കഠ്‌വ: ബലാല്‍സംഗം നടന്നത് ക്ഷേത്രത്തില്‍ തന്നെയെന്ന് ഫോറന്‍സിക് തെളിവുകള്‍ന്യൂഡല്‍ഹി: കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചുകൊന്നത് ക്ഷേത്രത്തിനകത്താണെന്നും ഇപ്പോള്‍ പിടിയിലായ പ്രതികള്‍ തന്നെയാണ് സംഭവത്തിനു പിന്നിലെന്നും വ്യക്തമാക്കുന്ന ഫോറന്‍സിക് തെളിവുകള്‍ പുറത്തുവന്നു. ജമ്മു-കശ്മീര്‍ ഡിജിപിയുടെ പ്രത്യേക ആവശ്യപ്രകാരം ഡല്‍ഹിയിലെ അത്യാധുനിക ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും ക്ഷേത്രത്തിനകത്തു നിന്നും ലഭിച്ച തെളിവുകള്‍ പ്രതികളുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്നതാണെന്ന നിര്‍ണായക കണ്ടെത്തല്‍.
പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും പീഡനം നടന്ന ക്ഷേത്രത്തിനകത്തു നിന്നും പോലിസ് ശേഖരിച്ച 14 സാംപിളുകളാണ് ഡല്‍ഹിയിലെ ഫോറന്‍സിക് ലാബില്‍ പരിശോധിച്ചത്. അതിക്രമത്തിനു ശേഷം പ്രതികള്‍ കഴുകിയ കുട്ടിയുടെ വസ്ത്രത്തില്‍ നിന്ന് ലഭിച്ച രക്തം, സ്വകാര്യ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകള്‍, ആന്തരികാവയവങ്ങള്‍, രക്തം കലര്‍ന്ന മണ്ണ്, പീഡനം നടന്ന സ്ഥലത്തെ മണ്ണ് എന്നിവയാണ് പരിശോധനാവിധേയമാക്കിയത്. തെളിവുകള്‍ പ്രതികളുടെ രക്തസാംപിളുകളുമായി ഡിഎന്‍എ പരിശോധനയില്‍ യോജിക്കുന്നതായി വ്യക്തമായി. കൃത്യം നടത്തിയെന്നു കരുതുന്ന ക്ഷേത്രത്തില്‍ നിന്നു കണ്ടെത്തിയ മുടികളും പ്രതികളുടേതുമായി യോജിക്കുന്നുണ്ട്.
മതിയായ ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതെ കേസ് അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍. കഠ്‌വ സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഇപ്പോള്‍ അറസ്റ്റിലായവരല്ല യഥാര്‍ഥ പ്രതികളെന്ന ആരോപണവുമായി ജമ്മു-കശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘപരിവാരം രംഗത്തെത്തിയിരുന്നു. പോലിസ് ഹിന്ദുക്കളെ കേസില്‍ മനപ്പൂര്‍വം കുടുക്കുകയാണെന്നും സിബിഐ അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

RELATED STORIES

Share it
Top