കഠ്‌വ: പ്രതിഷേധിച്ച ചിത്രകാരിക്ക് വധഭീഷണി

പട്ടാമ്പി: ജമ്മുകശ്മീരിലെ കഠ്‌വ ജില്ലയില്‍ ക്രൂര പീഡനത്തിനിരയായി കൊലപ്പെട്ട പിഞ്ചുകുഞ്ഞിനോട് അനുഭാവം പ്രകടിപ്പിച്ച് ചിത്രം വരച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ച കലാകാരിക്ക് വധഭീഷണി.
കൊപ്പം പറക്കാട് സ്വദേശിനി ദുര്‍ഗമാലതിക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി ചിത്രരചനയിലൂടെ പ്രതികരിച്ചതിന്റെ ഫലമായി വധഭീഷണി ഉയര്‍ന്നിട്ടുള്ളത്. കൂടാതെ, അശ്ലീലച്ചുവയുള്ള പദപ്രയോഗങ്ങളും ഫോട്ടോ മോര്‍ഫ് ചെയ്ത് അവഹേളിക്കുകയും ചെയ്യുന്നുണ്ട്. പട്ടാമ്പി പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ചിത്രകാരിക്ക് പിന്തുണ നല്‍കി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിനടക്കമുള്ള ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രംഗത്തുള്ളവരും ദുര്‍ഗമാലതിയുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചു. ഈശ്വര വിശ്വാസിയായാണ് ദുര്‍ഗമാലതി. കാലികപ്രസക്തമായ വിഷയങ്ങളെല്ലാം വരകളിലൂടെ ആവിഷ്‌ക്കരിക്കുന്ന ദുര്‍ഗ ആ ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാറുണ്ട്. ഇതിനകം ശ്രദ്ധിക്കപ്പെടുന്ന നിരവധി ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ദുര്‍ഗ വരച്ച ചിത്രം നേരത്തെ ശ്രദ്ധ നേടിയിരുന്നു. തന്നെ അപമാനിച്ചവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് ദുര്‍ഗ മാലതി അറിയിച്ചു.

RELATED STORIES

Share it
Top