കഠ്‌വ: പ്രതികളെ പഞ്ചാബ് ജയിലിലേക്ക് മാറ്റാന്‍ ഉത്തരവ്‌

ന്യൂഡല്‍ഹി: ജമ്മുവിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസിലെ പ്രതികളെ പഞ്ചാബിലെ ഗുര്‍ദാസ്പുര്‍ ജയിലിലേക്കു മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്. പഞ്ചാബിലെ പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയിലാണു കേസിന്റെ വിചാരണ നടക്കുന്നത്. എട്ടാഴ്ചയ്ക്കകം കേസില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ്  അധ്യക്ഷനായ ബെഞ്ച് കശ്മീര്‍ പോലിസിനു നിര്‍ദേശം നല്‍കി.
കേസിന്റെ വിചാരണ രഹസ്യമായി നടത്തണമെന്നും സാക്ഷികളെ വിസ്തരിക്കുമ്പോള്‍ ന്യായാധിപനും ജീവനക്കാര്‍ക്കും പുറമേ, പ്രോസിക്യൂട്ടര്‍മാരും പ്രതികളുടെ ഓരോ അഭിഭാഷകരും മാത്രമേ പാടുള്ളൂവെന്നും കോടതി നിഷ്‌കര്‍ഷിച്ചു. ഇതിനിടെ, പ്രത്യേക സംഘം പീഡിപ്പിക്കുന്നതായി ആരോപിച്ച് പ്രതി പര്‍വേശ് കുമാര്‍ (മന്നു) നല്‍കിയ പരാതി പത്താന്‍കോട്ട് സെഷന്‍സ് കോടതി കശ്മീര്‍ ഡിജിപിക്കു കൈമാറി.

RELATED STORIES

Share it
Top