടുംബത്തിനും എത്തിപ്പെടാന്‍ സൗകര്യമുള്ള ചണ്ഡീഗഡിന് മുന്‍ഗണന നല്‍കണമെന്നും ജയ്‌സിങ് ആവശ്യപ്പെട്ടു.
ഇതോടെ, സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടു പ്രതികള്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അതിനാല്‍ വിശദമായി വാദം കേള്‍ക്കുന്നതിന് കേസ് അടുത്തമാസം ഏഴിലേക്ക് മാറ്റുകയാണെന്നും കോടതി വ്യക്തമാക്കുകയായിരുന്നു. ഏഴാം തിയ്യതിക്കകം ആവശ്യമായ സത്യവാങ്മൂലങ്ങള്‍ നല്‍കാന്‍ എല്ലാ കക്ഷികളോടും കോടതി ആവശ്യപ്പെടുകയും ചെയ്തു. സ്വന്തം  പ്രതിനിധി

RELATED STORIES

Share it
Top