കഠ്‌വ ബലാല്‍സംഗക്കൊല: കണ്ണൂര്‍ കടലായ് ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയനപ്രദക്ഷിണം

കണ്ണൂര്‍: കഠ്‌വ ബലാല്‍സംഗക്കൊലയില്‍ ഹിന്ദുമതത്തിന്റെ പശ്ചാത്താപ സൂചകമായി പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിന് ആഹ്വാനം. കെ പി രാമനുണ്ണി, സ്വാമി ധര്‍മചൈതന്യ, സതീശന്‍ തില്ലങ്കേരി എന്നിവര്‍ നേതൃത്വം നല്‍കുന്ന കേരള സംസ്‌കൃതസംഘമാണ് ജൂണ്‍ ഏഴിന് രാവിലെ ഒമ്പതിന് കണ്ണൂര്‍ കടലായ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രായശ്ചിത്ത ശയന പ്രദക്ഷിണത്തിന് ആഹ്വാനം ചെയ്ത് എല്ലാ ഹിന്ദുക്കളെയും ക്ഷണിച്ചിരിക്കുന്നത്.
ദേവസ്ഥാനങ്ങളെ ചിലര്‍ വര്‍ഗീയ വികിരണ കേന്ദ്രങ്ങളും പോര്‍ക്കളങ്ങളും കൊടും കുറ്റകൃത്യങ്ങളുടെ ഒളിത്താവളങ്ങളുമാക്കുന്നതായി ഇതു സംബന്ധിച്ച കെ പി രാമനുണ്ണിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇത്തരം ദുഷ്ടശക്തികള്‍ക്കെതിരേ സ്വന്തം വിശ്വാസത്തട്ടകത്തില്‍ നിന്ന് പ്രതിരോധമുയര്‍ത്തി മാതൃത കാണിക്കേണ്ട കര്‍ത്തവ്യം ഹിന്ദുക്കള്‍ക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം വിശ്വാസാദര്‍ശത്തെ വിഷംതീണ്ടാതെ സൂക്ഷിക്കലും ആരാധനാലയങ്ങളുടെ പരിശുദ്ധമാക്കി സംരക്ഷിക്കലും ഓരോ ഹൈന്ദവന്റെയും ജീവന്മരണപ്രശ്‌നം തന്നെയാണെന്നു കെ പി രാമനുണ്ണി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അങ്ങനെ ചിന്തിക്കുമ്പോഴാണു കഠ്‌വാ ബലാല്‍സംഗക്കൊലയെയും അതു നടത്തിയ ദേവാലയത്തെയും കൊടിയ വേദനയായി ഹിന്ദുക്കള്‍ ഏറ്റെടുക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാകുക. കഠ്‌വാ സംഭവത്തെ ഒന്ന് സ്മരിച്ചുനോക്കൂ. എട്ടു വയസ്സായ മുസ്‌ലിം പെണ്‍കുട്ടിയെ അവിടെ ചില കശ്മലര്‍ ക്ഷേത്രത്തിനകത്തേക്ക് റാഞ്ചിക്കൊണ്ടു പോവുന്നു. ശ്രീകോവിലിനടുത്ത് വച്ച് അവള്‍ നിരന്തരം ബലാല്‍സംഗം ചെയ്യപ്പെടുന്നു. ആ പാപകൃത്യത്തിനു സമാന്തരമായിത്തന്നെ ഹൈന്ദവതയുടെ ഹന്താക്കള്‍ ക്ഷേത്രത്തില്‍ പൂജാഭാസവും നടത്തുന്നു. ദിവസങ്ങള്‍ക്കകം പെണ്‍കുട്ടി ഇഞ്ചിഞ്ചായി കൊല ചെയ്യപ്പെടുന്നു. എട്ടു വയസ്സുകാരിയുടെ ബലാല്‍സംഗക്കൊലയ്‌ക്കൊപ്പം മറ്റൊരു ബലാല്‍സംഗക്കൊലയും കഠ്‌വയിലെ ദേവസ്ഥാനത്ത് വച്ച് നടന്നിട്ടുണ്ടെന്ന് ഓര്‍ക്കുക. പ്രിയരെ, ഹിന്ദുമതത്തിന്റെ ബലാല്‍സംഗക്കൊലയായിരുന്നു അത്. ഈ സാഹചര്യത്തില്‍ ഹൈന്ദവര്‍ക്കിനി തങ്ങളുടെ വിശ്വാസങ്ങളുടെയും ദേവാലയങ്ങളുടെയും സംരക്ഷണ പോരാട്ടം നീട്ടിവയ്ക്കാന്‍ വയ്യ. കഠ്‌വ സംഭവത്തെ നിമിത്തമായിക്കണ്ട് നമുക്കാ ശുദ്ധികലശ ദൗത്യം സമാരംഭിക്കാം. കണ്ണൂര്‍ കടലായ് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍  ജൂണ്‍ ഏഴിന് രാവിലെ ഒമ്പതിന് കേരള സംസ്‌കൃത സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രായശ്ചിത്ത ശയന പ്രദക്ഷിണം നിര്‍വഹിക്കപ്പെടുന്നുണ്ട്. എഴുത്തുകാരും കലാകാരന്‍മാരും ആത്മീയരംഗത്തുള്ളവരും പ്രായശ്ചിത്ത ശയനപ്രദക്ഷിണത്തില്‍ പങ്കെടുക്കുന്നു. നമുക്കും ആചരണം കൊണ്ടോ സാന്നിധ്യം കൊണ്ടോ അതില്‍ പങ്കാളികളാവാം. സ്ത്രീമാനരക്ഷകനും ധര്‍മസംസ്ഥാപകനുമായ ഭഗവാന്‍ ശ്രീകൃഷ്ണന് ശരീരം കൊണ്ടു കാണിക്കയര്‍പ്പിക്കാമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

RELATED STORIES

Share it
Top